Asia Cup 2025: പൊരുതിക്കളിച്ച ഹോങ്കോങിനെ അനായാസം വീഴ്ത്തി ബംഗ്ലാദേശ്; ജയം ഏഴ് വിക്കറ്റിന്
Bangladesh Wins Against Hong Kong: ഹോങ്കോങിനെതിരെ അനായാസ വിജയവുമായി ബംഗ്ലാദേശ്. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശിൻ്റെ ജയം.
ഏഷ്യാ അകപ്പിൽ ഹോങ്കോങിനെ വീഴ്ത്തി ബംഗ്ലാദേശ്. ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 143 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 18ആം ഓവറിൽ ഏഴ് വിക്കറ്റ് ബാക്കിനിർത്തി വിജയിച്ചു.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ കളിയെക്കാൾ പോരാട്ടവീര്യം പുറത്തെടുത്ത ഹോങ്കോങിനെതിരെ ബംഗ്ലാദേശിൻ്റെ തുടക്കം നല്ലതായിരുന്നില്ല. പർവീസ് ഹുസൈൻ എമോൺ (19), തൻസീദ് ഹസൻ തമീം (14) എന്നിവർ വേഗം മടങ്ങി. മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റൻ ലിറ്റൺ ദാസും തൗഹീദ് ഹൃദോയും ചേർന്ന കൂട്ടുകെട്ടാണ് ബംഗ്ലാദേശിന് വിജയമുറപ്പിച്ചത്. ലിറ്റൺ ദാസ് മാത്രമാണ് ബംഗ്ലാ നിരയിൽ ആക്രമിച്ച് കളിച്ചത്. 33 പന്തിൽ ഫിഫ്റ്റി തികച്ച താരം 39 പന്തിൽ 59 റൺസെടുത്ത് മടങ്ങി. രണ്ട് റൺസാണ് അപ്പോൾ വിജയിക്കാൻ വേണ്ടിയിരുന്നത്. 36 പന്തിൽ 35 റൺസുമായി തൗഹീദ് ഹൃദോയ് ക്രീസിൽ തുടർന്നു. ഹോങ്കോങിനായി അതീഖ് ഇഖ്ബാൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
Also Read: Asia Cup 2025: ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തി ഹോങ്കോങ്; ബംഗ്ലാദേശിന് 144 റൺസ് വിജയലക്ഷ്യം
ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങിനായി നിസാഖത് ഖാൻ (42) ടോപ്പ് സ്കോറർ ആയപ്പോൾ സീഷൻ അലിയും (30) മികച്ച സംഭാവന നൽകി. 19 പന്തിൽ 28 റൺസ് നേടിയ ക്യാപ്റ്റൻ യാസിം മുർതാസയാണ് ഹോങ്കോങിനെ മാന്യമായ സ്കോറിലെത്തിച്ചത്. ടാസ്കിൻ അഹ്മദ്, തൻസിം ഹസൻ സാകിബ്, റിഷാദ് ഹുസൈൻ എന്നിവർ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ന് ഏഷ്യാ കപ്പിൽ പാകിസ്താനും ഒമാനും തമ്മിലാണ് മത്സരം.