India vs England: ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് സുന്ദറും, ജഡേജയും; മാഞ്ചസ്റ്റര്‍ പോരാട്ടം സമനിലയില്‍
India vs England Second Innings: സുന്ദര്‍-ജഡേജ സഖ്യം നാലാം വിക്കറ്റില്‍ നിലവില്‍ 203 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. മൂന്നാം വിക്കറ്റില്‍ കെഎല്‍ രാഹുല്‍-ശുഭ്മാന്‍ ഗില്‍ സഖ്യം നടത്തിയ പോരാട്ടവീര്യത്തിന് സമാനമായിരുന്നു സുന്ദര്‍-ജഡേജ സഖ്യത്തിന്റെ ചെറുത്തുനില്‍പ്

രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും
മാഞ്ചസ്റ്റര്‍: നാലാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഇന്നിങ്‌സ് ജയം സ്വന്തമാക്കാമെന്ന ഇംഗ്ലണ്ടിന്റെ വ്യാമോഹം പാളി. യശ്വസി ജയ്‌സ്വാളും, സായ് സുദര്‍ശനും രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും മറ്റ് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം തിളങ്ങിയതോടെ മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സ് എടുത്തിരുന്നു. 101 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും, 107 റണ്‍സുമായി രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍.
കരുതലോടെ ബാറ്റ് ചെയ്ത സുന്ദര്‍-ജഡേജ സഖ്യം നാലാം വിക്കറ്റില്‍ നിലവില്‍ 203 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ കെഎല്‍ രാഹുല്‍-ശുഭ്മാന്‍ ഗില്‍ സഖ്യം നടത്തിയ പോരാട്ടവീര്യത്തിന് സമാനമായിരുന്നു സുന്ദര്‍-ജഡേജ സഖ്യത്തിന്റെ ചെറുത്തുനില്‍പ്.
103 റണ്‍സെടുത്താണ് ശുഭ്മാന്‍ ഗില്‍ പുറത്തായത്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സെഞ്ചുറി നേടാന്‍ രാഹുലിന് സാധിച്ചില്ല. 90 റണ്‍സെടുത്താണ് താരം ഔട്ടായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്ക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ ഇന്ത്യയ്ക്ക് ജയ്‌സ്വാളിനെയും സുദര്‍ശനെയും നഷ്ടപ്പെട്ടിരുന്നു. തുടക്കത്തില്‍ നേരിട്ട വമ്പന്‍ തകര്‍ച്ചയില്‍ നിന്നും പിന്നാലെ ക്രീസിലെത്തിയ ബാറ്റര്‍മാര്‍ ഇന്ത്യയെ കരകയറ്റുകയായിരുന്നു.
Read Also: India vs England: ഗില്ലിന് സെഞ്ചുറി, മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ ടീമിനെ തോളിലേറ്റി ക്യാപ്റ്റന്‍
ആദ്യ ഇന്നിങ്‌സില്‍ 311 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ആതിഥേയര്‍ ഇന്നിങ്‌സ് ജയമാണ് സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര നേടാമെന്ന ശുഭ്മാന്‍ ഗില്ലിന്റെയും സംഘത്തിന്റെയും മോഹം യാഥാര്‍ത്ഥ്യമാകില്ല. അവസാന മത്സരത്തില്‍ ഇന്ത്യ ജയിച്ചാലും പരമ്പര 2-2 എന്ന നിലയില്‍ അവസാനിക്കും. എന്നാല്‍ അവസാന മത്സരത്തില്‍ ജയിക്കാനായാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാനാകും.