Asia cup 2025: ഹസ്തദാനത്തിന് വിസമ്മതിച്ചത് ഐസിസിയുടെ നിയമങ്ങൾക്കെതിര്; ഇന്ത്യൻ ടീമിനെതിരെ നടപടി ഉണ്ടാവുമോ?
ICC May Take Action On Handshake Controversy: പാകിസ്താനെതിരായ ഹസ്തദാന വിവാദത്തിൽ ഐസിസി ഇന്ത്യൻ ടീമിനെതിരെ നടപടി എടുത്തേക്കും. ഐസിസിയുടെ നിയമത്തിന് എതിരാണ് ഇന്ത്യൻ ടീമിൻ്റെ നടപടി.
ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യൻ ടീം ഹസ്തദാനത്തിന് വിസമ്മതിച്ചതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ അതൃപ്തി അറിയിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മാച്ച് റഫറിയെ പുറത്താക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ച് കഴിഞ്ഞു. മത്സരത്തിന് ശേഷം ഹസ്തദാനത്തിന് വിസമ്മതിക്കുന്നത് ഐസിസിയുടെ നിയമങ്ങൾക്കെതിരാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിനെതിരെ നടപടി ഉണ്ടാവാൻ സാധ്യതയുണ്ട്.
ഐസിസിയുടെ അവതാരികയായ സ്പിരിറ്റ് ഓഫ് ക്രിക്കറ്റിൽ രാജ്യാന്തര ടി20 യുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ട്. “എതിർ ടീമിൻ്റെ വിജയത്തിൽ അഭിനന്ദിക്കുക, സ്വന്തം വിജയങ്ങൾ ആസ്വദിക്കുക. ഫലമെന്തായാലും ഒഫീഷ്യൽസിനും എതിർ ടീം അംഗങ്ങൾക്കും മത്സരശേഷം നന്ദി അറിയിക്കുക.” എന്നതാണ് ഇത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ വകുപ്പ് 2.1.1 പ്രകാരം കളിയുടെ മാന്യതയ്ക്കെതിരെ പ്രവർത്തിക്കുന്നത് ലെവൽ വൺ ഒഫൻസാണ്.




ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിനെതിരെ നടപടിയെടുക്കുമെന്ന തരത്തിൽ ഒരു തരത്തിലുള്ള പ്രഖ്യാപനവും ഇതുവരെ ഐസിസി നടത്തിയിട്ടില്ല. എന്നാൽ, ഐസിസി അവതാരികയിലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റിൻ്റെ ലംഘനമാണ് ഇതെന്നതിനാൽ നടപടി ഉണ്ടായേക്കും. ഇന്ത്യൻ ടീമിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് ഐസിസി ഗവേണിങ് ബോഡിയാണ് തീരുമാനിക്കുക. എന്നാൽ, ഇത്തരം നിയമലംഘനങ്ങൾക്ക് നിസ്സാരമായ ശിക്ഷയാണ് ലഭിക്കുക. ചെറിയ പിഴ ഇന്ത്യൻ ടീം അംഗങ്ങളൊക്കെ ഒടുക്കേണ്ടിവന്നേക്കാം.
ടോസിൻ്റെ സമയത്തും മത്സരം കഴിഞ്ഞും ഇന്ത്യൻ ടീം ഹസ്തദാനത്തിന് തയ്യാറായിരുന്നില്ല. ഇതിനെതിരെ പിസിബി രംഗത്തുവന്നിട്ടുണ്ട്.
മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിൻ്റെ അനായാസ വിജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിംഗിൽ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയത്തിലെത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് കളിയിലെ താരം.