India vs England: ഇന്ത്യൻ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി ബെൻ സ്റ്റോക്സ്; മികച്ച തുടക്കത്തിന് ശേഷം തകർച്ച, ഓൾ ഔട്ട്
India All Out For 471 Runs vs England: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. അവസാന ഏഴ് വിക്കറ്റ് 41 റൺസിന് നഷ്ടമായ ഇന്ത്യ 471 റൺസിന് ഓൾ ഔട്ടായി.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 471 റൺസിന് പുറത്ത്. നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസെന്ന നിലയിൽ നിന്നാണ് ഇന്ത്യ തകർന്നടിഞ്ഞത്. 147 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഋഷഭ് പന്ത് (134), യശസ്വി ജയ്സ്വാൾ (101) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നാല് വിക്കറ്റ് വീഴ്ത്തി മുന്നിൽ നിന്ന് നയിച്ചപ്പോൾ ജോഷ് ടോങിനും നാല് വിക്കറ്റുണ്ട്.
3 വിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സെഞ്ചുറി നേടിക്കഴിഞ്ഞ ഗില്ലും ഫിഫ്റ്റി തികച്ച പന്തും ചേർന്ന് ഇന്ത്യയെ അനായാസം മുന്നോട്ടുനയിച്ചു. ആധികാരികമായി ബാറ്റ് ചെയ്തിരുന്ന ഇരുവർക്കും മുന്നിൽ ഇംഗ്ലണ്ടിനും ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും മറുപടി ഇല്ലാതെയായി. ഇതിനിടെ ഋഷഭ് പന്തും സെഞ്ചുറി തികച്ചു. 209 റൺസിൻ്റെ പടുകൂറ്റൻ കൂട്ടുകെട്ടാണ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേർന്ന് പടുത്തുയർത്തിയത്. ഒടുവിൽ 150ലെത്താൻ ആക്രമിച്ച ശുഭ്മൻ ഗില്ലിനെ വീഴ്ത്തി ഷൊഐബ് ബാഷിർ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു.



എട്ട് വർഷങ്ങൾക്ക് ശേഷം ടീമിൽ തിരികെയെത്തിയ കരുൺ നായരുടെ ആയുസ് കേവലം നാല് പന്തുകളായിരുന്നു. കരുണിനെ ബെൻ സ്റ്റോക്സ് പുറത്താക്കി. പിന്നാലെ ഋഷഭ് പന്തും പുറത്തായി. ജോഷ് ടോങിനായിരുന്നു വിക്കറ്റ്. ശാർദുൽ താക്കൂർ (1), ജസ്പ്രീത് ബുംറ (0), രവീന്ദ്ര ജഡേജ (11), പ്രസിദ്ധ് കൃഷ്ണ (1) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യൻ ബാറ്റിംഗ് അവസാനിച്ചു. മുഹമ്മദ് സിറാജ് (3) നോട്ടൗട്ടാണ്. ശാർദുൽ ഒഴികെ ബാക്കി മൂന്ന് പേരെയും മടക്കിയത് ജോഷ് ടോങ് ആയിരുന്നു. ബ്രൈഡൻ കാഴ്സിനും ഷൊഐബ് ബാഷിറിനും ഓരോ വിക്കറ്റ് വീതമുണ്ട്.