Shubman Gill: ഇരട്ട സെഞ്ചുറിത്തിളക്കത്തില്‍ ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്റെ കരുത്തില്‍ ഇന്ത്യയുടെ കുതിപ്പ്
Shubman Gill hits double century in Edgbaston test: ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനായും ഗില്‍ മാറി. എംകകെ പട്ടൗഡിയാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്. ഇരട്ട സെഞ്ചുറി നേടുമ്പോള്‍ പട്ടൗഡിക്ക് 23 വയസായിരുന്നു പ്രായം. ഗില്ലിന് 25 വയസും
എഡ്ജ്ബാസ്റ്റണില്‍ ഇരട്ടസെഞ്ചുറിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. 311 പന്തിലാണ് താരം ഇരട്ട സെഞ്ചുറി നേടിയത്. ടെസ്റ്റില്‍ ഇതാദ്യമായാണ് ഗില്‍ ഇരട്ടസെഞ്ചുറി നേടുന്നത്. ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ എന്ന റെക്കോർഡും ഇതോടെ ഗില്‍ സ്വന്തമാക്കി. 1990 ൽ മാഞ്ചസ്റ്ററിൽ മുഹമ്മദ് അസ്ഹറുദ്ദീൻ സ്ഥാപിച്ച 179 റൺസായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന റെക്കോഡ്. ഇംഗ്ലണ്ടില്‍ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായും ഗില്‍ മാറി. രാഹുല്‍ ദ്രാവിഡും, സുനില്‍ ഗവാസ്‌കറുമാണ് ഇതിന് മുമ്പ് ഇംഗ്ലണ്ട് മണ്ണില്‍ 200 മറികടന്നത്.
സെന രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ) ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന നേട്ടവും ഇനി ഗില്ലിന് സ്വന്തം. 2011 ൽ ലോർഡ്‌സിൽ ശ്രീലങ്കന്‍ മുന്‍ താരം തിലകരത്‌നെ ദിൽഷൻ നേടിയ 193 റൺസിന്റെ റെക്കോഡാണ് പഴങ്കഥയായത്.
ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനായും ഗില്‍ മാറി. എംകകെ പട്ടൗഡിയാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്. ഇരട്ട സെഞ്ചുറി നേടുമ്പോള്‍ പട്ടൗഡിക്ക് 23 വയസായിരുന്നു പ്രായം. ഗില്ലിന് 25 വയസും.
രോഹിത് ശര്‍മ വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ ഗില്ലിന് ആദ്യ മത്സരത്തില്‍ ടീമിനെ ജയിപ്പിക്കാനായില്ലെങ്കിലും ബാറ്റിങില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.
ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റില ആദ്യ ഇന്നിങ്‌സില്‍ താരം 147 റണ്‍സ് നേടിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി. എട്ട് റണ്‍സാണ് താരം രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. ലീഡ്‌സ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. എഡ്ജ്ബാസ്റ്റണില്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം. ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ (89), യശ്വസി ജയ്‌സ്വാള്‍ (87) എന്നിവരും തിളങ്ങി.