Ind vs NZ: തിരുവനന്തപുരത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 മത്സരം കാര്യവട്ടത്ത്
India vs New Zealand T20 Series: 2026 ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന മത്സരമെന്ന നിലയില്‍ ഈ പരമ്പര ഏറെ പ്രസക്തമാണ്. ഏപ്രിലില്‍ ഒരു ഏകദിന മത്സരം കൂടി കാര്യവട്ടത്ത് നടന്നേക്കുമെന്നും വിവരമുണ്ട്
അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ ഒരു മത്സരത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. ടി20, ഏകദിന പരമ്പരകള്‍ക്കായാണ് ന്യൂസിലന്‍ഡ് ടീം ഇന്ത്യയിലെത്തുന്നത്. ഇതില്‍ ഒരു ടി20 മത്സരമാകും കാര്യവട്ടത്ത് നടക്കുന്നത്. പരമ്പരയുടെ തീയതികള്‍ പിന്നീട് പുറത്തുവിടും. നാഗ്പുര്‍, ജയ്പുര്‍, ഹൈദരാബാദ്, ഗുവാഹത്തി, രാജ്‌കോട്ട്, മൊഹാലി, ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് ടി20 മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളും ന്യൂസിലന്‍ഡ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ടാകും.
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന പരമ്പരയ്ക്കായി മറ്റ് ചില കേന്ദ്രങ്ങളും പരിഗണനയിലുണ്ട്. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ എട്ട് വൈറ്റ് ബോൾ മത്സരങ്ങൾക്ക് ശേഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി ടി20 ലോകകപ്പ് നടക്കും.
2026 ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന മത്സരമെന്ന നിലയില്‍ ഈ പരമ്പര ഏറെ പ്രസക്തമാണ്. ഏപ്രിലില്‍ ഒരു ഏകദിന മത്സരം കൂടി കാര്യവട്ടത്ത് നടന്നേക്കുമെന്നും വിവരമുണ്ട്. ഇക്കാര്യം ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.




നേരത്തെ ഏകദിന ലോകകപ്പ് സന്നാഹമത്സരങ്ങള്‍ക്ക് കാര്യവട്ടവും തിരഞ്ഞെടുത്തിരുന്നു. എങ്കിലും പ്രതികൂല കാലാവസ്ഥയിലാണ് പല മത്സരങ്ങളും നടന്നത്. പിന്നീട് കാര്യവട്ടത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ നടന്നിട്ടില്ല. ഈ വര്‍ഷം, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു വേദിയായി കാര്യവട്ടത്തെയും തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റി.