‘തളികയിൽ വെച്ച് വെറുതെ കിട്ടിയതല്ല’: ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ നേട്ടത്തിൽ പ്രതികരണവുമായി സഞ്ജു
Sanju Samson reacts to the Asian Games gold medal win: കിട്ടിയതെല്ലാം സന്തോഷമാണെന്നും തനിക്ക് വലിയ അത്യാഗ്രഹങ്ങളില്ലെന്നും ഏറ്റവും വലിയ സന്തോഷവുമായാണ് വീട്ടിൽപ്പോകുന്നതെന്നും ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിന് പിന്നാലെ സഞ്ജു പ്രതികരിച്ചു. "ഞങ്ങളുടെ 'എ' ടീമിനെ ഇറക്കിയത് ശരിക്കും സഹായിച്ചു, പാകിസ്ഥാനെതിരായ ഫൈനലിൽ കണ്ടതും അതാണ്. എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ മികച്ചൊരു മത്സരമായിരുന്നു ഇത്" എന്ന് സഞ്ജു പറഞ്ഞു.
ഏഷ്യൻ ഗെയിംസ് 2026 ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെ തകർത്ത് ഇന്ത്യൻ ടീം സ്വർണ മെഡൽ നേട്ടം കൈവരിച്ചതിന്റെ സന്തോഷം പങ്കുവച്ച് ടീമിലെ മലയാളി താരം സഞ്ജു സാംസൺ. ലോകകപ്പ് വിജയിച്ച ടീമിലും ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ടീമിലും അംഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സഞ്ജു പ്രതികരിച്ചു. ഏഷ്യൻ ഗെയിംസിലെ സ്വർണ്ണമെഡൽ ഇന്ത്യക്ക് “തളികയിൽ വെച്ച് വെറുതെ ലഭിച്ചതല്ല” എന്ന് വ്യക്തമാക്കിയ സഞ്ജു സാംസൺ, പാകിസ്താനെതിരായ ആവേശകരമായ ഫൈനലിലെ കടുത്ത സമ്മർദ്ദം അതിജീവിക്കാൻ പരിചയസമ്പന്നരായ മുൻനിര താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയത് സഹായിച്ചുവെന്നും വിശദീകരിച്ചു.
“ഞങ്ങൾക്ക് വളരെ പരിചയസമ്പന്നരായ ഒരു ടീം ഉണ്ടായിരുന്നു. പരിശീലനമോ മത്സരങ്ങളോ ഇല്ലാതിരുന്ന സമയത്തും ഊർജ്ജം എങ്ങനെ നിലനിർത്താമെന്നും, എങ്ങനെ പ്രചോദിതരായി ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു, അവിടെയാണ് പരിചയസമ്പന്നരായ കളിക്കാരുടെ അനുഭവസമ്പത്ത് ഗുണകരമായത്” എന്ന് മത്സരശേഷം സഞ്ജു പറഞ്ഞു. കിട്ടിയതെല്ലാം സന്തോഷമാണെന്നും തനിക്ക് വലിയ അത്യാഗ്രഹങ്ങളില്ലെന്നും ഏറ്റവും വലിയ സന്തോഷവുമായാണ് വീട്ടിൽപ്പോകുന്നതെന്നും സഞ്ജു വ്യക്തമാക്കി.
Also Read: ഇന്ത്യക്കെതിരേ ജയിക്കാൻ വെസ്റ്റിൻഡീസിന് ‘ഹോപ്’ കൊടുത്തത് ധോണി; വെളിപ്പെടുത്തി ഹോപ്
തങ്ങളുടെ പ്രധാന ട്വന്റി20 ടീമിനെ അയക്കാനുള്ള ഇന്ത്യയുടെ തീരുമാനം, സമ്മർദ്ദ നിമിഷങ്ങളെ നേരിടാനുള്ള കരുത്തും ആത്മവിശ്വാസവും നൽകിയെന്നാണ് സഞ്ജു വിലയിരുത്തുന്നത്. “ഞങ്ങളുടെ ‘എ’ ടീമിനെ ഇറക്കിയത് ശരിക്കും സഹായിച്ചു, പാകിസ്ഥാനെതിരായ ഫൈനലിൽ കണ്ടതും അതാണ്. എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ മികച്ചൊരു മത്സരമായിരുന്നു ഇത്” എന്ന് സഞ്ജു പറഞ്ഞു.
