Asia Cup 2025: ഹാരിസ് റൗഫിൻ്റെ ജെറ്റ് സെലബ്രേഷന് അർഷ്ദീപിൻ്റെ മറുപടി; വിഡിയോ വൈറൽ
Arshdeep Singh vs Haris Rauf: ഹാരിസ് റൗഫിനുള്ള അർഷ്ദീപ് സിംഗിൻ്റെ മറുപടി വൈറൽ. വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

ഹാരിസ് റൗഫ്, അർഷ്ദീപ് സിംഗ്
പാക് പേസർ ഹാരിസ് റൗഫിൻ്റെ ജെറ്റ് സെലബ്രേഷന് മറുപടിയുമായി അർഷ്ദീപ് സിംഗ്. ഫീൽഡ് ചെയ്യുന്നതിനിടെ ആരാധകർക്ക് നേരെ ജെറ്റ് സെലബ്രേഷൻ കാണിച്ച ഹാരിസ് റൗഫിന് മത്സരത്തിന് ശേഷമാണ് അർഷ്ദീപ് മറുപടി നൽകിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഗ്യാലറിയിൽ നിന്ന് ‘കോലി, കോലി’ എന്ന ആരവമുയർന്നതോടെയായിരുന്നു ഹാരിസ് റൗഫിൻ്റെ വിവാദ സെലബ്രേഷൻ. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്താൻ്റെ അവകാശവാദത്തെയാണ് റൗഫ് ഈ സെലബ്രേഷനിലൂടെ കാണിച്ചത്. ഇതിന് ശേഷം ‘ആറ്’ എന്ന് കൈ കൊണ്ട് അദ്ദേഹം ആംഗ്യം കാണിക്കുകയും ചെയ്തു. ഇതിന് മറുപടിയായി ജെറ്റ് സെലബ്രേഷൻ തന്നെ കാണിച്ച അർഷ്ദീപ് ജെറ്റ് നിലത്തേക്ക് പതിക്കുന്നതിന് പകരം അശ്ലീല ആംഗ്യമാണ് കാണിച്ചത്.
പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ആറ് വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് ആണ് നേടിയത്. 58 റൺസ് നേടിയ ഷഹിബ്സാദ ഫർഹാൻ പാകിസ്താൻ്റെ ടോപ്പ് സ്കോറർ ആയി. ഇന്ത്യൻ നിരയിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ശിവം ദുബെയാണ് തിളങ്ങിയത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യ അനായാസം കുതിച്ചു. അഭിഷേക് ശർമ്മയും ശുഭ്മൻ ഗില്ലും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തന്നെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചിരുന്നു. മികവിൽ ഇന്ത്യ വിജയത്തിലെത്തി. അഭിഷേക് ശർമ്മ 39 പന്തിൽ 74 റൺസ് നേടിയും ശുഭ്മൻ ഗിൽ 28 പന്തിൽ 47 റൺസ് നേടിയും പുറത്തായി. 19 പന്തിൽ 30 റൺസ് നേടി പുറത്താവാതെ നിന്ന തിലക് വർമ്മ ഏഴ് പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. പാകിസ്താനായി ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.
വൈറൽ വിഡിയോ
CHAD ARSHDEEP SINGH BRUTALLY COOKED HARIS RAUF 😭🔥!! pic.twitter.com/rYYQRDH2u9
— 𝐉𝐨𝐝 𝐈𝐧𝐬𝐚𝐧𝐞 (@jod_insane) September 23, 2025