Women’s World Cup 2025 : മൈറ്റി ഓസീസോ, അതൊക്കെ ജമീമ തീർത്തൂ; ഇന്ത്യ വനിത ലോകകപ്പ് ഫൈനലിൽ
ICC Women's World Cup 2025 India vs Australia : അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരെ തകർത്ത് ഫൈനലിൽ പ്രവേശിച്ചത്

Jemimah Rodrigues
നവി മുംബൈ : നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ഐസിസി വനിത ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ഓസ്ട്രേലിയ ഉയർത്തിയ 339 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 127 റൺസെടുത്ത് പുറത്താകാതെ നിന്ന ജമീമ റോഡ്രിഗസാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഒമ്പത് പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ ജയം കണ്ടെത്തിയത്. നവംബർ രണ്ടാം തീയതി നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലീഗ് ഘട്ടത്തിൽ ഇന്ത്യയെ തകർത്തതിൻ്റെ ആത്മവിശ്വാസത്തിലായിരുന്നു ഓസീസ് ഇന്നിറങ്ങിയത്. അതിൻ്റെ ഫലമായി ആദ്യം ബാറ്റ് ചെയ്ത് ഓസീസ് വനിതകൾ ഇന്ത്യക്കെതിരെ 338 റൺസെന്ന പടുകൂറ്റൻ സ്കോർ ബോർഡ് ഉയർത്തി. സെഞ്ചുറി നേടിയ ഫോബെ ലിച്ച്ഫീൽഡിൻ്റെയും അർധ സെഞ്ചുറി നേടിയ എലിസ് പെറിയുടെയും ആഷ്ലി ഗാർഡനെറിൻ്റെ മികവിലാണ് ഓസ്ട്രേലിയ 338 റൺെസടുത്തത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയർക്ക് തുടക്കത്തിൽ ഷെഫാലി വെർമ്മയുടെയും സ്മൃതി മന്ദനയുടെ വിക്കറ്റ് വീഴ്ചയിൽ പിഴച്ചു. എന്നാൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ സെഞ്ചുഫി നേടിയ ജമീമ റോഡ്രിഗസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ചേർന്ന് ഇന്ത്യയുടെ നഷ്ടപ്പെട്ടപോയ പ്രതീക്ഷ തിരികെ കൊണ്ടുവന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 164 റൺസിൻ്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 89 റൺസെടുത്ത് വിജയത്തിന് 100 റൺസകലെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വീണെങ്കിലും മറ്റ് ബാറ്റർക്കൊപ്പം ചേർന്ന് ജമീമ മെല്ലെ ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 134 പന്തിൽ 14 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ജമീമ 127 റൺസെടുത്തത്.
നവംബർ രണ്ടിന് നവി മുംബൈയിൽ വെച്ച് തന്നെയാണ് ഐസിസി വനിത ലോകപ്പ് ഫൈനൽ. കലാശപ്പോരാട്ടത്തിൽ ശക്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. സെമിയിൽ ഇംഗ്ലണ്ടിനെ 125 റൺെസിന് തകർത്താണ് ദക്ഷിണാഫ്രിക്കൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചത്. ലീഗ് മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോടും തോറ്റിരുന്നു.