Sanju Samson: ‘ആ 37 നെ 73 ആക്കി മാറ്റൂ, അങ്ങനെ ചെയ്താല്‍ നിങ്ങളെ പുറത്താക്കില്ല’; സഞ്ജുവിന് നിര്‍ണായക ഉപദേശം
Former player's advice for Sanju Samson: സഞ്ജു സാംസണ് ഉപദേശവുമായി മുന്‍ താരം ക്രിസ് ശ്രീകാന്ത് രംഗത്ത്. സഞ്ജു നന്നായി ബാറ്റ് ചെയ്‌തെന്നും, എത്ര മികച്ച പ്രകടനമായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി
ടി20 ലോകകപ്പിനും, ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കും തയ്യാറെടുക്കുന്നതിന് മുമ്പ് സഞ്ജു സാംസണ് ഉപദേശവുമായി മുന്‍ താരം ക്രിസ് ശ്രീകാന്ത് രംഗത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അഞ്ചാമത്തെയും, അവസാനത്തെയും മത്സരത്തില്‍ സഞ്ജു സാംസണ്‍ 37 റണ്‍സ് നേടിയിരുന്നു. 22 പന്തില്‍ 37 റണ്‍സ് നേടിയ സഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്നാണ് ശ്രീകാന്തിന്റെ ഉപദേശം.
സഞ്ജു നന്നായി ബാറ്റ് ചെയ്‌തെന്നും, എത്ര മികച്ച പ്രകടനമായിരുന്നു അതെന്നും ശ്രീകാന്ത് പറഞ്ഞു. അദ്ദേഹം കളിച്ച ചില സ്ട്രോക്കുകൾ മികച്ചതായിരുന്നു. അദ്ദേഹം സ്ട്രൈക്ക് ചെയ്യുമ്പോൾ മാരകമായാണ് സ്ട്രൈക്ക് ചെയ്യുന്നതെന്നും ക്രിസ് ശ്രീകാന്ത് പറഞ്ഞു.
“സഞ്ജുവിനോട് എനിക്ക് പറയാനുള്ളത്, 37-ൽ പുറത്താകരുത് എന്നതാണ്. ആ 37-നെ 73 ആക്കി മാറ്റുക. അങ്ങനെ ചെയ്താൽ നിങ്ങളെ പുറത്താക്കാൻ കഴിയില്ല. ആളുകൾ 30-ഉം 40-ഉം മറക്കും,” ക്രിസ് ശ്രീകാന്ത് വ്യക്തമാക്കി.
സഞ്ജുവും, അഭിഷേക് ശര്‍മയും ഓപ്പണ്‍ ചെയ്തപ്പോള്‍ ഇന്ത്യയ്ക്ക് ടി20യില്‍ മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. എന്നാല്‍ വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ ടീമിലെത്തിയതോടെ ഏഷ്യാ കപ്പ് മുതല്‍ സഞ്ജുവിന്റെ സ്ഥാനം മധ്യനിരയിലായി. ഏഷ്യാ കപ്പില്‍ എല്ലാ മത്സരങ്ങളിലും സഞ്ജു മധ്യനിരയിലാണ് കളിച്ചത്. പിന്നീട് നടന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. പിന്നീട് സഞ്ജുവിനെ പുറത്തിരുത്തി ജിതേഷ് ശര്‍മയ്ക്ക് അവസരം നല്‍കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ജിതേഷാണ് കളിച്ചത്. നാലാം മത്സരം പുകമഞ്ഞ് മൂലം ഉപേക്ഷിച്ചു. അഞ്ചാം ടി20യിലെ പ്രകടനത്തോടെ സഞ്ജു ടി20 ലോകകപ്പ് ടീമിലെത്തുകയും ചെയ്തു. ഗില്ലിനൊപ്പം, ജിതേഷ് ശര്‍മയും ലോകകപ്പ് സ്‌ക്വാഡില്‍ നിന്നു പുറത്തായത് അപ്രതീക്ഷിതമായി.