ഞങ്ങൾക്ക് ഈ സ്വർണ്ണം വെറുതെ തളികയിൽ വെച്ച് കിട്ടിയതല്ല. അതിനായി കഠിനമായി തന്നെ പരിശ്രമിക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ഈ വിജയം നൽകുന്ന സന്തോഷവും സംതൃപ്തിയും വളരെ വലുതാണ്,” സഞ്ജു വ്യക്തമാക്കി. ആദ്യ ഇന്നിംഗ്സിൽ ഞങ്ങൾ 200-ന് മുകളിൽ സ്കോർ ചെയ്തപ്പോൾ രണ്ടാം ഇന്നിംഗ്സ് പാകിസ്താന് പ്രയാസകരമാകുമെന്ന് കരുതി, എന്നാൽ ബാറ്റിംഗ് പിച്ച് മികച്ചതായതിനാൽ അവരും നന്നായി ബാറ്റ് ചെയ്തു. എല്ലാവർക്കും നല്ലൊരു ഫൈനൽ പോരാട്ടം കാണാൻ സാധിച്ചുവെന്നും സഞ്ജു കൂട്ടിച്ചേർത്തു.
“തീർച്ചയായും, ഏഷ്യൻ ഗെയിംസ് ഫൈനലിൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഞങ്ങളെല്ലാവരെ സംബന്ധിച്ചിടത്തോളം വലിയൊരു അവസരവും അഭിമാനകരമായ നിമിഷവുമാണ്.” “മത്സരത്തിന് മുമ്പും ശേഷവും സംഭവിക്കുന്നത് അതാണ്. എന്നാൽ മത്സരം തുടങ്ങിയാൽ, മത്സര സാഹചര്യങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങൾ കളിക്കുന്നത്,” എന്ന് സഞ്ജു വ്യക്തമാക്കി.
മത്സരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ടീമിന് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ, ആ വലിയ അവസരത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി തങ്ങളുടെ കളിയാശയം മാറ്റാൻ താരങ്ങൾ തയ്യാറായില്ലെന്നും സഞ്ജു വ്യക്തമാക്കി. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാക്സിതാനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും അർദ്ധസെഞ്ച്വറികളുടെ കരുത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന മികച്ച സ്കോർ നേടി.
തുടർന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ പാകിസ്താനെ 6 വിക്കറ്റ് നഷ്ടത്തിൽ 192 റൺസിൽ ഒതുക്കി ഇന്ത്യ വിജയിച്ച്, ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാക്കളാകുകയായിരുന്നു. ടി20 ലോകകപ്പിന് പുറകേ ഇപ്പോൾ ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിലും ഇന്ത്യൻ ടീമിനൊപ്പം സഞ്ജു ഉൾപ്പെട്ടതിന്റെ അഭിമാനത്തിലാണ് മലയാളികളും. ആദ്യമായാണ് ജപ്പാനിൽ വരുന്നതെന്നും മികച്ച അനുഭവമായിരുന്നു, മികച്ച രാജ്യമാണ്, നല്ല ആളുകളാണ്, ക്രിക്കറ്റിന് മികച്ച സാധ്യതയുള്ള സ്ഥലമാണ് ജപ്പാനെന്ന് തോന്നുവെന്നും സഞ്ജു പറഞ്ഞു.
English Summary
Sanju Samson, the Malayali player in the squad, shared his joy after the Indian team clinched the gold medal by defeating Pakistan in the 2026 Asian Games cricket final. He expressed happiness at having been part of both the World Cup-winning squad and the Asian Games gold-medal-winning team. Emphasizing that the Asian Games gold medal was not simply “handed to India on a platter,” Sanju explained that the inclusion of experienced senior players in the squad helped the team withstand the immense pressure of the final.