IND W Vs SL W: വീണ്ടും ഇന്ത്യയെ തോളിലേറ്റി ജെമിമ റോഡ്രിഗസ്; ശ്രീലങ്കയ്‌ക്കെതിരെ വിജയത്തുടക്കം
India Women Vs Sri Lanka Women Cricket: ടി20 പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം. ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പിച്ചു. 122 റണ്‍സ് വിജയലക്ഷ്യം 32 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു
വിശാഖപട്ടണം: വനിതാ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 32 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ ആറു വിക്കറ്റിന് 121, ഇന്ത്യ 14.4 ഓവറില്‍ രണ്ട് വിക്കറ്റിന് 122.
പുറത്താകാതെ 44 പന്തില്‍ 69 റണ്‍സെടുത്ത ജെമിമ റോഡ്രിഗസിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓപ്പണര്‍ ഷെഫാലി വര്‍മയെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും മറ്റ് ബാറ്റര്‍മാര്‍ കാര്യമായ നാശനഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
അഞ്ച് പന്തില്‍ ഒമ്പത് റണ്‍സെടുത്ത ഷഫാലിയെ കാവ്യ കവിന്ദിയുടെ പന്തില്‍ ശാശിനി ജിംഹാനി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഷഫാലിയെ കൂടാതെ സ്മൃതി മന്ദാനയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 25 പന്തില്‍ 25 റണ്‍സെടുത്ത സ്മൃതി ഇനോക രനവീരയുടെ പന്തില്‍ നിലാക്ഷി ഡി സില്‍വയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ജെമിമയ്‌ക്കൊപ്പം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (16 പന്തില്‍ 15) പുറത്താകാതെ നിന്നു.
43 പന്തില്‍ 39 റണ്‍സെടുത്ത ഓപ്പണര്‍ വിസ്മി ഗുണരത്‌നെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. അപകടകാരിയായ ക്യാപ്റ്റന്‍ ചമാരി അത്തപത്തുവടക്കമുള്ള മറ്റ് ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 12 പന്തില്‍ 15 റണ്‍സെടുത്താണ് ലങ്കന്‍ ക്യാപ്റ്റന്‍ പുറത്തായത്.
ഹസിനി പെരേര-23 പന്തില്‍ 20, ഹഷിത സമരവിക്രമ-23 പന്തില്‍ 21, നിലാക്ഷി ഡി സില്‍വ-എട്ട് പന്തില്‍ എട്ട്, കവിഷ ദില്‍ഹരി-അഞ്ച് പന്തില്‍ 6, കൗഷനി നുത്യാനങ്ക-ആറു പന്തില്‍ ഒമ്പത് എന്നിങ്ങനെയാണ് മറ്റ് ലങ്കന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ, എന്‍ ചരണി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം 23ന് നടക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.