India vs West Indies: ഋഷഭ് പന്ത് ഇല്ല, കരുൺ നായരും പുറത്തായേക്കും; വിൻഡീസിനെതിരായ ടെസ്റ്റ് സ്ക്വാഡ് ഉടൻ
Indian Team vs West Indies: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും. ഋഷഭ് പന്ത്, കരുൺ നായർ തുടങ്ങിയവർ കളിച്ചേക്കില്ല.
വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിനെ ഉടൻ പ്രഖ്യാപിക്കും. പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ടീമിൽ കളിക്കില്ല. അതുകൊണ്ട് തന്നെ പന്തിന് പകരം ധ്രുവ് ജുറേൽ ആവും വിക്കറ്റ് കീപ്പറായി കളിക്കുക. ഒപ്പം, ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തിയ കരുൺ നായരും പുറത്തായേക്കും.
ഈ ആഴ്ച തന്നെ സെലക്ടർമാർ ടീം തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 24, 25 തീയതികളിൽ പ്രഖ്യാപനമുണ്ടാവും. വിർച്വലി ആവും കൂടിക്കാഴ്ച. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മൻ ഗിൽ ഏഷ്യാ കപ്പിലായതിനാൽ താരത്തിന് പങ്കെടുക്കാനാവില്ല. അതുകൊണ്ട് വിർച്വൽ മീറ്റിങ് സംഘടിപ്പിക്കുമെന്നാണ് വിവരം.
Also Read: Womens ODI World Cup: വനിതാ ഏകദിന ലോകകപ്പിലേക്ക് ഇനി ഒരാഴ്ച; പ്രതീക്ഷയോടെ ടീം ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിരാശപ്പെടുത്തിയ നിതീഷ് കുമാർ റെഡ്ഡി ടീമിലുണ്ടായേക്കില്ലെന്നാണ് സൂചനകൾ. 15 അംഗ ടീമിൽ ഉൾപ്പെട്ടാലും ഫൈനൽ ഇലവനിൽ കരുൺ ഇടം പിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. പരിക്കേറ്റ് പുറത്തായിരുന്ന ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ നിതീഷ് കരുണിന് പകരം കളിച്ചേക്കും.
രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്പിൻ ഓപ്ഷനുകളായി ടീമിലെത്തും. മുഹമ്മദ് സിറാജ് ആവും ഫസ്റ്റ് ചോയിസ് പേസർ. ബുംറയ്ക്ക് ഒരു ടെസ്റ്റിലെങ്കിലും വിശ്രമം അനുവദിച്ചേക്കും. പ്രസിദ്ധ് കൃഷ്ണയാവും രണ്ടാം പേസർ. നിതീഷ് കുമാർ റെഡ്ഡി കളിച്ചാൽ പ്രസിദ്ധിന് പകരം അക്സർ പട്ടേലിനെയും പരിഗണിച്ചേക്കാം.
രണ്ട് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ആദ്യ ടെസ്റ്റ് ഒക്ടോബർ രണ്ട് മുതൽ ആറ് വരെ അഹ്മദാബാദിൽ നടക്കും. ഒക്ടോബർ 10 മുതൽ ന്യൂ ഡൽഹിയിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.