Betting App Case : റെയ്നയ്ക്കും ധവാനും ഇഡിയുടെ കുരുക്ക്; ബെറ്റിങ് ആപ്പ് കേസിൽ 11.14 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
Suresh Raina Shikhar Dhawan Betting App Case : ഓൺലൈൻ വാതുവെപ്പ് ആപ്ലിക്കേഷനായ വൺഎക്സ് ബെറ്റ് എന്ന ആപ്പിനെതിരായ കേസിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നടപടി. കേസിൽ സുരേഷ് റെയ്നയും ശിഖർ ധവാനെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
ന്യൂ ഡൽഹി : ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാൻ്റെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇരുവരുടെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കേന്ദ്ര ഏജൻസി കണ്ടുകെട്ടിയത്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഉൾപ്പെടെ 6.64 കോടി രൂപയുടെ സ്വത്തുക്കളാണ് റെയ്നയുടെ കണ്ടുകെട്ടിയത്. 4.5 കോടി രൂപയുടെ സ്വത്തുക്കളാണ് ധവാൻ്റെ കണ്ടുകെട്ടിയത്.
ഓൺലൈൻ വാതുവെപ്പ് ആപ്ലിക്കേഷനായ വൺഎക്സ് ബെറ്റ് എന്ന ആപ്പിനെതിരെയുള്ള കേസിനോട് അനുബന്ധിച്ചാണ് ഈ നടപടിയെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. വൺഎക്സ് ബെറ്റിന് ഇന്ത്യയിൽ കൂടുതൽ പ്രചാരം നൽകുന്നതിന് വേണ്ടി റെയ്നയും ധവാനും വിദേശത്ത് വെച്ച് കരാറിൽ ഏർപ്പെട്ടുയെന്നും നിയമവിരുദ്ധമായ വാതുവെപ്പ് പ്രവർത്തികളിലൂടെ പണം സമ്പാദിച്ചത് കുറ്റകൃത്യമാണെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി.
അനധികൃത പണമിടപാടുകൾ നടത്തുന്ന മ്യൂൾ അക്കൗണ്ടുകൾ വഴി വൺഎക്സ് ബെറ്റ് 6,000ത്തിൽ അധികം വാതുവെപ്പ് ശൃംഖലകൾ ഇന്ത്യ പ്രവർത്തിപ്പിക്കുന്നുണ്ട്. ഒന്നിലധികം പേയ്മെൻ്റ് ഗേറ്റുവേ ഉപയോഗിച്ച് ഉറവിടം മറച്ചുവെച്ച് അനധികൃത പണമിടപാടകുൾ നടത്തി. ഇതിൽ പല ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ 1000 കോടിയിൽ അധികം കള്ളപ്പണം ഇടപാടുകൾ കണ്ടെത്തിയെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.