T20 World Cup 2026: ഇനി പോരാട്ടം വാങ്കഡെയില്‍; സഞ്ജു നേരിടേണ്ടത് ജോസേട്ടന്റെ ടീമിനെ; ഫൈനലിലേക്ക് ഒരു വിജയദൂരം മാത്രം
T20 World Cup 2026 Semi-Final: മാര്‍ച്ച് അഞ്ചിന് നടക്കുന്ന സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ തോറ്റത്.
കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് മാര്‍ച്ച് നാലിന് തുടക്കം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയും, ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു വിജയം. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളില്‍ മൂന്നിലും കീവിസ് ജയിച്ചിരുന്നു. സൂപ്പര്‍ എട്ടില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചത് കീവിസിന് തിരിച്ചടിയായി. എന്നാല്‍ പിന്നീട് നടന്ന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച് വിജയവഴിയിലെത്തി. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും മികച്ച റണ്‍ റേറ്റിന്റെ പിന്‍ബലത്തില്‍ പാകിസ്ഥാനെ പിന്തള്ളി കീവിസ് സെമിയിലെത്തുകയായിരുന്നു.
സന്നാഹ മത്സരത്തില്‍ മാത്രമാണ് ദക്ഷിണാഫ്രിക്ക തോല്‍വിയറിഞ്ഞത്. സന്നാഹത്തില്‍ ഇന്ത്യയോട് 30 റണ്‍സിനാണ് തോറ്റത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെയും, സൂപ്പര്‍ എട്ടിലെയും എല്ലാ മത്സരങ്ങളിലും പ്രോട്ടീസ് ജയിച്ചു. ഗ്രൂപ്പ് പോരില്‍ അഫ്ഗാനോട് സമനില വഴങ്ങിയെങ്കിലും സൂപ്പര്‍ ഓവറില്‍ ജയിച്ചുകയറി. സൂപ്പര്‍ എട്ടില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ തോല്‍പിക്കുകയും ചെയ്തു.
Also Read: Sanju Samson: കണ്ടടോ ഞാനാ വിന്റേജ് സഞ്ജുവിനെ; ആ ഫോറുകള്‍ക്ക് നൂറില്‍ 100 മാര്‍ക്ക്
മാര്‍ച്ച് അഞ്ചിന് നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ തോറ്റത്. എന്നാല്‍ അത്ര മികച്ചതായിരുന്നില്ല ഇംഗ്ലണ്ടിന്റെ പ്രകടനം.
ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് മാത്രമാണ് തോറ്റത്. എന്നാല്‍, നേപ്പാളിനോട് കഷ്ടിച്ചാണ് ജയിച്ചത്. ഇറ്റലിയും ഇംഗ്ലണ്ടിനെ വിറപ്പിച്ചതിന് ശേഷമാണ് കീഴടങ്ങിയത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. സീനിയര്‍ താരങ്ങളായ ഫില്‍ സാള്‍ട്ടിന്റെയും, ജോസ് ബട്ട്‌ലറുടെയും ഫോം ഔട്ടാണ് തിരിച്ചടി. രണ്ട് സെമി ഫൈനല്‍ പോരാട്ടങ്ങളും രാത്രി ഏഴിന് ആരംഭിക്കും.