IPL 2027 Trade: സഞ്ജുവിന്റെ ചെന്നൈ ഹാര്‍ദ്ദിക്കിനെ സ്വന്തമാക്കുമോ? അത്ര എളുപ്പമല്ല കാര്യങ്ങള്‍; വെളിപ്പെടുത്തി അശ്വിന്‍
Hardik Pandya IPL Trade Updates: ഹാര്‍ദ്ദിക് പാണ്ഡ്യ സിഎസ്‌കെയിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ സമീപകാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈയിലെത്തിയതിന് ശേഷം, ഇതാദ്യമായാണ് സിഎസ്‌കെയുമായി ബന്ധപ്പെട്ട് ഇത്ര വലിയ ട്രേഡ് അഭ്യൂഹം വ്യാപകമാകുന്നത്.
ഐപിഎല്ലില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സഞ്ജു സാംസണ്‍ ചെന്നൈയിലെത്തിയതോടെ, കൂടുതല്‍ മലയാളികള്‍ സിഎസ്‌കെയുടെ ആരാധകരുമായി. അതുകൊണ്ട് തന്നെ, സിഎസ്‌കെയുമായി ബന്ധപ്പെട്ട ട്രേഡ് അഭ്യൂഹങ്ങള്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സിഎസ്‌കെയിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ സമീപകാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈയിലെത്തിയതിന് ശേഷം, ഇതാദ്യമായാണ് സിഎസ്‌കെയുമായി ബന്ധപ്പെട്ട് ഇത്ര വലിയ ട്രേഡ് അഭ്യൂഹം വ്യാപകമാകുന്നത്. ഹാര്‍ദ്ദിക്ക് ചെന്നൈയിലേക്കോ, അല്ലെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കോ പോയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ ചെന്നൈ താരം ആര്‍ അശ്വിന്‍ രംഗത്തെത്തി.
ഒരു നീക്കവും നടന്നിട്ടില്ലെന്നും, ട്രേഡിനെക്കുറിച്ച് ആരും സ്ഥിരീകരിച്ചിട്ടില്ലെന്നും തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുന്നതിനിടെ അശ്വിന്‍ പറഞ്ഞു. ഹാര്‍ദ്ദിക്കിനെ വിട്ടുകളയാന്‍ മുംബൈയ്ക്ക് പലവട്ടം ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹാര്‍ദ്ദിക്കിനെ പോലൊരു താരത്തെ എല്ലാവര്‍ക്കും ആവശ്യമുണ്ടാകും. അദ്ദേഹം ഒരു ‘ത്രീ ഡൈമന്‍ഷണല്‍’ താരമാണ്. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ഹാർദിക് നൽകുന്ന മൂല്യം, ഏത് ട്രേഡ് സാധ്യതയെയും പലരും വിശ്വസിക്കുന്നതിനേക്കാൾ സങ്കീർണ്ണമാക്കുമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.
ഹാര്‍ദ്ദിക്കിന് തീരുമാനിക്കാനാകില്ല
ഒരു താരം ട്രേഡിലൂടെ ടീം വിടാന്‍ ആഗ്രഹിച്ചാല്‍ പോലും, തന്റെ അടുത്ത ടീം ഏതായിരിക്കണമെന്ന് തീരുമാനിക്കാനാകില്ലെന്ന് അശ്വിന്‍ വ്യക്തമാക്കി. ഒരു താരത്തിന് ‘എനിക്ക് ഇവിടെ കളിക്കാൻ താല്പര്യമില്ല’ എന്ന് മാത്രമേ പറയാൻ കഴിയൂ. ‘എനിക്ക് ഈ പ്രത്യേക ടീമിലേക്ക് പോകണം’ എന്ന് പറയാൻ താരത്തിന് കഴിയില്ല. ചർച്ചകൾ നടക്കുന്നുണ്ടെങ്കിൽ തന്നെ അത് പ്രാഥമിക ഘട്ടത്തില്‍ മാത്രമായിരിക്കാമെന്നും ആര്‍ അശ്വിന്‍ പറഞ്ഞു.
ആരെ കൈവിടും?
ഹാര്‍ദ്ദിക്കിന് പകരം ഓള്‍ റൗണ്ടര്‍ ശിവം ദുബെയെയും, ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെയും ചെന്നൈ മുംബൈയ്ക്ക് കൈമാറിയേക്കുമെന്നായിരുന്നു ആദ്യം പ്രചരിച്ച അഭ്യൂഹം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കാമറൂണ്‍ ഗ്രീനിനെ ട്രേഡ് ചെയ്‌തേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു.
“സിഎസ്കെയ്ക്ക് എന്താണ് നൽകാൻ കഴിയുക? അഭ്യൂഹങ്ങൾ അനുസരിച്ച് ഒരു ഫാസ്റ്റ് ബൗളറും ശിവം ദുബെയും. കെകെആറിന് എന്താണ് നൽകാൻ കഴിയുക? കാമറൂൺ ഗ്രീൻ? അടുത്ത വർഷം ഗ്രീൻ ആഷസ് കളിക്കാൻ പോവുകയും ഐപിഎൽ നഷ്ടപ്പെടുകയും ചെയ്താൽ എന്ത് സംഭവിക്കും? കെകെആറിന് ഹർഷിത് റാണയെയും റിങ്കു സിങ്ങിനെയും നൽകാൻ കഴിയുമെങ്കിൽ ഡീൽ നടക്കാം. അത് മുംബൈ ഇന്ത്യൻസ് ടീമിനെ കൂടുതൽ മെച്ചപ്പെടുത്തും”, അശ്വിന്‍ പറഞ്ഞു.
മുംബൈ ഇന്ത്യൻസിന് അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്, ശിവം ദുബെ എന്നിവരെ വേണമെങ്കിൽ, സിഎസ്കെയുടെ ഇന്ത്യൻ ബൗളിംഗ് കോർ നഷ്ടപ്പെടും. അതുകൊണ്ട് ഇതൊരു എളുപ്പമുള്ള കരാർ ആയിരിക്കില്ല. ട്രേഡ് നടന്നിട്ടില്ല. അത് നടക്കുന്നതിൽ നിന്ന് വളരെ അകലെയാണ്. കെകെആറും മത്സരരംഗത്തുണ്ട്. മുംബൈ ഇന്ത്യൻസ് നിരവധി ഓപ്ഷനുകൾ പരിഗണിക്കും. ഇത് വളരെ എളുപ്പത്തിൽ സംഭവിക്കില്ലെന്നും അശ്വിന്‍ പറഞ്ഞു.
English Summary
Speculation is growing that Hardik Pandya could join CSK following Sanju Samson trade. Former India spinner R Ashwin dismissed these reports, stating no deal has been confirmed. Ashwin highlighted that Mumbai Indians would hesitate to strengthen a direct title rival.