India W vs Sri Lanka W: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; വനിതാ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് കാര്യവട്ടത്ത്; ഒരു വിക്കറ്റ് അകലെ ദീപ്തി ശര്‍മയെ കാത്തിരിക്കുന്നത്
India W vs Sri Lanka W T20 Series: വനിതാ ടി20 പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം

Deepti Sharma
തിരുവനന്തപുരം: വനിതാ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. നിലവില്‍ 4-0ന് ലീഡ് ചെയ്യുന്ന ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കി. പരമ്പര തൂത്തുവാരുകയാണ് ആതിഥേയരുടെ ലക്ഷ്യം. മറുവശത്ത്, ഒരു മത്സരമെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കുകയാണ് ലങ്കയുടെ ലക്ഷ്യം. അവസരം കാത്തിരിക്കുന്ന താരങ്ങളെ ഇന്ത്യ ഇന്ന് പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിശാഖപട്ടണത്താണ് നടന്നത്. ആദ്യത്തേതില്‍ എട്ട് വിക്കറ്റിനും, രണ്ടാമത്തേതില്‍ ഏഴു വിക്കറ്റിനും ഇന്ത്യ ലങ്കയെ തറപറ്റിച്ചു. പരമ്പരയിലെ മൂന്നാം മത്സരം മുതല്‍ കാര്യവട്ടത്താണ് നടന്നത്. കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനും, രണ്ടാമത്തേതില്‍ 30 വിക്കറ്റിനും ഇന്ത്യ ജയം ആവര്‍ത്തിച്ചു.
റെക്കോഡ് നേട്ടത്തിനരികെ ദീപ്തി ശര്‍മ
വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കാന്‍ ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്ക് ഇനി വേണ്ടത് ഒരു വിക്കറ്റ് മാത്രം. നിലവില്‍ 151 വിക്കറ്റുകള്‍ വീതമുള്ള ദീപ്തിയും, ഓസ്‌ട്രേലിയയുടെ മേഗന്‍ ഷ്യൂട്ടുമാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. ഒരു വിക്കറ്റ് കൂടി നേടാനായാല്‍ മേഗനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി, 152 വിക്കറ്റുകളുമായി ദീപ്തിക്ക് ഒന്നാമതെത്താം.
132 മത്സരങ്ങളിൽ നിന്നാണ് ദീപ്തി 151 വിക്കറ്റുകള്‍ നേടിയത്. 4/10 ആണ് മികച്ച പ്രകടനം. കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തില്‍ ദീപ്തി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഈ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമായി ദീപ്തി മാറി. 333 വിക്കറ്റുകളാണ് ദീപ്തി ഇതുവരെ നേടിയത്. എന്നാല്‍ നാലാം ടി20യില്‍ വിക്കറ്റുകളൊന്നും ലഭിച്ചില്ല.