AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ഏത് ബംഗ്ലാദേശ്, ബംഗ്ലാദേശൊക്കെ തീർന്നു; വമ്പൻ വിജയത്തോടെ ഇന്ത്യ ഫൈനലിൽ

India Wins Against Bangladesh: ബംഗ്ലാദേശിനെതിരായ വമ്പൻ വിജയത്തോടെ ഇന്ത്യ ഫൈനലിൽ. സ്പിന്നർമാരാണ് ഇന്ത്യക്ക് തകർപ്പൻ ജയമൊരുക്കിയത്.

Asia Cup 2025: ഏത് ബംഗ്ലാദേശ്, ബംഗ്ലാദേശൊക്കെ തീർന്നു; വമ്പൻ വിജയത്തോടെ ഇന്ത്യ ഫൈനലിൽ
ഇന്ത്യ - ബംഗ്ലാദേശ്Image Credit source: PTI
abdul-basith
Abdul Basith | Published: 24 Sep 2025 23:33 PM

ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് വമ്പൻ ജയം. 41 റൺസിന് ബംഗ്ലാദേശിനെ വീഴ്ത്തിയ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. 169 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 19.3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി. 69 റൺസ് നേടിയ സൈഫ് ഹസനാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഓവറിൽ തന്നെ ബംഗ്ലാദേശിന് തൻസിദ് ഹസൻ തമീമിനെ നഷ്ടമായി. ഒരു റൺസ് നേടിയ താരത്തെ ജസ്പ്രീത് ബുംറ പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ സൈഫ് ഹസനും പർവീസ് ഹുസൈൻ ഇമോണും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചു. സൈഫ് ഹസൻ തകർപ്പൻ ഫോമിലായിരുന്നു. 19 പന്തിൽ 21 റൺസ് നേടിയ ഇമോണെ മടക്കി കുൽദീപ് യാദവ് 42 റൺസ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചു.

Also Read: Asia Cup 2025: അഭിഷേക് തുടങ്ങി, ഹാർദിക് തീർത്തു; ബംഗ്ലാദേശിന് 169 റൺസ് വിജയലക്ഷ്യം

പിന്നീട് സ്പിന്നർമാർ ചേർന്ന് ബംഗ്ലാദേശ് മധ്യനിരയെ തകർത്തെരിഞ്ഞു. തൗഹീദ് ഹൃദോയ് (7) അക്സർ പട്ടേലിനും ഷമീം ഹുസൈൻ (0) വരുൺ ചക്രവർത്തിയ്ക്കും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ജേക്കർ അലിയെ (4) നേരിട്ടുള്ള ത്രോയിലൂടെ സൂര്യകുമാർ യാദവ് റണ്ണൗട്ടാക്കി. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടമാവുമ്പോഴും തകർത്തുകളിച്ച സൈഫ് ഹസൻ ഇതിനിടെ 36 പന്തിൽ ഫിഫ്റ്റി തികച്ചു. 40ലും 65ലും 66ലും 67ലും നിൽക്കെ സൈഫിനെ ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടിരുന്നു. അക്സർ പട്ടേൽ, ശിവം ദുബെ, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവരാണ് സൈഫിന് ജീവൻ നൽകിയത്.

ഇതിനിടെ ഏഴാം നമ്പരിലെത്തിയ മുഹമ്മദ് സൈഫുദ്ദീനെ (4) മടക്കി വരുൺ തൻ്റെ രണ്ടാം വിക്കറ്റ് കണ്ടെത്തി. റിഷാദ് ഹുസൈൻ (2) കുൽദീപിൻ്റെ രണ്ടാം ഇരയായി. തൻസിം ഹസൻ സാക്കിബ് (0) തൊട്ടടുത്ത പന്തിൽ വീണു. 18ആം ഓവറിൽ സൈഫ് ഹസൻ്റെ ഭാഗ്യം അവസാനിച്ചു. ജസ്പ്രീത് ബുംറയുടെ പന്തിൽ സൈഫിനെ അക്സർ പട്ടേൽ തകർപ്പൻ ക്യാച്ചിലൂടെ പിടികൂടുകയായിരുന്നു. 51 പന്തിൽ 69 റൺസാണ് ഹസൻ നേടിയത്. അവസാന ഓവർ എറിഞ്ഞ തിലക് വർമ്മ മൂന്നാം പന്തിൽ മുസ്തഫിസുറിനെ (6) മടക്കി ഇന്നിംഗ്സ് അവസാനിപ്പിച്ചു.