India vs Australia: ഓസീസ് ടീമിൽ നാല് മാറ്റങ്ങൾ; ഇന്ത്യൻ ടീമിൽ സഞ്ജു പുറത്ത് തന്നെ
India Bat First vs Australia: ഓസ്ട്രേലിയക്കെതിരായ നാലാം ടി20യിൽ മാറ്റമില്ലാതെ ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയിൽ സഞ്ജുവിന് ഇന്നും ഇടമില്ല.
ഓസ്ട്രേലിയക്കെതിരായ തമ്മിലുള്ള നാലാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായി ഓസ്ട്രേലിയ ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. മലയാളി താരം സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിലും പുറത്തിരിക്കും. ജിതേഷ് ശർമ്മയാണ് വിക്കറ്റ് കീപ്പർ.
ഗ്ലെൻ മാക്സ്‌വൽ, ജോഷ് ഫിലിപ്പെ, ബെൻ ഡ്വാർഷുയിസ്, ആദം സാമ്പ എന്നിവരാണ് ടീമിലേക്കെത്തിയത്. മിച്ചൽ ഓവൻ, മാത്യു കുന്മൻ എന്നിവർ പുറത്തിരിക്കും. ട്രാവിസ് ഹെഡും ഷോൺ ആബട്ടും ആഷസ് തയ്യാറെടുപ്പുകൾക്കായി ടീം വിട്ടു. പ്രമുഖ താരങ്ങൾ ഇല്ലാത്തത് ഓസ്ട്രേലിയക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ കളി വിജയിച്ച് പരമ്പരയിൽ മുന്നിലെത്താമെന്നാണ് ഇന്ത്യ കരുതുന്നത്.
Also Read: India vs Australia: ഇന്ത്യ – ഓസ്ട്രേലിയ നാലാം ടി20 ഇന്ന്; സഞ്ജു വീണ്ടും പുറത്തിരിക്കാൻ സാധ്യത
വൈസ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിൻ്റെ മോശം ഫോം ഇന്ത്യയ്ക്ക് കടുത്ത സമ്മർദ്ദമാണ് നൽകുന്നത്. വൈസ് ക്യാപ്റ്റനായതുകൊണ്ട് ടീമിൽ നിന്ന് ഒഴിവാക്കാനാവില്ല. സഞ്ജു – അഭിഷേക് ശർമ്മ ഓപ്പണിങ് സഖ്യത്തിൻ്റെ വിസ്ഫോടനാത്മക പ്രകടനങ്ങൾ നഷ്ടമാവുന്നത് സമ്മർദ്ദമാവുന്നുമുണ്ട്. അതുകൊണ്ട് തന്നെ തൻ്റെ പ്രകടനം മെച്ചപ്പെടേണ്ടത് ഗില്ലിനെന്നത് പോലെ ടീം മാനേജ്മെൻ്റിനും ബിസിസിഐയ്ക്കും നിർണായകമാണ്.
സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നതും ശുഭ്മൻ ഗില്ലിനെ ഓപ്പണിംഗിൽ തുടരെ പരീക്ഷിക്കുന്നതും ആരാധകർക്കിടയിൽ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. മുൻപ് തന്നെ ഗില്ലിന് ഇന്ത്യയുടെ ടി20 സെറ്റപ്പിന് പറ്റിയ ആളല്ല ഗിൽ എന്ന വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ, ഓൾ ഫോർമാറ്റ് താരമെന്ന നിലയിൽ ഏഷ്യാ കപ്പിൽ വൈസ് ക്യാപ്റ്റനായി താരത്തെ കൊണ്ടുവന്ന ബിസിസിഐ തങ്ങളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കി. ടി20 യോടൊപ്പം ഏകദിനത്തിലും സഞ്ജുവിന് അവസരം നഷ്ടമായി. ഇതും ആരാധകർക്കിടയിൽ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.