Greenfield Stadium: ലോക ചാമ്പ്യന്മാർ ഡിസംബർ 26 മുതൽ തിരുവനന്തപുരത്ത്; ടിക്കറ്റ് നിരക്കും മറ്റ് വിവരങ്ങളും
INDW vs SLW In Thiruvananthapuram: ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 മത്സരം തിരുവനന്തപുരത്ത്. ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും അറിയാം.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തുന്നു. ശ്രീലങ്കക്കെതിരായ മൂന്ന് ടി20കൾക്കായാണ് ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തുന്നത്. ഡിസംബർ 26, 28, 30 തീയതികളിൽ ഇന്ത്യ ഇവിടെ മത്സരങ്ങൾ കളിക്കും. മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കുറഞ്ഞ നിരക്കാണ് ടിക്കറ്റുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 250 രൂപ മാത്രമാണ് ജനറൽ ടിക്കറ്റിന് നൽകേണ്ടത്. വനിതകൾക്കും വിദ്യാർത്ഥികൾക്കും ഈ തുകയുടെ പകുതി നൽകിയാൽ മതിയാവും, 125 രൂപ. ഹോസ്പിറ്റാലിറ്റി സീറ്റുകളുടെ നിരക്ക് 3000 രൂപയാണ്. ടിക്കറ്റെടുക്കേണ്ടത് എങ്ങനെയെന്നറിയാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ സന്ദർശിക്കുക.
ആകെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. ആദ്യത്തെ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ്. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരം ഇന്ന് നടക്കും. 24ന് ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തുമെന്നാണ് കരുതപ്പെടുന്നത്.
Also Read: IND W Vs SL W: വീണ്ടും ഇന്ത്യയെ തോളിലേറ്റി ജെമിമ റോഡ്രിഗസ്; ശ്രീലങ്കയ്‌ക്കെതിരെ വിജയത്തുടക്കം
ലോക ചാമ്പ്യന്മാരായതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഇത്. ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ ഏകദിന ലോകകപ്പ് ജേതാക്കളായത് ഇക്കൊല്ലം നവംബർ രണ്ടിനാണ്.
ആദ്യ ടി20യിൽ ഇന്ത്യ എട്ട് വിക്കറ്റിനാണ് വിജയിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 32 പന്തുകളും എട്ട് വിക്കറ്റും ബാക്കിനിർത്തി ഇന്ത്യ മറികടന്നു. 44 പന്തുകൾ നേരിട്ട് പുറത്താവാതെ 69 റൺസ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സ്മൃതി മന്ദന 25 റൺസെടുത്ത് പുറത്തായി.
രണ്ടാം ഓവറില്‍ തന്നെ ഓപ്പണർ ഷഫാലി വര്‍മയെ നഷ്ടമായെങ്കിലും ജമീമയുടെ തകർപ്പൻ പ്രകടനം ഇന്ത്യയെ ആധികാരിക വിജയത്തിലെത്തിക്കുകയായിരുന്നു. 39 റൺസ് നേടിയ വിഷ്മി ഗുണരത്നെയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി യുവ സ്പിന്നർ വൈഷ്ണവി ശർമ്മ അരങ്ങേറിയിരുന്നു.