Asia Cup 2025: പാകിസ്താൻ ഇന്ത്യയുടെ ആറ് വിമാനങ്ങൾ വെടിവെച്ചിട്ടോ?; പാക് താരങ്ങളുടെ അവകാശവാദത്തിലെ സത്യം അറിയാം
Truth Behind Plak Players Six Gesture: പാക് താരങ്ങളുടെ ആറ് എന്ന ആംഗ്യത്തിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ? ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ പാകിസ്താൻ വെടിവെച്ചിട്ടോ? പരിശോധിക്കാം.
ഇന്ത്യ – പാകിസ്താൻ മത്സരം മറ്റൊരു തലത്തിലേക്ക് പോവുകയാണ്. മുൻപും ഒരു സെൻസിറ്റീവ് മത്സരം തന്നെ ആയിരുന്നെങ്കിലും ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഹസ്തദാന വിവാദത്തിന് ശേഷം ഇത് പലതരത്തിൽ അതിവൈകാരികമായി. പ്രത്യേകിച്ചും പാക് താരങ്ങൾ ഇന്ത്യയുടെ നിലപാടിനെ വളരെ അപക്വമായാണ് സമീപിച്ചത്. ഇതിൻ്റെ ഒരു ഉദാഹരണമാണ് പാക് താരങ്ങൾ കാണിക്കുന്ന ആറ് എന്ന ആംഗ്യം. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങളെ പാകിസ്താൻ വെടിവെച്ചിട്ടു എന്ന അവകാശവാദമാണ് ഇത്. ശരിക്കും ഇതിൽ സത്യമുണ്ടോ?
പാക് കായികതാരങ്ങളുടെ ആഘോഷം
ഏഷ്യാ കപ്പിനിടെ പാക് പേസറായ ഹാരിസ് റൗഫ് ആറ് എന്ന ആംഗ്യവും വിമാനം വെടിവച്ച് നിലത്തുവീഴുന്ന ആംഗ്യവും കാണിച്ചിരുന്നു. ഫിഫ്റ്റിയടിച്ച സഹിബ്സാദ ഫർഹാൻ കാണിച്ചത് എകെ 47 ആഘോഷമാണ്. ഇന്ത്യക്കെതിരായ അണ്ടർ 17 സാഫ് ചാമ്പ്യൻഷിപ്പിൽ ഗോളടിച്ച് പാക് താരങ്ങൾ ചായ കുടിക്കുന്നതിൻ്റെയും ആറ് എന്നതിൻ്റെയും ആംഗ്യം കാണിച്ചു. ഒടുവിൽ കളി ഇന്ത്യ 3-2ന് വിജയിച്ചു. പാക് വനിതാ താരങ്ങളായ നഷ്റ സന്ധുവും സിദ്ര അമീനും ദക്ഷിണാഫ്രിക്കക്കെതിരായ മത്സരവിജയത്തിന് ശേഷം ഈ ആംഗ്യം കാണിച്ചിരുന്നു. പരമ്പര ദക്ഷിണാഫ്രിക്കയാണ് വിജയിച്ചത്.
പാക് വാദങ്ങൾ
പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ് ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ആദ്യം അവകാശവാദം ഉന്നയിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ നടത്തിയ പ്രത്യാക്രമണത്തിൽ നാല് റഫാൽ ജെറ്റുകൾ ഉൾപ്പെടെ വെടിവെച്ചിട്ടു എന്നായിരുന്നു അവകാശവാദം. എന്നാൽ, ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ നൽകാൻ ഷഹബാസ് ഷരീഫിന് സാധിച്ചില്ല. പാക് സൈന്യം അവകാശപ്പെട്ടത് മൂന്ന് റഫാൽ അടക്കം അഞ്ച് വിമാനങ്ങൾ വെടിവെച്ചിട്ടു എന്നാണ്.
ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു എന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫും അവകാശപ്പെട്ടു. സിഎൻഎൻ ചാനൽ ചർച്ചക്കിടെയായിരുന്നു അവകാശവാദം. അവതാരകൻ തെളിവ് ചോദിച്ചപ്പോൾ സമൂഹമാധ്യമങ്ങളിലൊക്കെ ഉണ്ടല്ലോ എന്ന വിചിത്രവാദമാണ് ആസിഫ് മുന്നോട്ടുവച്ചത്. ഇന്ത്യൻ സോഷ്യൽ മീഡിയയിലും ഉണ്ട്. വിമാനം തകർന്ന് കശ്മീരിൽ വീഴുന്ന ചിത്രങ്ങളുണ്ടല്ലോ എന്ന് പറഞ്ഞ ആസിഫിനെ അന്ന് തന്നെ സോഷ്യൽ മീഡിയ തിരുത്തിയിരുന്നു. അത് പഴയ ചിത്രങ്ങളാണ്.
Also Read: Asia Cup 2025: “ആ ‘എൽ’ ആഘോഷത്തിൻ്റെ അർത്ഥമെന്താണ്?”; ഒടുവിൽ സത്യം വെളിപ്പെടുത്തി അഭിഷേക് ശർമ്മ
ഇന്ത്യയുടെ മറുപടി
ആസിഫിൻ്റെ വാദങ്ങളെ തള്ളി ഇന്ത്യയുടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും രംഗത്തുവന്നിരുന്നു. പഴയ ചിത്രമാണ് പ്രചരിക്കുന്നതെന്നും ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ വെടിവെച്ചിട്ട വിമാനമല്ല ഇതെന്നും പിഐബി ഫാക്ട്ചെക്ക് ടീം പറഞ്ഞു. 2021ൽ പഞ്ചാബിൽ തകർന്നുവീണ വിമാനത്തിൻ്റെ ദൃശ്യമാണ് ഇതെന്നും പിഐബി വിശദീകരിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യൻ സൈന്യം നടത്തിയ ബ്രീഫിങിൽ യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു. യുദ്ധത്തിൽ നഷ്ടങ്ങൾ സാധാരണയാണെന്ന് പറഞ്ഞ സൈന്യം ആറ് വിമാനങ്ങൾ തകർത്തെന്ന പാക് വാദം തള്ളി. എല്ലാ പൈലറ്റുമാരും തിരികെയെത്തി എന്നും സൈന്യം വ്യക്തമാക്കി.
റഫാൽ നിർമാതാക്കളായ ദസോൾട്ട് ഏവിയേഷൻ്റെ വിശദീകരണം
ദസോൾട്ട് ഏവിയേഷൻ്റെ ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയർ പറഞ്ഞത് പാകിസ്താൻ്റെ അവകാശവാദങ്ങൾ പൂർണമായും തെറ്റാണെന്നാണ്. മൂന്ന് റഫാൽ വെടിവെച്ചിട്ടു എന്ന പാകിസ്താൻ്റെ അവകാശവാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്
ഫ്രഞ്ച് രഹസ്യാന്വേഷണ സംഘത്തിലെ അംഗം സിഎൻഎനോട് പറഞ്ഞത്, ഒരു റഫാൽ പാകിസ്താൻ വെടിവെച്ചിട്ടു എന്നും റോയിട്ടേഴ്സിനോട് ഒരു അമേരിക്കൻ പ്രതിനിധി പറഞ്ഞത് ഒരു റഫാൽ അടക്കം രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങളെ പാകിസ്താൻ വെടിവെച്ചിട്ടു എന്നുമാണ്. അവിടെയും ആറ് വിമാനങ്ങൾ എന്ന പാക് വാദത്തെ ഇരുവരും ശരിവെക്കുന്നില്ല.
അതായത്, വിമാനങ്ങൾ നഷ്ടപ്പെട്ടു എന്ന് ഇന്ത്യൻ സൈന്യം സമ്മതിക്കുമ്പോൾ തന്നെ ആറ് യുദ്ധവിമാനങ്ങൾ തകർത്തു എന്ന പാക് താരങ്ങളുടെ വാദം പൂർണമായും തെറ്റാണ്.