India vs England: സായ് സുദർശനെക്കാൾ മികച്ച റെക്കോർഡുകൾ; എന്നിട്ടും അഭിമന്യു ഈശ്വരനെ പരിഗണിക്കാതെ മാനേജ്മെൻ്റ്: വിമർശനം
Fans Criticizes BCCI For Not Considering Abhimanyu Easwaran: അഭിമന്യു ഈശ്വരന് പകരം സായ് സുദർശനെ ടീമിലെടുത്തതിൽ ബിസിസിഐയ്ക്കെതിരെ ആരാധകർ. സുദർശനെക്കാൾ മികച്ച ആഭ്യന്തര റെക്കോർഡുകളുണ്ടായിട്ടും ഈശ്വരനെ പരിഗണിച്ചില്ലെന്നാണ് വിമർശനം.

Fans Criticizes Bcci For Not Considering Abhimanyu Easwaran
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുകളുണ്ടായിട്ടും അഭിമന്യു ഈശ്വരനെ ഇംഗ്ലണ്ടിനെതിരായ ടീമിൽ പരിഗണിക്കാതിരുന്നതിനെതിരെ വിമർശനം. മൂന്നാം നമ്പരിൽ സായ് സുദർശനെയാണ് മാനേജ്മെൻ്റ് പരിഗണിച്ചത്. ആദ്യ ഇന്നിംഗ്സിൽ റൺസൊന്നുമെടുക്കാതെ സായ് സുദർശൻ പുറത്തായിരുന്നു. ഇതോടെയാണ് മാനേജ്മെൻ്റിനെ വിമർശിച്ച് ക്രിക്കറ്റ് ആരാധകർ രംഗത്തുവന്നു.
വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ചുകളിക്കുന്ന താരമാണ് അഭിമന്യു ഈശ്വരൻ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 49നടുത്താണ് അഭിമന്യു ഈശ്വരൻ്റെ ശരാശരി. 101 മത്സരങ്ങൾ കളിച്ച താരം 7674 റൺസാണ് നേടിയത്. 27 സെഞ്ചുറിയും 29 ഫിഫ്റ്റിയുമുണ്ട്. സായ് സുദർശനാവട്ടെ 29 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് ആകെ 1957 റൺസ് നേടി. 39.93 ആണ് ശരാശരി. സായ് സുദർശനെക്കാൾ മികച്ച റെക്കോർഡുകളുണ്ടായിട്ടും അഭിമന്യു ഈശ്വരനെ ടീമിൽ പരിഗണിച്ചില്ലെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു.
മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ്. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യക്കായി തകർത്തുകളിച്ചത്. താരം 101 റൺസ് നേടി പുറത്തായി. ബെൻ സ്റ്റോക്സിനായിരുന്നു വിക്കറ്റ്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (70) ഋഷഭ് പന്തും (10) ക്രീസിൽ തുടരുകയാണ്. കെഎൽ രാഹുൽ 42 റൺസ് നേടി പുറത്തായപ്പോൾ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സായ് സുദർശൻ റൺസൊന്നുമെടുക്കാതെ മടങ്ങി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് രണ്ട് വിക്കറ്റും ബ്രൈഡൻ കാഴ്സ് ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് വിജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. സായ് സുദർശൻ ഇന്ത്യക്കായി അരങ്ങേറി. കരുൺ നായർ എട്ട് വർഷങ്ങൾക്ക് ശേഷം ടീമിൽ ഇടം പിടിച്ചു.