Biju George : ടീം സെലക്ഷനിൽ പക്ഷപാദിത്വമുണ്ടെന്നത് ആരോപണം മാത്രം; കിട്ടുന്ന അവസരം സഞ്ജു മുതലാക്കണം: പരിശീലകൻ ബിജു ജോർജ് സംസാരിക്കുന്നു
Biju George Interview : ഐപിഎലിലും ഡബ്ല്യുപിഎലിലും ഡൽഹി ക്യാപിറ്റൻസിൻ്റെയും മേജർ ലീഗ് ക്രിക്കറ്റിൽ സിയാറ്റിൽ ഓർകാസിൻ്റെയുമൊക്കെ ഫീൽഡിംഗ് പരിശീലകനായ ബിജു ജോർജ് ടിവി9 മലയാളത്തോട് സംസാരിക്കുന്നു. സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അർഹിക്കുന്ന അവസരം ലഭിക്കുന്നില്ലെന്ന ആരോപണങ്ങളിലും ഒരു പരിശീലകനാവാൻ എന്ത് ചെയ്യണമെന്നതിലുമൊക്കെ ബിജു ജോർജ് മറുപടി പറയുന്നു.

ബിജു ജോർജ് എന്ന പേര് ക്രിക്കറ്റ് ആരാധകർന്ന് ഇന്ന് അപരിചിതമല്ല. ഐപിഎലിൽ ഋഷഭ് പന്തിനും റിക്കി പോണ്ടിംഗിനുമൊപ്പം ഡഗൗട്ടിലിരിക്കുന്ന മുഖമാണ് ബിജു ജോർജ്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റ് കോച്ചിംഗ് ആണ് തൻ്റെ കരിയർ എന്ന് മനസിലാക്കി അതിനായി ശ്രമിച്ച് ഇന്ന് ലോകോത്തര താരങ്ങൾക്കടക്കം ഫീൽഡിംഗ് പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നയാളാണ് അദ്ദേഹം. മതിലിൽ കയറിയിരുന്ന് കോച്ചിംഗ് കണ്ട ബാലനിൽ നിന്ന് ബിജു ജോർജ് ഇന്നെത്തിനിൽക്കുന്നത് ക്രിക്കറ്റ് ഫ്രറ്റേണിറ്റിയിലെ ഏറ്റവും മികച്ച ഫീൽഡിംഗ് പരിശീലകരിൽ ഒരാളെന്ന വിലാസത്തിലാണ്. ബിജു ജോർജ് ടിവി9 മലയാളത്തോട് സംസാരിക്കുന്നു.
എക്കണോമിക്സിൽ ബിരുദമുള്ളയാളെങ്ങളെ കോച്ചിംഗിലെത്തി?
കളിക്കണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി, തിരുവനന്തപുരം ജില്ലാ അണ്ടർ 23 ഒക്കെ കളിച്ചിരുന്നു. ചെറുപ്പത്തിൽ തിരുവനന്തപുരത്ത് ദിനേശ് സാറും ശ്രീകുമാർ സാറുമാണ് കോച്ചിംഗ് നടത്തിയിരുന്നത്. കോച്ചിംഗിന് പോകാൻ നിവൃത്തിയില്ല. വീട്ടിൽ സാമ്പത്തികമില്ലായിരുന്നു. 50 രൂപ കൊടുക്കണമായിരുന്നു. അന്ന് അതില്ല. അതുകൊണ്ട് മതിലിന് മുകളിലിരുന്ന് കോച്ചിംഗ് കാണുമായിരുന്നു. അന്നേ തീരുമാനിച്ചതാണ് കോച്ച് ആകണമെന്ന്. അങ്ങനെ 22ആമത്തെ വയസിൽ എൻഐഎസിൽ നിന്ന് കോച്ചിംഗിൻ്റെ ഡിപ്ലോമ പാസായി. അതിന് ശേഷം ബിസിസിഐയുടെ ലെവൽ ത്രീ വരെ ചെയ്തു. കോച്ചിംഗ് കോഴ്സുകൾ ചെയ്യുമ്പോൾ അതിൽ ബാറ്റിംഗ്, ബൗളിംഗ് ഫീൽഡിംഗ് എന്നൊന്നുമില്ല. എല്ലാത്തിനും കൂടെ ഒന്നാണ്, ലെവൽ ത്രീ വരെ. അതിന് ശേഷം സ്പെഷ്യലൈസേഷനും സൂപ്പർ സ്പെഷ്യലൈസേഷനുമുണ്ട്. അപ്പോഴാണ് ഏതിലേക്ക് പോകണമെന്ന് തീരുമാനിക്കുന്നത്. അന്ന് ഞാൻ തിരഞ്ഞെടുത്തത് ഫീൽഡിംഗ് ആയിരുന്നു. പ്രാക്ടിക്കലായിട്ട് ആലോചിച്ചപ്പോ ബാറ്റിംഗോ ബൗളിംഗോ എടുത്താൽ നാളെ വലിയ പേരുകാർ വരും. അതുകൊണ്ട് ഫീൽഡിംഗ് കോച്ച് ആവാമെന്ന് തീരുമാനിക്കുകയായിരുന്നു.
