SMAT 2025: 31 പന്തിൽ സെഞ്ചുറിയടിച്ച് ചെന്നൈ താരം; സർവീസസിനെ തകർത്തെറിഞ്ഞ് ഗുജറാത്ത്
Urvil Patel Scores 31 Ball Century: 31 പന്തിൽ സെഞ്ചുറിയടിച്ച് ഗുജറാത്ത് താരം ഉർവിൽ പട്ടേൽ. ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായാണ് താരം കളിക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025 സീസണിലെ ആദ്യ സെഞ്ചുറി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഗുജറാത്ത് ടൈറ്റൻസ് താരം ഉർവിൽ പട്ടേലിന്. സർവീസസിനെതിരെ 31 പന്തിൽ സെഞ്ചുറി നേടിയ താരം ഗുജറാത്തിന് തകർപ്പൻ വിജയവുമൊരുക്കി. എലീറ്റ് ഗ്രൂപ്പ് സിയിൽ സർവീസസിനെ എട്ട് വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത സർവീസസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 182 റൺസെന്ന മികച്ച സ്കോറിലെത്തി. 37 പന്തിൽ 60 റൺസ് നേടിയ ഓപ്പണർ ഗൗരവ് കൊഛാർ ആണ് സർവീസസിനായി തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ആര്യ ദേശായിയും ഉർവിൽ പട്ടേലും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തന്നെ ഗുജറാത്തിൻ്റെ ജയമുറപ്പിച്ചു. കേവലം 11.2 ഓവറിൽ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 174 റൺസ് പടുത്തുയർത്തി. 35 പന്തിൽ 60 റൺസ് നേടി ദേശായ് മടങ്ങിയെങ്കിലും 31 പന്തിൽ സെഞ്ചുറി തികച്ച ഉർവിൽ 37 പന്തിൽ 119 റൺസുമായി പുറത്താവാതെ നിന്നു.
12 ബൗണ്ടറിയും 10 സിക്സറും സഹിതമാണ് ഉർവിലിൻ്റെ സ്കോർ. ടി20യിൽ ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗതയേറിയ രണ്ടാം സെഞ്ചുറിയാണ് ഇത്. 28 പന്തിൽ സെഞ്ചുറി തികച്ച അഭിഷേക് ശർമ്മയാണ് ഒന്നാമത്.
ഉത്തരാഖണ്ഡിനെ കർണാടക അഞ്ച് വിക്കറ്റിന് കീഴടക്കി. ഉത്തരാഖണ്ഡ് മുന്നോട്ടുവച്ച 198 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തിൽ കർണാടക മറികടക്കുകയായിരുന്നു. വിദർഭയെ ഛത്തീസ്ഗഡ് 27 റൺസിന് മുട്ടുകുത്തിച്ചപ്പോൾ ഗോവയ്ക്കെതിരെ ഉത്തർ പ്രദേശ് ആറ് വിക്കറ്റ് ജയം നേടി. റെയിൽവേയ്സിനെ മുംബൈ ഏഴ് വിക്കറ്റിന് തോല്പിച്ചു.