U 19 Asia Cup: പാകിസ്ഥാനെതിരെ പോരാടിയത് മലയാളി പയ്യന്‍ ആരോണ്‍ വര്‍ഗീസ് മാത്രം; ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍
India U 19 vs Pakistan U 19: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് 241 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 46.1 ഓവറില്‍ 240 റണ്‍സിന് പുറത്തായി. 85 റണ്‍സെടുത്ത മലയാളി താരം ആരോണ്‍ വര്‍ഗീസാണ് ടോപ് സ്‌കോറര്‍. ആരോണ്‍ മാത്രമാണ് അര്‍ധ ശതകം നേടിയത്
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് 241 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 46.1 ഓവറില്‍ 240 റണ്‍സിന് പുറത്തായി. 88 പന്തില്‍ 85 റണ്‍സെടുത്ത മലയാളി താരം ആരോണ്‍ വര്‍ഗീസാണ് ടോപ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ആരോണ്‍ മാത്രമാണ് അര്‍ധ ശതകം നേടിയത്. സൂപ്പര്‍ താരം വൈഭവ് സൂര്യവംശി ഇന്ന് നിരാശപ്പെടുത്തി. ആറു പന്തില്‍ അഞ്ച് റണ്‍സെടുക്കാനെ വൈഭവിന് സാധിച്ചുള്ളൂ.
ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറില്‍ വൈഭവിനെ നഷ്ടമായത് ഇന്ത്യയ്ക്ക് ആഘാതമായി. എന്നാല്‍ രണ്ടാം വിക്കറ്റിലെ ആയുഷ് മാത്രെ-ആരോണ്‍ ജോര്‍ജ് കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് ആശ്വാസമായി. ടി20 ശൈലിയില്‍ ബാറ്റു വീശിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെ 25 പന്തില്‍ 38 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ മാത്രെയും, ആരോണും 49 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് സൃഷ്ടിച്ചത്.
പിന്നീട് വന്ന ബാറ്റര്‍മാരില്‍ പലര്‍ക്കും നിലയുറപ്പിക്കാനായില്ല. വിഹാന്‍ മല്‍ഹോത്ര-16 പന്തില്‍ 12, വേദാന്ത് ത്രിവേദി-22 പന്തില്‍ ഏഴ്, അഭിഗ്യാന്‍ അഭിഷേക് കുന്ദു-32 പന്തില്‍ 22 എന്നിവര്‍ക്ക് അധിക നേരം ക്രീസില്‍ ചെലവഴിക്കാനായില്ല. ഇതിനിടെ ആരോണ്‍ വര്‍ഗീസ് കൂടി പുറത്തായതോടെ 31.3 ഓവറില്‍ ആറു വിക്കറ്റിന് 174 എന്ന നിലയിലായിരുന്നു ഇന്ത്യ.
എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ കനിഷ്‌ക് ചൗഹാന്‍ പുറത്തെടുത്ത ചെറുത്തുനില്‍പ് ഇന്ത്യയ്ക്ക് ആശ്വാസമായി. 46 പന്തില്‍ 46 റണ്‍സാണ് കനിഷ്‌ക് നേടിയത്. ഖിലന്‍ പട്ടേല്‍-15 പന്തില്‍ 6, ഹെനില്‍ പട്ടേല്‍-20 പന്തില്‍ 12, ദീപേഷ് ദേവേന്ദ്രന്‍-അഞ്ച് പന്തില്‍ ഒന്ന്. കിഷന്‍ കുമാര്‍ സിങ്-0 നോട്ടൗട്ട് എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.
പാകിസ്ഥാനു വേണ്ടി മുഹമ്മദ് സയമും, അബ്ദുല്‍ സുബ്ഹാനും മൂന്ന് വിക്കറ്റ് വീതവും, നിഖാബ് ഷഫീഖ് രണ്ട് വിക്കറ്റും, അലി റാസയും, അഹമ്മദ് ഹുസൈനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ആരാണ് ആരോണ്‍?
മാവേലിക്കര സ്വദേശി ഈശോ വര്‍ഗീസിന്റെയും, കോട്ടയം സ്വദേശി പ്രീതിയുടെയും മകനാണ് ആരോണ്‍. ജനിച്ചത് കേരളത്തിലാണെങ്കിലും ആരോണ്‍ വളര്‍ന്നത് ഹൈദരാബാദിലാണ്. അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിലും ആരോണ്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. യുഎഇയ്‌ക്കെതിരെ 73 പന്തില്‍ 69 റണ്‍സാണ് ആരോണ്‍ നേടിയത്.