എത്തരത്തിലാണ് വനിതാ ടീമിൻ്റെ ഫീൽഡിംഗ് പരിശീലനം?
ടെക്നിക്കലി പുരുഷ, വനിതാ ടീമുകളുടെ പരിശീലനം ഒരുപോലെയാണ്. പഠിപ്പിക്കുന്ന രീതി വ്യത്യാസമാണ്. റിവേഴ്സ് ട്രെയിനിങ് ആണ് വനിതാ ടീമിന് നൽകുന്നത്. ലാസ്റ്റ് സ്റ്റേജ് തൊട്ട് തിരിച്ച് പഠിപ്പിക്കും. അതാവുമ്പോ അവർ കുറച്ചുകൂടി പെട്ടെന്ന് പഠിക്കും. ഞാൻ കഠിനമായാണ് പരിശീലിപ്പിക്കുക. പുരുഷന്മാർക്ക് നൽകുന്ന അതേ തീവ്രതയിൽ വനിതാ കളിക്കാർക്കും പരിശീലനം നൽകും. ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന സമയത്ത് എനിക്കെതിരെ ചിലർ പരാതിയൊക്കെ പറഞ്ഞിരുന്നു, വലിയ ബുദ്ധിമുട്ടാണെന്ന്. ഈയിടെ ബിസിസിഐയിൽ നിന്ന് ഒരാൾ വിളിച്ചിട്ട് പറഞ്ഞത്, ‘നീയുണ്ടായിരുന്ന സമയത്ത് ഫീൽഡിംഗ് ഒക്കെ നന്നായിരുന്നു. ഇപ്പോൾ മോശമായെന്ന്’. ഡൽഹി ക്യാപിറ്റൽസ് പുരുഷ ടീമിലെ അതേ തീവ്രതയിലാണ് വനിതാ താരങ്ങൾക്കും പരിശീലനം നൽകുന്നത്.
ഐപിഎലിലെ അനുഭവം?
എന്നെ സംബന്ധിച്ച് പദവി നോക്കിയിട്ടില്ല. ചെയ്യുന്ന ജോലിയാണ് നോക്കാറ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ വരുന്ന ഒരു പയ്യന് ഫീൽഡിംഗ് പറഞ്ഞുകൊടുക്കുന്ന അതേ പാഷനിലാണ് ഐപിഎലിലും വർക്ക് ചെയ്യുന്നത്.
സിവിയിലെ രണ്ട് റഫറൻസുകൾ ജാക്കസ് കാലിസും സൈമൻ കാറ്റിച്ചുമാണ്. അവരുമായുള്ള പരിചയമെങ്ങനെയാണ്?
കാലിസുമായുള്ള പരിചയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ അദ്ദേഹം ഹെഡ് കോച്ചായിരുന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. രണ്ട് വർഷം അവിടെ ജോലി ചെയ്തു. അന്ന് അദ്ദേഹം പറഞ്ഞിരുന്നു, റഫറൻസ് വേണമെങ്കിൽ എടുക്കാമെന്ന്. രണ്ട് പേരും നല്ല ആൾക്കാരാണ്. മുകളിലത്തെ ലെവലിൽ ചെല്ലുമ്പോൾ നീ ആരാണ്? എന്ത് ചെയ്തു എന്നുള്ള ചോദ്യമൊന്നുമില്ല. നിങ്ങൾക്കെന്ത് ചെയ്യാനാവും എന്ന് മാത്രമേയുള്ളൂ. ഇപ്പോൾ എംഎൽസിയിൽ വർക്ക് ചെയ്ത സിയാറ്റിൽ ഓർക്കാസിൽ ക്ലാസനുണ്ട്, ഡികോക്കുണ്ട്, ഇമാദ് വാസിം ഉണ്ട്. എന്ത് പറഞ്ഞാലും, ശരി കോച്ച് നമുക്കിത് ചെയ്യാം എന്നാണ് ക്ലാസൻ പറയാറ്. അത്രേയുള്ളൂ. ഇവര് തരുന്ന ഫീഡ്ബാക്ക് വലുതാണ്. റയാൻ റിക്കിൾട്ടൺ എന്നൊരു ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പറുണ്ട്. പുള്ളി ഒരുദിവസം പറഞ്ഞു, തനിക്കൊരു വിക്കറ്റ് കീപ്പിംഗ് സെഷൻ വേണമെന്ന്. മോറിസ് വില്ലയിലെ സെഷൻ കഴിഞ്ഞ് അവൻ പറഞ്ഞത്, ഇങ്ങനെയൊന്ന് ഇതുവരെ ചെയ്തിട്ടില്ല. ഇത് താനൊരിക്കലും മറക്കില്ലെന്നാണ്. അത് കേൾക്കുമ്പോഴൊക്കെ ഒരു സന്തോഷം. അതുപോലെ ഷായ് ഹോപ്പും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. നല്ല മനുഷ്യരാണ് ഷായ് ഹോപ്പും ക്ലാസനുമൊക്കെ. പാകിസ്താൻ താരവും എൻ്റെ കോച്ചിംഗ് ശൈലിയെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞിരുന്നു.
