India vs South Africa: ‘എൻ്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ’; ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും ജയിച്ചത് തൻ്റെ കീഴിലാണെന്ന് ഗംഭീർ
Gautam Gambhir About His Future: തൻ്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന നിലപാടുമായി ഗൗതം ഗംഭീർ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നഷ്ടത്തിന് ശേഷമാണ് ഗംഭീറിൻ്റെ പ്രതികരണം.
തൻ്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. തൻ്റെ കീഴിലാണ് ഇന്ത്യൻ ടീം ഏഷ്യാ കപ്പും ചാമ്പ്യൻസ് ട്രോഫിയും ജയിച്ചത് എന്നും ഗംഭീർ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ പരാജയപ്പെട്ട് പരമ്പര അടിയറ വച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗംഭീറിൻ്റെ പ്രതികരണം.
“അത് തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്, ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം. ഞാൻ പ്രധാനമല്ല. ഇംഗ്ലണ്ടിൽ റിസൽട്ടുണ്ടാക്കിയ, ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും വിജയിച്ച അതേയാളാണ് ഞാൻ. ഈ ടീം പഠിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പര പരാജയത്തിൽ ഇന്ത്യൻ ക്യാമ്പിലെ എല്ലാവരും ഉത്തരവാദികളാണ്. അത് തുടങ്ങേണ്ടത് എന്നിൽ നിന്നാണ്. നമ്മൾ നന്നായി കളിക്കേണ്ടിയിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിൽ നിന്ന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല. ഒരു ഷോട്ടിൻ്റെ പേരിൽ ഒരാളെ കുറ്റപ്പെടുത്താൻ കഴിയില്ല. എല്ലാവരും ഉത്തരവാദികളാണ്.”- ഗംഭീർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
Also Read: India vs South Africa: ഗംഭീറിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമായേക്കും, ഗുവാഹത്തിയിലും ഇന്ത്യ തോറ്റു
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടും തോറ്റാണ് ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തിയത്. ആദ്യ കളി 30 റൺസിന് തോറ്റപ്പോൾ രണ്ടാമത്തെ കളി 403 റൺസിൻ്റെ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. രണ്ട് മത്സരത്തിലുമാണ് 201 റൺസാണ് ഇന്ത്യയുടെ ഉയർന്ന ഇന്നിംഗ്സ് സ്കോർ. ഇന്ത്യൻ ടോപ്പ് ഓർഡർ തുടർ നിരാശപ്പെടുത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ 124 റൺസുമായി മികച്ച റൺ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്. 17 വിക്കറ്റുകളുമായി സൈമൺ ഹാർമർ ഒന്നാമതുള്ള പട്ടികയിൽ 10 വിക്കറ്റുമായി രവീന്ദ്ര ജഡേജ മൂന്നാമതുണ്ട്.