Asia Cup 2025: ‘തീവ്രവാദം അവസാനിക്കണം’; പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാത്തതിനെ അനുകൂലിച്ച് സൗരവ് ഗാംഗുലി
Sourav Ganguly About Suryakumar Yadav: സൂര്യകുമാർ യാദവിനെ പിന്തുണച്ച് സൗരവ് ഗാംഗുലി. പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിലാണ് ഗാംഗുലിയുടെ പ്രതികരണം.

സൗരവ് ഗാംഗുലി
ഏഷ്യാ കപ്പിൽ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ അനുകൂലിച്ച് സൗരവ് ഗാംഗുലി. തീവ്രവാദം അവസാനിക്കണമെന്നും സൂര്യയുടെ തീരുമാനത്തെ അനുകൂലിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനുമായുള്ള മത്സരത്തിന് മുൻപും ശേഷവും പരസ്പരം ഹസ്തദാനം നടത്താൻ ഇന്ത്യൻ താരങ്ങളും ക്യാപ്റ്റൻ സൂര്യകുമാർ യാദവും വിസമ്മതിച്ചിരുന്നു.
“സൂര്യയോടാണ് ഇതേപ്പറ്റി ചോദിക്കേണ്ടത്. അദ്ദേഹം ഇന്നലെത്തന്നെ മറുപടി നൽകിക്കഴിഞ്ഞു. തീവ്രവാദം അവസാനിക്കേണ്ടതുണ്ട്. കളി മുന്നോട്ടുപോകണം. ഇന്ത്യയുടെ പ്രകടനത്തിൽ എനിക്ക് ഒരു അത്ഭുതവുമില്ല.”- ഇന്ത്യ ടിവിയോട് ഗാംഗുലി പറഞ്ഞു.
ഹസ്തദാനം നൽകാൻ വിസമ്മതിച്ചതോടെ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ പ്രസൻ്റേഷൻ സെറിമണി ബഹിഷ്കരിച്ചിരുന്നു. ഇന്ത്യയുടെ നിലപാടിനെതിരെ പിസിബി വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ഐസിസി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിയ്ക്ക് നൽകിയ പരാതി. സൂര്യകുമാറിന് ഹസ്തദാനം നൽകരുതെന്ന് ഇന്ത്യ- പാകിസ്താൻ മത്സരത്തിലെ മാച്ച് റഫറിയായിരുന്ന പൈക്രോഫ്റ്റ്, ടോസിൻ്റെ സമയത്ത് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയോട് ആവശ്യപ്പെട്ടു എന്നാണ് പിസിബി പറയുന്നത്.
Also Read: Asia Cup 2025: ‘മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണം’; ഐസിസിയ്ക്ക് പരാതിനൽകി പിസിബി
ക്രിക്കറ്റിൻ്റെ മാന്യതയ്ക്ക് നിരക്കാത്തതും ഐസിസിയുടെ നിയമങ്ങൾ ലംഘിക്കുന്നതുമായ പ്രവർത്തനമാണ് ആൻഡി പൈക്രോഫ്റ്റ് നടത്തിയതെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി തൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് പിസിബി ഐസിസി പരാതിനൽകി. ഏഷ്യാ കപ്പിൽ നിന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. പാകിസ്താൻ 128 റൺസ് വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടത്തിൽ ഇന്ത്യ ഇത് മറികടന്നു.