Asia Cup 2025: ഗില്‍ മുതല്‍ സായ് വരെ, ഏഷ്യാ കപ്പ് ടീമിലേക്ക് ഉറ്റുനോക്കി താരങ്ങള്‍; സഞ്ജുവിന് എതിരാളി ‘ഒരാള്‍’ മാത്രം
Asia Cup 2025 Indian Team Selection: ആറ് മാസം മാത്രം അകലെയുള്ള ടി20 ലോകകപ്പ് മനസ്സിൽ വെച്ചുകൊണ്ടാകും സെലക്ടര്‍മാര്‍ ഓപ്ഷനുകള്‍ വിലയിരുത്തുകയെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഐപിഎല്ലില്‍ പരിക്ക് മൂലം പല മത്സരങ്ങളും കളിക്കാന്‍ സാധിക്കാത്തത് സഞ്ജുവിന് തിരിച്ചടിയാകുമോയെന്നാണ് ആരാധകരുടെ ആശങ്ക

സഞ്ജു സാംസണ്‍
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് മൂന്നാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മികച്ച ഫോമില്‍ നിരവധി താരങ്ങളുണ്ടെന്നതിനാല്‍ ടീം തിരഞ്ഞെടുപ്പാണ് സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുള്ള തലവേദന. സെപ്റ്റംബർ 9 ന് യുഎഇയിൽ ഏഷ്യാ കപ്പ് ആരംഭിക്കും. സൂര്യകുമാര്‍ യാദവ് തന്നെയാകും ക്യാപ്റ്റനെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ സ്‌പോര്‍ട്‌സ് ഹെര്‍ണിയയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം. നിശ്ചിത സമയപരിധിക്കുള്ളില്‍ കായികക്ഷമത വീണ്ടെടുക്കാനായാല്‍ മാത്രമേ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തൂ. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ബാക്കപ്പ് ക്യാപ്റ്റനെയും കണ്ടെത്തേണ്ടതുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അക്‌സര്‍ പട്ടേലായിരുന്നു വൈസ് ക്യാപ്റ്റന്‍. എന്നാല്‍ ഇത്തവണ ശുഭ്മന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്താനാണ് സാധ്യത. അതുകൊണ്ട് ഏഷ്യാ കപ്പില്‍ ഗില്‍ വൈസ് ക്യാപ്റ്റനായേക്കും. സൂര്യയ്ക്ക് കായികക്ഷമത വീണ്ടെടുക്കാനായില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ ഗില്‍ ഇന്ത്യന്‍ ടീമിനെ നയിക്കും.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഓറഞ്ച് ക്യാപ് ജേതാവായ സായ് സുദര്‍ശന്‍ ഏഷ്യാ കപ്പ് ടീമിലിടം നേടാന്‍ സാധ്യതയുണ്ട്. ഇതിന് മുമ്പ് നടന്ന ടി20 പരമ്പരകളില്‍ അഭിഷേക് ശര്‍മയും, സഞ്ജു സാംസണുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ലഭിച്ച അവസരങ്ങളില്‍ ഇരുവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു.
ഇരുവര്‍ക്കും പുറമെ യശ്വസി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരെയും കൂടി കണക്കിലെടുക്കുമ്പോള്‍ ഓപ്പണിങ് സ്ഥാനത്തേക്ക് മാത്രം അഞ്ച് ഓപ്ഷനുകളാണ് ബിസിസിഐയുടെ മുന്നിലുള്ളത്. ഇതാണ് സെലക്ഷന്‍ കമ്മിറ്റി നേരിടുന്ന പ്രധാന പ്രതിസന്ധി.
ഐപിഎല്ലില്‍ പരിക്ക് മൂലം പല മത്സരങ്ങളും കളിക്കാന്‍ സാധിക്കാത്തത് സഞ്ജുവിന് തിരിച്ചടിയാകുമോയെന്നാണ് ആരാധകരുടെ ആശങ്ക. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ താരത്തിന് തിളങ്ങാനും സാധിച്ചിരുന്നില്ല. വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് കെഎല്‍ രാഹുലും സഞ്ജുവിന് ‘ഭീഷണി’യായുണ്ട്. പരിക്ക് മൂലം ഋഷഭ് പന്തിനെ ഏഷ്യാ കപ്പിലേക്ക് പരിഗണിക്കില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ രാഹുലും സഞ്ജുവും തമ്മിലാകും വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്കുള്ള പ്രധാന മത്സരം.
ജിതേഷ് ശര്‍മ, ധ്രുവ് ജൂറല്‍, ഇഷാന്‍ കിഷന്‍, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരും വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് നേരിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ടോപ് ഓര്‍ഡറില്‍ നിരവധി ഓപ്ഷനുള്ളതിനാല്‍ ഫിനിഷറുടെ റോള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ ജിതേഷ് ശര്‍മയ്ക്ക് നറുക്ക് വീണേക്കാം.
Also Read: Sanju Samson: അഭ്യൂഹങ്ങളൊക്കെ വെറുതെ, സഞ്ജു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി തുടര്‍ന്നേക്കും
ഏഷ്യാ കപ്പിലേക്ക് ശ്രേയസ് അയ്യരും പരിഗണനയിലുണ്ടെന്നാണ് സൂചന. മികച്ച ഫോമിലുള്ള തിലക് വര്‍മ അടക്കമുള്ള താരങ്ങളും സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇതില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം, ഒഴിവാക്കണം എന്നുള്ള ചോദ്യങ്ങളും സെലക്ടര്‍മാര്‍ക്ക് തലവേദനയാകും.
ഓള്‍റൗണ്ടര്‍മാരുടെ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും, അക്‌സര്‍ പട്ടേലുമാണ് മുന്‍നിരയില്‍. നിതീഷ്‌കുമാര്‍ റെഡ്ഡിയാണ് ബാക്കപ്പ് ഓപ്ഷന്‍. ആറ് മാസം മാത്രം അകലെയുള്ള ടി20 ലോകകപ്പ് മനസ്സിൽ വെച്ചുകൊണ്ടാകും സെലക്ടര്‍മാര്‍ ഓപ്ഷനുകള്‍ വിലയിരുത്തുകയെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.