Vinesh Phogat: ഏഷ്യൻ ഗെയിംസ് ട്രയൽസിൽ വിനേഷ് ഫോഗട്ടിന് പങ്കെടുക്കാം; ഗുസ്തി ഫെഡറേഷന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Vinesh Phogat to Compete in Asian Games Trials: ഗുസ്തി ഫെഡറേഷൻ ഏർപ്പെടുത്തിയ പുതിയ യോഗ്യതാ മാനദണ്ഡങ്ങളെ കോടതി ശക്തമായി വിമർശിച്ചു. പുതിയ നിയമപ്രകാരം 2025 ലും 2026 ലും തിരഞ്ഞെടുത്ത ടൂർണമെന്റുകളിൽ മെഡൽ നേടിയവർക്ക് മാത്രമേ ട്രയൽസിൽ പങ്കെടുക്കാനാകൂ. 2024 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ഗർഭകാലവും വിശ്രമവും കാരണം വിനേഷ് മത്സരരംഗത്തുണ്ടായിരുന്നില്ല. ഈ മാനദണ്ഡം വിനേഷിനെ പുറത്താക്കാൻ ലക്ഷ്യമിട്ടുള്ളതാണോ എന്ന് കോടതി ചോദിച്ചു.

Vinesh Phogat
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഗുസ്തിയിലേക്കുള്ള പ്രശസ്ത താരം വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച ഇന്ത്യൻ ഗുസ്തി ഫെഡറേഷന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിനേഷിനെ അയോഗ്യയാക്കിയ ഫെഡറേഷൻ നടപടിയിൽ ഇടപെട്ട കോടതി, താരത്തെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് കർശന നിർദേശം നൽകി. ഏഷ്യൻ ഗെയിംസ് സെലക്ഷൻ പ്രക്രിയയിൽ വിനേഷിന്റെ പങ്കാളിത്തം ഉറപ്പുവരുത്താൻ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ബെഞ്ച്, ഈ വിഷയം വിലയിരുത്താൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാനും ഉത്തരവിട്ടു.
മാതൃത്വം രാജ്യത്ത് ആഘോഷിക്കപ്പെടുന്നു; പ്രതികാരബുദ്ധി പാടില്ല
ഗുസ്തി ഫെഡറേഷൻ ഏർപ്പെടുത്തിയ പുതിയ യോഗ്യതാ മാനദണ്ഡങ്ങളെ കോടതി ശക്തമായി വിമർശിച്ചു. പുതിയ നിയമപ്രകാരം 2025 ലും 2026 ലും തിരഞ്ഞെടുത്ത ടൂർണമെന്റുകളിൽ മെഡൽ നേടിയവർക്ക് മാത്രമേ ട്രയൽസിൽ പങ്കെടുക്കാനാകൂ. 2024 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ഗർഭകാലവും വിശ്രമവും കാരണം വിനേഷ് മത്സരരംഗത്തുണ്ടായിരുന്നില്ല. ഈ മാനദണ്ഡം വിനേഷിനെ പുറത്താക്കാൻ ലക്ഷ്യമിട്ടുള്ളതാണോ എന്ന് കോടതി ചോദിച്ചു.
Also Read: Sanju Samson: ഐപിഎല്‍ കഴിഞ്ഞതും സഞ്ജു പരിക്കിന്റെ പിടിയില്‍; അയര്‍ലന്‍ഡ് പര്യടനത്തില്‍ തിരിച്ചടിയോ?
അവർ 2025 ജൂലായിൽ അമ്മയായി. ഇപ്പോൾ മേയ് ആണ്. അവർ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ഗുസ്തി താരമാണ്. വ്യക്തിപരമായ വൈരാഗ്യമോ തർക്കമോ ഉണ്ടായാലും കായികരംഗത്തിന് എന്തിന് ദോഷം വരണം? മാതൃത്വം രാജ്യത്ത് ആഘോഷിക്കപ്പെടുന്നു. അത് ഒരാളുടെ ദോഷത്തിനായി സംഭവിക്കണോ?” എന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.
വിവാദങ്ങൾക്ക് വഴിതുറന്ന കാരണംകാണിക്കൽ നോട്ടീസ്
നേരത്തെ വിനേഷ് ഫോഗട്ടിന് ഗുസ്തി ഫെഡറേഷൻ 15 പേജുള്ള കാരണംകാണിക്കൽ നോട്ടീസ് അയച്ചതോടെയാണ് വിവാദം മുറുകിയത്. പാരീസ് ഒളിമ്പിക്‌സിൽ ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ടതിനും ഉത്തേജകവിരുദ്ധ നടപടികൾ പാലിക്കാത്തതിനും വിശദീകരണം ആവശ്യപ്പെട്ട ഫെഡറേഷൻ, 2026 ജൂൺ വരെ വിനേഷിന് മത്സരങ്ങളിൽ പങ്കെടുക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.
വിരമിച്ച താരങ്ങൾ തിരിച്ചുവരുമ്പോൾ ഉത്തേജക മരുന്ന് പരിശോധന പൂർത്തിയാക്കാൻ ആറുമാസത്തെ നോട്ടീസ് കാലാവധി വേണമെന്നും, വിനേഷിന്റെ ഈ കാലാവധി 2026 ജൂൺ 26-നേ പൂർത്തിയാകൂ എന്നുമായിരുന്നു ഫെഡറേഷന്റെ വാദം. പാരീസ് ഒളിമ്പിക്‌സിലുണ്ടായ സംഭവങ്ങൾ ഇന്ത്യൻ ഗുസ്തിക്ക് അപമാനമായെന്നും നോട്ടീസിൽ കുറ്റപ്പെടുത്തിയിരുന്നു.
രാഷ്ട്രീയത്തിൽ നിന്ന് വീണ്ടും ഗോദയിലേക്ക്
2024 പാരീസ് ഒളിമ്പിക്‌സിൽ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ച താരം നിലവിൽ ഹരിയാണയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയാണ്. എന്നാൽ, 2028 ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് മത്സരരംഗത്തേക്ക് തിരിച്ചുവരികയാണെന്ന് വിനേഷ് ഈയിടെ പ്രഖ്യാപിച്ചതോടെയാണ് ഫെഡറേഷൻ വിലക്കുകളുമായി രംഗത്തെത്തിയത്. ഇതിനെതിരെ വിനേഷ് നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.