കോച്ചിംഗിലേക്ക് വരാൻ താത്പര്യമുള്ള, ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തവർ ചെയ്യേണ്ടതെന്താണ്?
കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കീഴിൽ കോച്ചിംഗ് ക്ലാസസ് ഉണ്ട്. അതിന് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ലെവൽ ത്രീ വരെ ഉണ്ട്. ഒന്നുകിൽ അത് ചെയ്യാം. അല്ലെങ്കിൽ ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ആറാഴ്ചത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്, ക്രിക്കറ്റിൻ്റെ. അത് ചെയ്യുക. അത് ചെയ്യുമ്പോ കോച്ചിംഗിൻ്റെ അറിവ് കിട്ടും. ജോലി കിട്ടണമെങ്കിൽ ഒന്നുകിൽ സ്വന്തമായി അക്കാദമി തുടങ്ങണം. അല്ലെങ്കിൽ ക്രിക്കറ്റ് അസോസിയേഷനുകളുമായി സഹകരിച്ച് വർക്ക് ചെയ്യണം. ഇപ്പോൾ ഒരുപാട് അവസരങ്ങളുണ്ട്.
കേരള ടീമിനെ ഒരുപാട് പരിശീലിപ്പിച്ചിട്ടില്ലല്ലോ. എന്താണ് അതിന് കാരണം?
കേരളത്തിൽ നിന്ന് ഒരുപാട് പേർ ഗൾഫിൽ പോയി ജോലി ചെയ്യുന്നത് എന്തുകൊണ്ടാണ്? ആഗ്രഹം കൊണ്ടല്ല. അവസരങ്ങളും പണവുമൊക്കെ നോക്കിയാണ്. ഞാനും ഒരു പ്രവാസിയാണ്. എന്തുകൊണ്ട് എന്നെ കേരള ടീം പരിശീലകനാക്കുന്നില്ല എന്നത് അവർ പറയണം. എനിക്കറിയില്ല.
ഋഷഭ് പന്തിൻ്റെ തിരിച്ചുവരവിനെ എങ്ങനെ കാണുന്നു?
ഋഷഭ് പന്ത് ബേസിക്കലി നല്ല സ്ട്രോങ് ആണ്. ഇന്നർ സ്ട്രെങ്ത് ഉണ്ട്. അതുകൊണ്ട് തന്നെ റിക്കവറി എളുപ്പമായി. ട്രെയിനിങിലൊക്കെ ‘കുറച്ചുകൂടി കഠിനമാക്കൂ’ എന്നാണ് പറയാറ്. ചെയ്യുന്ന കാര്യങ്ങൾ വളരെ നന്നായിത്തന്നെ അവൻ ചെയ്യും. അവൻ അന്ന് ബാറ്റ് ചെയ്യാനിറങ്ങിയപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു. പന്തിന് 16, 17 വയസ് മുതൽ അറിയാം. ഇന്ത്യയുടെ അണ്ടർ 19 വിക്കറ്റ് കീപ്പർ ക്യാമ്പ് മുതൽ അറിയാം. പന്ത്, ഉപേന്ദ്ര യാദവ്, സഞ്ജു, ഇഷാൻ കിഷൻ ഇവരൊക്കെയായിരുന്നു ഒരുമിച്ചുണ്ടായിരുന്നത്. അന്ന് മുതലേ അറിയാം.
