India- Australia Test: പിങ്ക് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി; സ്റ്റാർ പേസർ പുറത്ത്
India- Australia Adelaide Test Updates: സ്റ്റാർ ഓൾ റൗണ്ടർ മിച്ചൽ മാർഷും പരിക്കിന്റെ പിടിയിലായതിനാൽ ബ്യൂ വെബ്‌സ്റ്ററെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
ഓസ്ട്രേലിയ: ബോർഡർ ഗാവസ്‌കർ ട്രോഫിയുടെ ഭാഗമായ അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് തിരിച്ചടി. സ്റ്റാർ പേസർ ജോഷ് ഹേസൽവുഡിന് പരിക്ക് മൂലം രണ്ടാം ടെസ്റ്റ് നഷ്ടമാകും. താരത്തിന്റെ സൈഡ് സ്‌ട്രെയിൻ ഇഞ്ച്വറിയാണ് ആതിഥേയർക്ക് തിരിച്ചടി നൽകിയിരിക്കുന്നത്. അഡ്ലെയ്ഡ് ടെസ്റ്റിൽ ജോഷ് ഹേസൽവുഡ് കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. പെർത്ത് ഇന്ത്യക്കെതിരെ 5 വിക്കറ്റ് വീഴ്ത്തിയ ഹേസൽവുഡിന്റെ അഭാവം ആതിഥേയർക്ക് കനത്ത തിരിച്ചടി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ പിന്നിലായിരുന്ന ഓസീസ് വീണ്ടും ബാക്ക് ഫൂട്ടിലായി.
ഹേസൽവുഡിൻറെ പകരക്കാരെയും ക്രിക്കറ്റ് ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷോൺ ആബട്ട്, ബ്രെണ്ടൻ ഡോഗറ്റ് എന്നിവരെയാണ് രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീമിനൊപ്പം ഹേസൽവുഡ് തുടരുമെന്നും മൂന്നാം ടെസ്റ്റിൽ താരത്തിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വാർത്താക്കുറിപ്പിലൂടെ ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഹേസൽവുഡിന് പകരക്കാരനായി സ്‌കോട്ട് ബോളണ്ട് ഇലവനിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരു വർഷത്തിന് ശേഷമാണ് ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിലേക്ക് ബോളണ്ട് മടങ്ങിയെത്തുന്നത്. സ്റ്റാർ ഓൾ റൗണ്ടർ മിച്ചൽ മാർഷും പരിക്കിന്റെ പിടിയിലായതിനാൽ ബ്യൂ വെബ്‌സ്റ്ററെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
പെർത്ത് ടെസ്റ്റിൽ നായകൻ പാറ്റ് കമ്മിൻസ് നിറം മങ്ങിയപ്പോൾ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ 150 റൺസിലൊതുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമായിരുന്നു ഹേസൽവുഡ്. 29 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യയെ താരം ചെറിയ സ്കോറിൽ ഒതുക്കിയത്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. ഓസീസ് മണ്ണിൽ ഇന്ത്യ 36 ന് പുറത്തായ സമയത്തും എട്ട് റൺസ് മാത്രം വിട്ട് കൊടുത്ത് ജോഷ് ഹേസൽവുഡ് അഞ്ച് വിക്കറ്റ് നേടിയിരുന്നു.
JUST IN: Josh Hazlewood has been ruled out of the day-night Test against India in Adelaide with a side injury ❌
Sean Abbott and Brendan Doggett have been added to Australia’s squad #AUSvIND pic.twitter.com/NqfioszUIw
— ESPNcricinfo (@ESPNcricinfo) November 30, 2024
“>
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ടീം ഇന്ത്യ 295 റൺസിൻറെ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. അഡ്‌ലെയ്ഡിൽ സന്ദർശകർക്കെതിരെ ജയം സ്വന്തമാക്കി പരമ്പരയിൽ ഒപ്പമെത്താമെന്ന ഓസീസ് മോഹങ്ങൾക്ക് തിരിച്ചടിയാണ് ഹേസൽവുഡിൻറെ പരിക്ക്. വിരലിനേറ്റ പരിക്ക് മൂലം ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്ന പരിക്കുമൂലം ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്ന ശുഭ്മാൻ ഗിൽ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം ആരംഭിച്ചത് ടീം ഇന്ത്യക്ക് ആശ്വാസകരമാണ്.