IND vs ZIM: സിംബാബ്‌വെ പര്യടനം ജൂലൈ 23 മുതല്‍; ഷെഡ്യൂള്‍ പുറത്ത്; ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത് സഞ്ജുവോ?
India vs Zimbabwe 2026: ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ജൂലൈ 23-ന് തുടങ്ങും. ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട്. സൂര്യകുമാര്‍ യാദവ് കളിച്ചില്ലെങ്കില്‍ സഞ്ജു സാംസണ്‍ ഇന്ത്യയെ നയിക്കുമോ? സഞ്ജു അടക്കമുള്ള താരങ്ങള്‍ ക്യാപ്റ്റന്‍സി ഓപ്ഷനുകളായുണ്ട്. ക്യാപ്റ്റന്‍സി ഓപ്ഷനുകളിലുള്ള താരങ്ങളെക്കുറിച്ച് വായിക്കാം.
ഇന്ത്യന്‍ ടീമിന്റെ സിംബാബ്‌വെ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ട് ബിസിസിഐ. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ജൂലൈയില്‍ നടക്കും. ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിലാണ് എല്ലാ മത്സരങ്ങളും. പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 23 ന് നടക്കും. രണ്ടാം മത്സരം ജൂലൈ 25-നും, മൂന്നാമത്തേത് 26-നും നടക്കുമെന്ന് ബിസിസിഐ ഓണററി സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു.
ഇതിന് മുമ്പ് 2024-ലാണ് ഇന്ത്യ സിംബാബ്‌വെയില്‍ പര്യടനം നടത്തിയത്. 2024-ലെ ടി20 ലോകകപ്പ് ജയത്തിന് ശേഷം ഇന്ത്യന്‍ ടീം കളിച്ച ആദ്യ ടി20 പരമ്പരയായിരുന്നു അത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ അന്ന് 4-1ന് ജയിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലായിരുന്നു ക്യാപ്റ്റന്‍.
ആരാകും പുതിയ നായകന്‍?
സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യ പുതിയ ക്യാപ്റ്റനെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിന് വിശ്രമം അനുവദിച്ചേക്കും. നിലവില്‍ സൂര്യയ്ക്ക് 35 വയസുണ്ട്. ടീമിന്റെ ഭാവി മുന്‍നിര്‍ത്തി മാനേജ്‌മെന്റിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടതുമുണ്ട്. ഇതിനായുള്ള പരീക്ഷണശാലയായി സിംബാബ്‌വെ പര്യടനത്തെ കാണാനാണ് സാധ്യത. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവരാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള ഓപ്ഷനുകള്‍.
Also Read: IPL 2026: സഞ്ജുവിനെ പൂട്ടാന്‍ പന്തിന്റെ കരുനീക്കം? പക്ഷേ, എല്ലാം പൊളിഞ്ഞു
സഞ്ജു സാംസണ്‍ ക്യാപ്റ്റനാകുമോ?
ഐപിഎല്ലില്‍ മുന്‍ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചുള്ള പരിചയം സഞ്ജുവിനുണ്ട്. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായിരുന്നു. അതുകൊണ്ട് തന്നെ, സഞ്ജുവിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ശുഭ്മാന്‍ ഗില്‍ വെല്ലുവിളി
ശുഭ്മാന്‍ ഗില്ലാണ് ക്യാപ്റ്റന്‍സിയിലേക്കുള്ള മറ്റൊരു മത്സരാര്‍ത്ഥി. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയില്ലെങ്കിലും, താരത്തിന്റെ തിരിച്ചുവരവ് ഏത് നിമിഷവും സംഭവിക്കും. ടി20-യില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിന് സാധിച്ചിട്ടില്ല. എന്നാല്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ ഗില്ലാണ്. എല്ലാ ഫോര്‍മാറ്റുകളിലും ഒറ്റ ക്യാപ്റ്റന്‍ എന്ന നിലപാടിലേക്ക് ബിസിസിഐ കടന്നാല്‍ ശുഭ്മാന്‍ ഗില്ലിന് മുന്നില്‍ മറ്റ് തടസങ്ങളുണ്ടാകില്ല.
മറ്റ് ഓപ്ഷനുകള്‍
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന അക്‌സര്‍ പട്ടേല്‍, ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ശ്രേയസ് എന്നിവരും ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കാവുന്ന ഓപ്ഷനുകളാണ്. ക്യാപ്റ്റന്‍സി ഓപ്ഷനായിട്ടുള്ള ഈ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടവും നിര്‍ണായകമാകും.