Women’s World Cup 2025: വനിതാ ക്രിക്കറ്റിലും പാകിസ്ഥാന് രക്ഷയില്ല; ബംഗ്ലാദേശിനോട് നാണംകെട്ട തോല്‍വി
Bangladesh W vs Pakistan W: പാകിസ്ഥാന് തോല്‍വിയോടെ തുടക്കം. ബംഗ്ലാദേശാണ് പാകിസ്ഥാനെ നാണംകെടുത്തിയത്. എട്ട് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ വെറും 129 റണ്‍സിന് ഓള്‍ ഔട്ടായി
കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് തോല്‍വിയോടെ തുടക്കം. ബംഗ്ലാദേശാണ് പാകിസ്ഥാനെ നാണംകെടുത്തിയത്. എട്ട് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ വെറും 129 റണ്‍സിന് ഓള്‍ ഔട്ടായി. ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. സ്‌കോര്‍: പാകിസ്ഥാന്‍: 38.3 ഓവറില്‍ 129ന് പുറത്ത്, ബംഗ്ലാദേശ് 31.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 131.
ആദ്യ ഓവറില്‍ തന്നെ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടമായി ഓപ്പണര്‍മാരായ ഒമൈമ സുഹൈലിനെയും, വണ്‍ ഡൗണായെത്തിയ സിദ്ര അമീനെയും മറൂഫ് അക്തര്‍ പൂജ്യത്തിന് പുറത്താക്കി. രണ്ട് വിക്കറ്റിന് രണ്ട് എന്ന നിലയില്‍ തകര്‍ന്ന പാകിസ്ഥാനായി മൂന്നാം വിക്കറ്റില്‍ മുനീബ അലിയും, റമീം ഷമീമും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. 42 റണ്‍സിന്റെ ഭേദപ്പെട്ട പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്താന്‍ ഇരുവര്‍ക്കും സാധിച്ചു.
എന്നാല്‍ 12, 14 ഓവറുകളില്‍ ഇരുവരെയും വീഴ്ത്തി നഹീദ അക്തര്‍ പാകിസ്ഥാനെ ഞെട്ടിച്ചു. പിന്നീട് വന്ന ബാറ്റര്‍മാരെയും അധികം നേരം ക്രീസില്‍ തുടരാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ അനുവദിച്ചില്ല. അലിയ റിയാസ്-13, സിദ്ര നവാസ്-15, ഫാത്തിമ സന-22, നടാലിയ പര്‍വൈസ്-9, ദിയാന ബെയ്ഗ്-16 നോട്ടൗട്ട്, നഷ്ര സന്ധു-1, സാദിയ ഇഖ്ബാല്‍-4 എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റര്‍മാരുടെ പ്രകടനം.
ബംഗ്ലാദേശിനായി ഷൊര്‍ണ അക്തര്‍ മൂന്ന് വിക്കറ്റും, മറൂഫ അക്തറും, നഹിദ അക്തറും രണ്ട് വിക്കറ്റ് വീതവും, നിഷിത അക്തറും, ഫഹിമ ഖതൂനും, റബേയ ഖതുനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനും തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായി. 17 പന്തില്‍ രണ്ട് റണ്‍സെടുത്ത ഫര്‍ഗാന ഹോഖിനെയാണ് ആദ്യം നഷ്ടമായത്. പിന്നാലെ ഷര്‍മിന്‍ അക്തര്‍ (10), നിഗര്‍ സുല്‍ത്താന (23) എന്നിവരെയും പിന്നാലെ നഷ്ടമായി. എന്നാല്‍ പുറത്താകാതെ നിന്ന റുബ്യ ഹെയ്ദറും-54, ശോഭന മൊസ്താരി-24 നോട്ടൗട്ട് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു.