36-ാം വയസിലെ ഭുവിയുടെ തിരിച്ചുവരവ് വെറുതേയാകില്ല! 2028 T20 ലോകകപ്പ് സാധ്യതാ തിയറിയുമായി മുൻ SRH താരം
Former SRH player shares a theory on Bhuvneshwar Kumar's comeback: 2028-ലെ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസിലൻഡും സംയുക്തമായിട്ടാണ് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോൾ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ ഭുവി കളിക്കാൻ പോകുന്നതും ന്യൂസിലൻഡ് ടീമിനെതിരേയാണ്. ഇതിൽ ചില കണക്ഷനുകൾ ഉണ്ട് എന്നാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ താരം തിരുമലസെട്ടി സുമൻ പറയുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവിന് ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് നാല് വർഷത്തിന് ശേഷമാണ് ഭുവി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. ചീഫ് സെലക്ടർ സ്ഥാനത്തുനിന്നുള്ള അജിത് അഗാർക്കറിന്റെ പടിയിറക്കത്തിന് പിന്നാലെ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ സംഭവം ഭുവിയുടെ മടങ്ങിവരവാണ്. ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഈ മുതിർന്ന പേസർക്കും ഇടം ലഭിക്കുകയായിരുന്നു. 2022 നവംബറിലാണ് ഭുവനേശ്വർ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഇപ്പോൾ തന്റെ 36-ാം വയസിൽ ദേശീയ ടീമിലേക്ക് ഭുവി തിരിച്ചെത്തുമ്പോൾ അത് ഒരു വെറും തിരിച്ചുവരവാകില്ല എന്നാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ താരം തിരുമലസെട്ടി സുമൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യൻ ടീമിലേക്കുള്ള ഭുവിയുടെ തെരഞ്ഞെടുപ്പിൽ സെലക്ടർമാർ ലക്ഷ്യം വയ്ക്കുന്നത് 2028ലെ ടി20 ലോകകപ്പ് കൂടിയാണ് എന്നാണ് സുമൻ വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച തന്റെ തിയറിയും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. 2028-ലെ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസിലൻഡും സംയുക്തമായിട്ടാണ് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോൾ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ ഭുവി കളിക്കാൻ പോകുന്നതും ന്യൂസിലൻഡ് ടീമിനെതിരേയാണ്. ഇതിൽ ചില കണക്ഷനുകൾ ഉണ്ട് എന്നാണ് സുമൻ പറയുന്നത്.
ന്യൂസിലൻഡിനെതിരേ ഭുവിയെ ഉൾപ്പെടുത്തിയ ഇന്ത്യൻ സെലക്ടർമാർ വരുന്ന 2028 ടി20 ലോകകപ്പിലും ഭുവിയെ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടാകാം എന്ന് സുമൻ പറയുന്നു. മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയെപ്പോലെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ ഭുവനേശ്വറിന് അവസരം നൽകുകയായിരിക്കാം സെലക്ടർമാർ ലക്ഷ്യമിടുന്നത് എന്നുമാണ് സുമൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.
“ഇതൊരു മികച്ച തീരുമാനമാണ്. സെലക്ടർമാർ ഇക്കാര്യം ആലോചിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നുന്നു. 2028-ൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. അതിനാൽ അദ്ദേഹത്തിന്റെ ശാരീരികക്ഷമത പരിശോധിക്കാനുള്ള മികച്ച അവസരമാണിത്. ലോകകപ്പ് വരെ കളിച്ചാൽ അദ്ദേഹത്തിന് 38 വയസ്സായിരിക്കും. ആശിഷ് നെഹ്‌റ തന്റെ അവസാന ടി20 മത്സരം കളിച്ചത് 38-ാം വയസ്സിലാണ്. പിന്നെ എന്തുകൊണ്ട് ഭുവിക്ക് ആയിക്കൂടാ?” – സുമൻ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.
ഭുവിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഒരു മനോഹരമായ കഥയാണെന്നും സുമൻ അഭിപ്രായപ്പെട്ടു. “എന്ത് മനോഹരമായ കഥ! 36-കാരനായ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നു. കൃത്യം നാല് വർഷം മുമ്പ്, 2022 നവംബറിൽ, ന്യൂസിലൻഡിലാണ് അദ്ദേഹം തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇപ്പോൾ വീണ്ടും അദ്ദേഹം ന്യൂസിലൻഡിലേക്ക് പോകുന്നു”.
”അതിനുശേഷം അദ്ദേഹം നാല് ഐപിഎൽ സീസണുകൾ കളിച്ചു. ആ നാല് സീസണുകളിലെ കണക്കെടുത്താൽ, ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് ഭുവിയാണ്. മത്സരഫലം നിർണയിക്കുന്ന തരത്തിലുള്ള മികച്ച ബൗളിംഗ് പ്രകടനങ്ങൾ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. പവർപ്ലേയിൽ പുതിയ പന്ത് ഉപയോഗിച്ചുള്ള ബൗളിംഗ്, ഫ്ലാറ്റ് പിച്ചുകളിലെ പ്രകടനം, മധ്യ ഓവറുകളിലെ വിക്കറ്റ് നേട്ടം, അവസാന ഓവറുകളിലെ യോർക്കറുകൾ, ഒപ്പം മികച്ച ഇക്കോണമി റേറ്റ്- അങ്ങനെ എല്ലാം അതിൽ ഉൾപ്പെടുന്നു”.
”ഈ സെലക്ഷൻ തികച്ചും അർഹമായ ഒന്നാണ്, എനിക്കിത് വളരെ ഇഷ്ടമായി,”- എന്ന് സുമൻ വ്യക്തമാക്കി. സുമൻ ചൂണ്ടിക്കാണിച്ചതുപോലെ ന്യൂസിലൻഡിനെതിരായ കളിയോടെ നാല് വർഷം മുമ്പേ അവസാനിച്ചു എന്ന് കരുതിയ ഭുവിയുടെ ദേശീയ ടീമിലെ കരിയർ വീണ്ടും ന്യൂസിലൻഡിനെതിരേ തന്നെ കളിച്ചുകൊണ്ട് ഒരു തിരിച്ചുവരവ് ഉണ്ടാകാൻ പോകുന്നു എന്നത് വിസ്മയകരമായ കാര്യമാണ്. ഭുവിയുടെ തിരിച്ചുവരവ് കൊണ്ടുകൂടി ശ്രദ്ധ നേടിയിരിക്കുന്ന, ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പര ഒക്ടോബർ 22-ന് ക്രൈസ്റ്റ്‌ചർച്ചിലെ ഹാഗ്ലി ഓവലിൽ ആരംഭിക്കും.
English Summary
Former Sunrisers Hyderabad player Thirumalasetti Suman suggests that the selectors are eyeing the 2028 T20 World Cup as part of their plan for Bhuvneshwar Kumar’s return to the Indian team. He also puts forward a theory regarding this: Australia and New Zealand are set to co-host the 2028 T20 World Cup, and the team Bhuvneshwar is set to face upon his return to the national squad is New Zealand. Suman points out that there is a connection between these factors.