WTC Final Aus vs SA: ജയിച്ചാലും തോറ്റാലും കിട്ടുന്നത് കോടികള്‍, മത്സരം സമനിലയിലായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരു കൊണ്ടുപോകും?
World Test Championship Final Aus vs SA: രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഫൈനലിന് ഇറങ്ങുന്നത്. കന്നിക്കിരീടമാണ് ദക്ഷിണാഫ്രിക്കയുടെ സ്വപ്നം. മത്സരത്തിന്റെ ആദ്യ ദിനം മഴഭീഷണിയില്ല

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് ആരംഭിക്കും. ഇന്ന് മുതല്‍ ജൂണ്‍ 15 വരെ ലോഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഫൈനലിന് ഇറങ്ങുന്നത്. കന്നിക്കിരീടമാണ് ദക്ഷിണാഫ്രിക്കയുടെ സ്വപ്നം. മത്സരത്തിന്റെ ആദ്യ ദിനം മഴഭീഷണിയില്ല. എന്നാല്‍ രണ്ടും മൂന്നും ദിനങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും മത്സരം കാര്യമായി തടസപ്പെട്ടേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മത്സരം സമനിലയില്‍ കലാശിച്ചാല്‍ ഇരുടീമുകളും ട്രോഫി പങ്കിടും.
ടെസ്റ്റ് ക്രിക്കറ്റിൽ സൂപ്പർ ഓവർ പോലെ അധിക ടൈബ്രേക്കർ അനുവദിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയോ അല്ലെങ്കില്‍ മറ്റു കാരണങ്ങളാലോ മത്സരം തടസപ്പെട്ടാല്‍ 16ന് റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. അധിക സെഷനുകളിലൂടെയും സമയനഷ്ടം നികത്താന്‍ സാധിച്ചില്ലെങ്കില്‍ മാത്രമേ റിസര്‍വ് ദിനം ഉപയോഗിക്കൂ. അനിവാര്യമെങ്കില്‍ ആറാം ദിവസം പരമാവധി 90 ഓവറുകള്‍ വരെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സമ്മാനത്തുക
- ജേതാക്കള്‍: 3.6 മില്യണ്‍ ഡോളര്‍
- റണ്ണേഴ്‌സ് അപ്പ്: 2.16 മില്യണ്‍ ഡോളര്‍




പാറ്റ് കമ്മിന്‍സാണ് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍. മികച്ച പ്രകടനമാണ് ടെസ്റ്റില്‍ സമീപകാലത്ത് ഓസീസ് പുറത്തെടുക്കുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലടക്കം ഓസീസ് കരുത്ത് വ്യക്തമായിരുന്നു. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് ഓസ്‌ട്രേലിയ ജേതാക്കളായത്. മറുവശത്ത്, കരുത്തരായ ടീമെങ്കിലും പ്രധാന കിരീടങ്ങള്‍ നേടാന്‍ പറ്റാത്തതിന്റെ നാണക്കേട് അവസാനിപ്പിക്കാനാണ് ടെംബ ബവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ശ്രമം.