പോണ്ടിംഗിനൊപ്പമുള്ള അനുഭവം
വളരെ നല്ല മനുഷ്യനാണ്. ആദ്യത്തെ മീറ്റിംഗിൽ തന്നെ, ‘ഡേവിഡ് വാർണർ താങ്കളെപ്പറ്റി പറഞ്ഞിരുന്നു’ എന്ന് പറഞ്ഞു. മുൻപ് വാർണറിനൊപ്പം സൺറൈസേഴ്സിൽ ഞാൻ വർക്ക് ചെയ്തിരുന്നു. ‘നിങ്ങൾ നിങ്ങളുടെ കാര്യം ചെയ്തോളൂ. പ്രത്യേകമായി എന്തെങ്കിലും വേണമെങ്കിൽ പറയാം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഈഗോയൊന്നുമില്ലാത്ത മനുഷ്യനാണ്. നമ്മടെ കാര്യം നമ്മൾ നന്നായി ചെയ്യുക. അത്രേയുള്ളൂ.
സഞ്ജുവിന് ഒരുപാട് അവസരം ലഭിക്കുന്നില്ലെന്ന ആക്ഷേപങ്ങൾ
അതേപ്പറ്റി എന്ത് പറയാനാണ്. അവസരം ലഭിക്കുന്നുണ്ട്. അത് മുതലാക്കണം. അത് എങ്ങനെ പറയും. ഒരു ടീം കോമ്പിനേഷൻ എടുക്കുമ്പോൾ ചിലർക്ക് അവസരം ലഭിക്കില്ല. ചിലപ്പോൾ വലം കൈ- ഇടം കൈ കോമ്പിനേഷനാവും, ചിലപ്പോൾ ബാറ്റിംഗ് ഓർഡർ ആവും, മറ്റ് ചിലപ്പോൾ ഫിനിഷർ റോളാവും നോക്കുക. അതുകൊണ്ടൊക്കെയാവാം. കിട്ടുന്നത് ഒരു അവസരമാണെങ്കിലും അത് മുതലാക്കണം. ടീം സെലക്ഷനിൽ പക്ഷപാദിത്വമുണ്ടെന്നൊക്കെയുള്ള ആരോപണങ്ങൾ വെറുതെയാണ്. ആൾക്കാർക്ക് എന്തും പറയാമല്ലോ. എനിക്ക് അജിത് അഗാർക്കറിനെയൊക്കെ അറിയുന്നതാണ്. അവരൊന്നും അങ്ങനെയുള്ള ആളുകളല്ല. പ്രത്യേകിച്ച് ഇത്ര മാധ്യമശ്രദ്ധയൊക്കെ കിട്ടുമ്പോൾ. സോഷ്യൽ മീഡിയ ഒക്കെ ഉണ്ടല്ലോ. അനർഹരായി ആരും വരുന്നില്ല. ചിലപ്പോൾ അർഹതയുള്ളവർക്ക് അവസരം ലഭിക്കില്ല. തിലക് വർമ, അഭിഷേക് ശർമ തുടങ്ങിയവർക്കൊന്നും അവസരം ലഭിച്ചില്ലല്ലോ.
കേരളത്തിൽ നിന്ന് വനിതാ താരങ്ങളുണ്ടാവുന്നു. പക്ഷേ, പുരുഷതാരങ്ങൾ ഉണ്ടാവുന്നില്ല. അത് എന്തുകൊണ്ടാവും?
വനിതാ താരങ്ങളൊക്കെ അണ്ടർ 23 ദേശീയ ക്യാമ്പിൽ ഒരുമിച്ചുണ്ടായിരുന്നവരാണ്. കേരള വനിതാ ടീം രാജ്യത്തെ ഏറ്റവും മികച്ച നാല് ടീമുകളിൽ ഒന്നാണ്. പുരുഷ ടീം അല്ല. പുരുഷ ടീമിൽ എല്ലാവരും എല്ലാ കളിയും ഒരുമിച്ച് കളിക്കണം. വൈറ്റ് ബോളിൽ കേരളം നല്ല ടീമാണ്. ഒരുമിച്ച് കളിച്ചാൽ കേരളം ഏതെങ്കിലും കിരീടം നേടാൻ പോലും സാധ്യതയുണ്ട്. അങ്ങനെ ജയിച്ചുകഴിഞ്ഞാൽ കൂടുതൽ അവസരങ്ങളുണ്ടാവും. സഞ്ജു അണ്ടർ 19 മുതൽ തുടരെ നന്നായി കളിച്ചതുകൊണ്ടാണ് ഇപ്പോൾ ഐപിഎലിലൊക്കെ സ്ഥിരമായത്. അങ്ങനെ പ്രകടനം നടത്തിയാൽ ടീമിൽ വരും.
കേരളാ ക്രിക്കറ്റിൽ നിന്ന് ഇനി വരാനിടയുള്ള ഒരു നല്ല താരം
കേരളാ ക്രിക്കറ്റുമായി എനിക്കൊരു ബന്ധവുമില്ല. ആരെയും അറിയില്ല.