AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Security Breach In Cricket Grounds: ആരുണ്ട് തടയാനെന്ന ഭാവത്തില്‍ ആരാധകര്‍; ക്രിക്കറ്റ് ഗ്രൗണ്ടുകളിലെ സുരക്ഷാവീഴ്ചകള്‍ പതിവുകാഴ്ച; എങ്ങനെ തടയും?

When Fan Passion Trumps Stadium Safety: സുരക്ഷ ഉദ്യോഗസ്ഥരെ നിസാരമായി മറികടന്ന് മത്സരം നടക്കുമ്പോള്‍ അതിക്രമിച്ച് ഗ്രൗണ്ടുകളില്‍ കയറുന്നത് പതിവുകാഴ്ച. ഒരാഴ്ചയ്ക്കിടെ മാത്രം ഇത്തരത്തില്‍ മൂന്ന് സംഭവങ്ങളാണ് നടന്നത്

Security Breach In Cricket Grounds: ആരുണ്ട് തടയാനെന്ന ഭാവത്തില്‍ ആരാധകര്‍; ക്രിക്കറ്റ് ഗ്രൗണ്ടുകളിലെ സുരക്ഷാവീഴ്ചകള്‍ പതിവുകാഴ്ച; എങ്ങനെ തടയും?
റായ്പുരിലുണ്ടായ സുരക്ഷാ വീഴ്ച Image Credit source: Social Media
jayadevan-am
Jayadevan AM | Published: 04 Dec 2025 10:23 AM

കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകളുടെ നടുവിലാണ് ഓരോ ക്രിക്കറ്റ് മത്സരവും നടക്കുന്നത്. താരങ്ങളുടെയും, മാച്ച് ഒഫീഷ്യല്‍സിന്റെയും, കാണികളുടെയും, ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി  കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഐസിസി ഇവന്റുകള്‍ നടത്താനാകൂ. ഓരോ രാജ്യാന്തര മത്സരത്തിനു മുമ്പും സ്റ്റേഡിയത്തിലും, പരിസരത്തും ശക്തമായ പരിശോധന ഏര്‍പ്പെടുത്തും. സിസിടിവി നിരീക്ഷണം കര്‍ശനമാക്കും. മൈതാനത്തിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വളരെ ശക്തമാണെങ്കിലും, ഗുരുതര ചട്ടലംഘനങ്ങളാണ് സമീപകാലത്ത് ക്രിക്കറ്റ് മൈതാനത്ത് നടക്കുന്നത്.

സുരക്ഷ ഉദ്യോഗസ്ഥരെ നിസാരമായി മറികടന്ന് മത്സരം നടക്കുമ്പോള്‍ ആരാധകര്‍ അതിക്രമിച്ച് ഗ്രൗണ്ടുകളില്‍ കയറുന്നത് പതിവുകാഴ്ചയായി മാറുകയാണ്. ഒരാഴ്ചയ്ക്കിടെ മാത്രം ഇത്തരത്തില്‍ മൂന്ന് സംഭവങ്ങളാണ് നടന്നത്. നവംബര്‍ 30ന് റാഞ്ചിയില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിനിനിടെ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് ഒരു ആരാധകന്‍ വിരാട് കോഹ്ലിയുടെ സമീപത്ത് എത്തിയിരുന്നു.

കോഹ്ലി സെഞ്ചുറി നേടിയതിന് പിന്നാലെയാണ് ‘ആരാധനഭ്രാന്ത്’ മൂത്ത് ഒരു യുവാവ് ഗ്രൗണ്ടിലെത്തിയത്. തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പിടിച്ചുമാറ്റി. ഇന്നലെ റായ്പുരില്‍ നടന്ന രണ്ടാം ഏകദിനത്തിലും മൈതാനത്ത് ഒരാള്‍ അതിക്രമിച്ച് പ്രവേശിച്ചിരുന്നു. ടോസിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ആഭ്യന്തര ക്രിക്കറ്റിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിങ്കളാഴ്ച നടന്ന പഞ്ചാബ്-ബറോഡ മത്സരത്തിലും സമാനസംഭവം നടന്നു. ബറോഡ താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അടുത്തേക്കാണ് ഒരു ആരാധകന്‍ ഓടിയെത്തിയത്.

Also Read: Sanju Samson: സഞ്ജു സാംസണ്‍ കേരള ക്യാമ്പ് വിടും, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിരിച്ചടി

ഒരാഴ്ചയ്ക്കിടെ മാത്രമുണ്ടായ സംഭവങ്ങളാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്‌. മുന്‍കാലങ്ങളിലെ സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഇന്ത്യയിലും, വിദേശത്തും ആരാധകര്‍ ഗ്രൗണ്ടുകളില്‍ അതിക്രമിച്ച് പ്രവേശിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ശക്തമാണെങ്കിലും, അത് നടപ്പാക്കുന്നതിലെ ഗുരുതര അലംഭാവമാണ്‌ ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കുന്നത്.

താരങ്ങളോടുള്ള അമിതമായ ആരാധന മൂത്താണ് ആരാധകര്‍ ഈ സാഹസത്തിന് മുതിരുന്നത്. എന്നാല്‍ ഇത് ഒരിക്കലും നിസാരവത്കരിക്കാനാകുന്നതല്ല. ആരാധകരെന്ന വ്യാജേന തീവ്രവാദികള്‍ പോലും ഭാവിയില്‍ ഗ്രൗണ്ടുകളില്‍ പ്രവേശിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രാജ്യാന്തര മത്സരങ്ങളില്‍ പോലും സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കാനാകാത്തത് ആശങ്കാജനകമാണ്. നടപടികള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ വലിയ വിപത്തുകളാകും ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവരിക.