India vs New Zealand : ആദ്യം അഭിഷേകും റിങ്കുവും കസറി; പിന്നെ ബോളർമാർ എറിഞ്ഞു പിടിച്ചു; ആദ്യ ടി20 ഇന്ത്യക്ക്
IND vs NZ Match Update : ഓപ്പണിങ്ങിന് ഇറങ്ങിയ അഭിഷേക് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പത്ത് റൺസ് മാത്രമാണ് സഞ്ജു സാംസണിന് നേടാനായത്.
നാഗ്പൂർ : ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി20യിൽ ഇന്ത്യക്ക് 48 റൺസിൻ്റെ ജയം. ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കിവീസിന് 190 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യക്കായി അഭിഷേക ശർമയും റിങ്കു സിങ്ങും ബാറ്റിങ്ങിൽ തീപ്പൊരി ആയപ്പോൾ. കൃത്യതയോടെ പന്തെറിഞ്ഞ ബോളർമാർ ജയം അനയാസമാക്കി. അതേസമയം മലയാളി താരം സഞ്ജു സാംസണും ഏറെനാളുകൾക്ക് ശേഷം ടീമിലേക്ക് തിരികെയെത്തിയ ഇഷാൻ കിഷനും നിരാശയാണ് സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യ മൂന്ന് ഓവറുകൾക്കുള്ളിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായി. പത്ത് റൺസെടുത്ത സഞ്ജു സാംസണും വൺഡൗണായി എത്തിയ ഇഷാൻ കിഷനുമായി ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തുടർന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഓപ്പണർ അഭിഷേക് ശർമയും ചേർന്ന് സമ്മർദ്ദം വകവെക്കാതെ ടീമിൻ്റെ സ്കോർബോർഡ് അധിവേഗം 100 കടത്തി. തുടരെ സിക്സറുകളും ബൗണ്ടറികുളും പായിച്ച് കസറി നിൽക്കുമ്പോൾ തന്നെയാണ് ഇന്ത്യക്ക് ഓപ്പണർ അഭിഷേകിൻ്റെ വിക്കറ്റ് നഷ്ടമാകുന്നത്. 35 പന്തുൽ എട്ട് സിക്സറും അഞ്ച് ബൗണ്ടറികളുമായി 84 റൺസെടുത്താണ് അഭിഷേക് പുറത്തായത്.
അഭിഷേക പുറത്തായതിന് പിന്നാലെ ഹാർദിക് പാണ്ഡ്യയും തന്നെ കൊണ്ട് കഴിയുന്ന വിധം സ്കോർബോർഡിലേക്ക് സംഭാവന നൽകി. 32 റൺസെടുത്ത് സൂര്യകുമാറും 25 റൺസെടുത്ത് പാണ്ഡ്യയും പുറത്തായി. ഇതിനിടെ ഒമ്പത് റൺസ് മാത്രമെടുത്ത ശിവം ദൂബെയും ഡഗ്ഗഔട്ടിലേക്ക് തിരികെ കയറി. എന്നാൽ അവാസനം ഏറെ നാളായി കാണാൻ സാധിക്കാതെ റിങ്കു ഷോ ഉടലെടുത്തു. വെറും 20 പന്തിൽ മൂന്ന് സിക്സറുകളും നാല് ബൗണ്ടറികളും പായിച്ച് പുറത്താകാതെ 44 റൺസെടുത്താണ റിങ്കു ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം കിവീസിനെതിരെ ഉയർത്താൻ സാധിച്ചത്. കിവീസിനായി ജേക്കബ് ഡഫ്ഫിയും കൈയിൽ ജെയ്മിസണും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ക്രിസ് ക്ലാർക്കും ഇഷ് സോദിയും മിച്ചൽ സാൻ്റ്നെറുമാണ് മറ്റ് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കത്തിൽ തകർച്ച നേരിടേണ്ടി വന്നു. റൺസൊമെടുക്കാതെ ഓപ്പണർ ഡെവോൺ കോൺവെ ആദ്യ ഓവറിൽ തന്നെ പുറത്തായി. മാസ്മരികമായ ക്യാച്ചെടുത്ത് സഞ്ജു ആണ് കോൺവെയെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ രചിൻ രവീന്ദ്രയും പുറത്തായതോടെ സന്ദർശകർക്ക് മേലെ കൂടുതൽ സമർദ്ദമേറി. നാലാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സും മാർക്ക് ചാപ്മാനും ചേർന്ന് ടീമിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും അത് അവസാനമെത്തിയപ്പോൾ ഫലം കണ്ടില്ല. ഇരുവരും ടീമിന് വൻ ദുരന്തത്തിൽ നിന്നും കരകയറ്റിയെങ്കിലും അത് ജയത്തിലേക്കെത്തിക്കാനുള്ള റൺറേറ്റ് സമ്മാനിച്ചില്ല. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകളും നഷ്ടമായതോടെ കിവീസ് തോൽവി ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തിയും ശിവം ദൂബെയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലുമാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ജനുവരി 23-ാം തീയതി ഛത്തീസ്ഗഡിൽ റായ്പൂരിൽ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം.