BCCI: തലകളുരുളും; പരിശീലകര്‍ ബിസിസിഐയുടെ നോട്ടപ്പുള്ളി; പലരുടെയും പണി പോകും
BCCI likely make changes to Indian cricket team's coaching staff: അസിസ്റ്റന്റ് കോച്ചിനെയും, ബൗളിങ് പരിശീലകനെയും നീക്കുന്നതിനെക്കുറിച്ച് ബിസിസിഐ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് വരെ ഇരുവരെയും നീക്കില്ല. എന്നാല്‍ ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും

ഗൗതം ഗംഭീറും മോണി മോർക്കലും
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസംഘത്തില്‍ ബിസിസിഐ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയിലായതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്. അഞ്ചാം മത്സരത്തില്‍ ജയിച്ചാലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകില്ല. അവസാന ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പരയില്‍ ഒപ്പമെത്താനാകും. എന്നാല്‍ അഞ്ചാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും ഇംഗ്ലണ്ടിന് പരമ്പര നേടാം. ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ പരമ്പരയായിരുന്നു ഇത്. പരമ്പര സ്വന്തമാക്കാനായില്ലെങ്കിലും ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഭേദപ്പെട്ട പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്.
ഗില്ലിനെ സംബന്ധിച്ച് ഇത് തുടക്കം മാത്രമാണെങ്കിലും ഇന്ത്യയുടെ പരിശീലക സംഘത്തെ സംബന്ധിച്ച് ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം ശുഭസൂചകമല്ല. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റ്, ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍ എന്നിവരുടെ കീഴില്‍ ഇന്ത്യയ്ക്ക് റെഡ് ബോളില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല.
അതുകൊണ്ട് തന്നെ, അസിസ്റ്റന്റ് കോച്ചിനെയും, ബൗളിങ് പരിശീലകനെയും നീക്കുന്നതിനെക്കുറിച്ച് ബിസിസിഐ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് വരെ ഇരുവരെയും നീക്കില്ല. എന്നാല്‍ ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. എന്നാല്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെ നീക്കുന്നത് ബിസിസിഐയുടെ പരിഗണനയിലില്ല.
ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മോര്‍ക്കല്‍ അടക്കമുള്ള ഗംഭീറിന്റെ സഹായികളെ ബിസിസിഐ അടുത്തകാലത്ത് നിരീക്ഷിക്കുന്നുണ്ട്. കുല്‍ദീപ് യാദവിന് പകരം അന്‍ഷുല്‍ കാംബോജ് പ്ലേയിങ് ഇലവനിലെത്തിയതിന് പിന്നില്‍ മോര്‍ക്കലിന്റെ ഇടപെടലാണെന്നാണ് സൂചന. അരങ്ങേറ്റ ടെസ്റ്റ് കളിച്ച കാംബോജിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. മാത്രമല്ല, താരത്തിന് മതിയായ പേസുമില്ലായിരുന്നു. കുല്‍ദീപ് യാദവിനെ കളിപ്പിക്കാത്തത് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.