Gautam Gambhir: ടെസ്റ്റ് ക്രിക്കറ്റിലെ ഗംഭീർ യുഗം അവസാനിക്കുന്നു; ബിസിസിഐ ലക്ഷ്മണിനെ പരിഗണിക്കുന്നു എന്ന് റിപ്പോർട്ട്
VVS Laxman As Test Coach: ഇന്ത്യൻ ടീമിൻ്റെ ടെസ്റ്റ് പരിശീലക സ്ഥാനത്തേക്ക് വിവിഎസ് ലക്ഷ്മൺ എത്തുന്നു. ഗംഭീറിനെ വൈകാതെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റുമെന്നാണ് റിപ്പോർട്ട്.
ടെസ്റ്റ് ക്രിക്കറ്റ് പരിശീലക സ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ മാറ്റുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മോശം പ്രകടനങ്ങൾ പരിഗണിച്ചാണ് ഗംഭീറിനെ സ്ഥാനത്തുനിന്ന് മാറ്റാൻ ബിസിസിഐ ആലോചിക്കുന്നത്. പകരം മുൻ താരമായ വിവിഎസ് ലക്ഷ്മണെ ടെസ്റ്റ് ടീം പരിശീലകനായി ബിസിസിഐ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സേന രാജ്യങ്ങൾക്കെതിരെ ടെസ്റ്റിൽ 10 മത്സരങ്ങളാണ് ഗംഭീർ തോറ്റത്. ബോർഡർ – ഗവാസ്കർ ട്രോഫി പരാജയപ്പെട്ടും സ്വന്തം നാട്ടിൽ ന്യൂസീലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ ടെസ്റ്റ് പരമ്പരകൾ അടിയറവച്ചതും ഗംഭീറിൻ്റെ സ്ഥാനം സംശയത്തിലാക്കിയിരുന്നു. ആ സമയത്ത് തന്നെ ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലകനാവാൻ സമ്മതമാണോ എന്ന് ലക്ഷ്മണോട് ബിസിസിഐ ചോദിച്ചിരുന്നു. എന്നാൽ, ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസ് മുഖ്യ പരിശീലകസ്ഥാനം മതിയെന്നായിരുന്നു താരത്തിൻ്റെ നിലപാട്. ഈ നിലപാടിൽ ലക്ഷ്മൺ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
2027 ഏകദിന ലോകകപ്പ് വരെയാണ് ഗൗതം ഗംഭീറിൻ്റെ പരിശീലന കരാർ കാലാവധി. വിവിധ ഫോർമാറ്റുകളിൽ വിവിധ പരിശീലകരെന്ന പതിവില്ലാത്തതിനാൽ ഇന്ത്യ ഗംഭീറിനെ മൂന്ന് ഫോർമാറ്റുകളിലും പരിശീലകനാക്കുകയായിരുന്നു. ഇത് തിരിച്ചടിയായെന്ന് ബിസിസിഐ തന്നെ വിലയിരുത്തുന്നുണ്ട്. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇനി 9 ടെസ്റ്റുകളാണ് അവശേഷിക്കുന്നത്. ആ മത്സരങ്ങളിൽ ഇന്ത്യയെ പരിശീലിപ്പിക്കാൻ ഗംഭീറാണോ ഏറ്റവും മികച്ചയാളെന്നതാണ് ഇപ്പോൾ അധികൃതരുടെ ചർച്ച.
ഗംഭീറിന് കീഴിൽ ഇന്ത്യൻ ഡ്രസിംഗ് റൂമിലെ അന്തരീക്ഷം അത്ര സുഖകരമായ നിലയിലല്ലെന്നും റിപ്പോർട്ടുകളുണ്ട്. ഏകദിന ക്രിക്കറ്റ് ടീമിൽ നിന്ന് മുതിർന്ന താരങ്ങളായ രോഹിത് ശർമ്മയെയും വിരാട് കോലിയെയും നീക്കാൻ ഗംഭീർ ശ്രമിച്ചു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതൊക്കെ ഗംഭീറിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.