Sydney Shooting: സിഡ്‌നി വിറച്ചു; ജൂത ആഘോഷത്തിനിടെ നടന്ന കൂട്ട വെടിവയ്പില്‍ 11 മരണം; അക്രമികളില്‍ ഒരാള്‍ പാക് വംശജന്‍ ?
Sydney Bondi Beach Shooting: സിഡ്‌നിയില്‍ ജൂത ആഘോഷത്തിനിടെ നടന്ന വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ ഒരാളടക്കമാണ് 11 മരണം സ്ഥിരീകരിച്ചത്
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ജൂത ആഘോഷത്തിനിടെ നടന്ന വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ ഒരാളടക്കമാണ് 11 മരണം സ്ഥിരീകരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സിഡ്‌നിയിലെ ബോണ്ടി ബീച്ചിലാണ് സംഭവം. ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രണ്ട് പേരാണ് ആക്രമണം നടത്തിയത്.രണ്ടാമന്‍ ഗുരുതരാവസ്ഥയിലാണ്. വെടിവയ്പ് നടത്തിയ ഒരാള്‍ നവീദ് അക്രം എന്ന യുവാവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 24കാരനായ ഇയാള്‍ സിഡ്‌നിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തുള്ള ബോണിറിഗിൽ നിന്നുള്ളയാളാണ്. പാക് വംശജനാണെന്നാണ് സൂചന.
നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു. ബോണ്ടിയിലെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.
എട്ട് ദിവസത്തെ ജൂത ഉത്സവമായ ഹനുക്കയുടെ ആഘോഷത്തിനിടെയാണ് വെടിവയ്പ്പ് നടന്നത്. നിരവധി പേര്‍ ബീച്ചില്‍ ഒത്തുകൂടിയിരുന്നു. വൈകുന്നേരം 6.30ന് ശേഷമാണ് വെടിവയ്പ് ആരംഭിച്ചതെന്ന് സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
വെടിവയ്പുകാർ കുട്ടികളെയും പ്രായമായവരെയും ലക്ഷ്യം വച്ചെന്ന് ദൃക്‌സാക്ഷികള്‍ ഹെറാള്‍ഡിനോട് പ്രതികരിച്ചു. സംഭവസ്ഥലത്തേക്ക് വരരുതെന്ന് പൊലീസ് പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.
അപലപിച്ച് മോദി
ബോണ്ടി ബീച്ചിൽ ഇന്ന് നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളെ ഇന്ത്യന്‍ ജനതയുടെ പേരില്‍ അനുശോചനം അറിയിക്കുന്നുവെന്ന് മോദി പറഞ്ഞു. ഓസ്‌ട്രേലിയയിലെ ജനങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഭീകരതയോട് ഇന്ത്യ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല. തീവ്രവാദത്തിത്തിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും മോദി പറഞ്ഞു.
Strongly condemn the ghastly terrorist attack carried out today at Bondi Beach, Australia, targeting people celebrating the first day of the Jewish festival of Hanukkah. On behalf of the people of India, I extend my sincere condolences to the families who lost their loved ones.…
— Narendra Modi (@narendramodi) December 14, 2025