India vs England: പടുകൂറ്റൻ സ്കോറിന് മുന്നിൽ വിറങ്ങലിച്ച് ഇംഗ്ലണ്ട്; 72 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടം
England Lost 3 Wickets vs India: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ്.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് പതറുന്നു. ഇന്ത്യ മുന്നോട്ടുവച്ച 608 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഒലി പോപ്പും (24) ഹാരി ബ്രൂക്കും (15) ക്രീസിൽ തുടരുന്നു.
പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. റൺസ് എടുക്കുന്നതിന് മുൻപ് തന്നെ സാക്ക് ക്രോളിയെ മുഹമ്മദ് സിറാജ് മടക്കി അയച്ചു. ബെൻ ഡക്കറ്റ് ആക്രമിച്ചാണ് കളിച്ചത്. അതിവേഗത്തിൽ സ്കോർ ചെയ്ത താരത്തെ (15 പന്തിൽ 25) ആകാശ് ദീപ് വീഴ്ത്തി. പിന്നാലെ ആറ് റൺസ് നേടിയ ഹാരി ബ്രൂക്കും ആകാശ് ദീപിന് മുന്നിൽ വീണു. ഒരു ദിവസവും ഏഴ് വിക്കറ്റും ബാക്കിനിൽക്കെ ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം 536 റൺസാണ്.
Also Read: India vs England: റൺമല കെട്ടിപ്പൊക്കി ഡിക്ലയർ ചെയ്ത് ഇന്ത്യ; ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 608 റൺസ്




ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ വീണ്ടും ശുഭ്മൻ ഗില്ലാണ് തിളങ്ങിയത്. ഗിൽ 162 പന്തിൽ 161 റൺസെടുത്ത് പുറത്തായപ്പോൾ രവീന്ദ്ര ജഡേജ (69 നോട്ടൗട്ട്), ഋഷഭ് പന്ത് (65), കെഎൽ രാഹുൽ (55) എന്നിവർ ഫിഫ്റ്റിയടിച്ചു. ഇംഗ്ലണ്ടിനായി ജോഷ് ടോങും ഷൊഐബ് ബാഷിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡൻ കാഴ്സിനും ജോ റൂട്ടിനും ഓരോ വിക്കറ്റ് വീതമുണ്ട്.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 587 റൺസിന് ഓൾഔട്ടായപ്പോൾ ഇംഗ്ലണ്ട് 407 റൺസിന് ഓൾഔട്ടായി. ശുഭ്മൻ ഗിൽ (269) ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ജേമി സ്മിത്ത് (184 നോട്ടൗട്ട്) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ ജയം. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.