India vs England: ഇംഗ്ലണ്ട് വാലറ്റത്തെ ക്ലീനപ്പ് ചെയ്ത് സിറാജ്; രണ്ടാം ടെസ്റ്റിൽ ലീഡെടുത്ത് ഇന്ത്യ
India Takes Lead vs England: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ലീഡെടുത്ത് ഇന്ത്യ. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 407 റൺസിന് ഓൾ ഔട്ടാക്കിയാണ് ഇന്ത്യ ലീഡെടുത്തത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 180 റൺസിൻ്റെ ലീഡാണ് എടുത്തത്. ആറാം വിക്കറ്റിൽ ഹാരി ബ്രൂക്കും ജേമി സ്മിത്തും ചേർന്ന് ഇംഗ്ലണ്ടിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും വാലത്തെ ക്ലീനപ്പ് ചെയ്ത മുഹമ്മദ് സിറാജ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചു. സിറാജ് ആറ് വിക്കറ്റ് വീഴ്ത്തി. ബാക്കി നാല് വിക്കറ്റ് ആകാശ് ദീപിനാണ്. 184 റൺസ് നേടി പുറത്താവാതെ നിന്ന ജേമി സ്മിത്താണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഹാരി ബ്രൂക്ക് 158 റൺസെടുത്തു.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ ഫോളോ ഓൺ ഉറപ്പിച്ചിരുന്ന ഇംഗ്ലണ്ടിനെ ആറാം വിക്കറ്റിൽ ജേമി സ്മിത്തും ഹാരി ബ്രൂക്കും ചേർന്ന മാരത്തൺ ഇന്നിംഗ്സാണ് കരകയറ്റിയത്. ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ച സ്മിത്ത് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. കേവലം 80 പന്തിൽ നിന്ന് താരം സെഞ്ചുറി തികച്ചു. മറുവശത്ത് ബ്രൂക്കും സെഞ്ചുറി കടന്ന് മുന്നേറി. 303 റൺസ് ആണ് ഈ കൂട്ടുകെട്ടുകെട്ടിൽ പിറന്നത്. ഒടുവിൽ ഹാരി ബ്രൂക്കിനെ വീഴ്ത്തി ആകാശ് ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ക്രിസ് വോക്സ് (5) ആകാശ് ദീപിൻ്റെ അടുത്ത ഇരയായപ്പോൾ ബ്രൈഡൻ കാഴ്സ് (0), ജോഷ് ടോങ് (0), ഷൊഐബ് ബാഷിർ (0) എന്നിവർ സിറാജിന് മുന്നിൽ വീണു. ഇംഗ്ലണ്ട് 407 റൺസിന് ഓൾ ഔട്ട്.




180 റൺസിൻ്റെ ലീഡെടുത്ത് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ്. 28 റൺസ് നേടിയ യശസ്വി ജയ്സ്വാൾ ആണ് പുറത്തായത്. കെഎൽ രാഹുലും (28) കരുൺ നായരും (7) ക്രീസിലുണ്ട്.