India vs South Africa: ഗംഭീറിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമായേക്കും, ഗുവാഹത്തിയിലും ഇന്ത്യ തോറ്റു
India lose the Test series against South Africa: ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. 408 റണ്‍സിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റ് തൂത്തുവാരി

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. 408 റണ്‍സിനാണ് പ്രോട്ടീസിനോട് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റ് തൂത്തുവാരി. 549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 140 റണ്‍സിന് ഓള്‍ ഔട്ടായി.
ആറു വിക്കറ്റെടുത്ത സൈമണ്‍ ഹാര്‍മറാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. കേശവ് മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കോ യാന്‍സനും, സെനുരാന്‍ മുത്തുസ്വാമിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. രവീന്ദ്ര ജഡേജ ഒഴികെയുള്ള ബാറ്റര്‍മാരെല്ലാം രണ്ടാം ഇന്നിങ്‌സില്‍ പരാജയമായി.
ജഡേജ 54 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മറ്റൊരു ബാറ്റര്‍ പോലും 20 റണ്‍സ് പോലും പിന്നിട്ടില്ലെന്നതാണ് നാണക്കേട്. 16 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ബാറ്റിങ് എത്രത്തോളം ശോകമായിരുന്നു വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
യശ്വസി ജയ്‌സ്വാള്‍-13, കെഎല്‍ രാഹുല്‍-6, സായ് സുദര്‍ശന്‍-14, കുല്‍ദീപ് യാദവ്-5, ധ്രുവ് ജൂറല്‍-2, ഋഷഭ് പന്ത്-13, നിതീഷ് കുമാര്‍ റെഡ്ഡി-0, മുഹമ്മദ് സിറാജ്-0, ജസ്പ്രീത് ബുംറ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.
ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സ് നേടിയിരുന്നു. ഇന്ത്യയുടെ മറുപടി 201 റണ്‍സിലൊതുങ്ങി. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റിന് 260 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തു. റെഡ് ബോള്‍ ക്രിക്കറ്റില്‍ തീര്‍ത്തും നിരാശനകമായ പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നത്. പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ മുന്നോട്ടുപോക്ക് ഇനി എത്ര എളുപ്പമായേക്കില്ല. സ്വന്തം നാട്ടില്‍ പരമ്പര അടിയറവ് വച്ചത് ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിപ്പിച്ചേക്കാം.