Gujarat Titans: ചന്തമില്ലാത്ത സായിയുടെ സെഞ്ചുറി; ഇഴഞ്ഞു നീങ്ങി ഗില്‍; ഗുജറാത്തിന്റെ തലവേദന ഓപ്പണര്‍മാരോ?
Gujarat Titans Openers: ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ സായ് സുദര്‍ശന്റെയും, ശുഭ്മാന്‍ ഗില്ലിന്റെയും മോശം സ്‌ട്രൈക്ക് റേറ്റിനെതിരെ വിമര്‍ശനം. സ്‌ട്രൈക്ക് റേറ്റ് കുറവാണെങ്കിലും ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഗില്ലും, സായിയും ആദ്യ പത്തിലുണ്ട്. നാലാമതുള്ള ഗില്‍ ആറു മത്സരങ്ങളില്‍ നിന്ന് 297 റണ്‍സെടുത്തു. വെറും 149.22 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്.
ബെംഗളൂരു: ആര്‍സിബിയോട് അഞ്ച് വിക്കറ്റിന് തോറ്റതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം. ഓപ്പണര്‍മാരായ സായ് സുദര്‍ശന്റെയും, ശുഭ്മാന്‍ ഗില്ലിന്റെയും മെല്ലെപ്പോക്ക് ടീമിന് ബാധ്യതയാകുന്നുവെന്നാണ് വിമര്‍ശനം. ആര്‍സിബിക്കെതിരെ സായ് സെഞ്ചുറി നേടിയെങ്കിലും, 100 തികയ്ക്കാന്‍ 57 പന്തുകള്‍ വേണ്ടി വന്നു. ക്യാപ്റ്റന്‍ കൂടിയായ ഗില്‍ 24 പന്തുകള്‍ നേരിട്ട് 32 റണ്‍സ് മാത്രമാണ് നേടിയത്. ഗില്ലാണ് കൂടുതല്‍ വിമര്‍ശനം നേരിടുന്നത്. മെല്ലെപ്പോക്ക് മൂലം പവര്‍പ്ലേ പോലും കാര്യമായി വിനിയോഗിക്കാനാകുന്നില്ലെന്നാണ് വിമര്‍ശനം. 11 ഫോറുകളും, അഞ്ച് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സായിയുടെ പ്രകടനം. 172.41 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. രണ്ട് ഫോറുകളും, ഒരു സിക്‌സും സഹിതമാണ് ഗില്‍ 32 റണ്‍സ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 133.33.
ബാറ്റിങിന് അനുകൂലമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായതെങ്കിലും, 205 റണ്‍സ് നേടാനെ ഗുജറാത്തിന് സാധിച്ചുള്ളൂ. അഞ്ചാമനായി ക്രീസിലെത്തിയ ജേസണ്‍ ഹോള്‍ഡറിന്റെ ബാറ്റിങാണ് 200 കടക്കാന്‍ ഗുജറാത്തിനെ സഹായിച്ചത്. പുറത്താകാതെ 10 പന്തില്‍ 23 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. ജോസ് ബട്ട്‌ലര്‍-16 പന്തില്‍ 25, വാഷിങ്ടണ്‍ സുന്ദര്‍-12 പന്തില്‍ 19 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.




ആര്‍സിബിയുടെ വിജയം
ഏഴു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ആര്‍സിബി വിജയലക്ഷ്യം മറികടന്നത്. 44 പന്തില്‍ 81 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ടോപ് സ്‌കോറര്‍. 27 പന്തില്‍ 55 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും, പുറത്താകാതെ 12 പന്തില്‍ 23 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയും തിളങ്ങി. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മറ്റ് ആര്‍സിബി ബാറ്റര്‍മാരുടെ സ്‌കോറുകള്‍: ജേക്കബ് ബെഥല്‍-10 പന്തില്‍ 14, രജത് പട്ടീദാര്‍-അഞ്ച് പന്തില്‍ എട്ട്, ജിതേഷ് ശര്‍മ-ആറു പന്തില്‍ 10, ടിം ഡേവിഡ്-ഒമ്പത് പന്തില്‍ 10 നോട്ടൗട്ട്.
സായ് സുദര്‍ശന്റെ ബാറ്റിങ്
A knock to remember 🌟#SaiSudharsan owned the innings and sealed with 💯#TATAIPL 2026 | #RCBvGT | LIVE NOW 👉https://t.co/1jQMWSlWnX pic.twitter.com/zUlKTc2bkc
— Star Sports (@StarSportsIndia) April 24, 2026
ഗില്ലും സായിയും
സ്‌ട്രൈക്ക് റേറ്റ് കുറവാണെങ്കിലും ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഗില്ലും, സായിയും ആദ്യ പത്തിലുണ്ട്. നാലാമതുള്ള ഗില്‍ ആറു മത്സരങ്ങളില്‍ നിന്ന് 297 റണ്‍സെടുത്തു. എന്നാല്‍ വെറും 149.22 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആദ്യ പത്തിലുള്ളവരില്‍ ഏറ്റവും കുറവ് സ്‌ട്രൈക്ക് റേറ്റ് ഗില്ലിനാണ്.
ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ പത്താമതാണ് സായ്. ഏഴു മത്സരങ്ങളില്‍ നിന്ന് നേടിയത് 235 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 155.62. റണ്‍സ് നേടുന്നുണ്ടെങ്കിലും മോശം സ്‌ട്രൈക്ക് റേറ്റാണ് ഇരുവര്‍ക്കുമെതിരെയുള്ള വിമര്‍ശനം ശക്തമാക്കുന്നത്. വ്യക്തിഗത നേട്ടങ്ങള്‍ക്കായാണ് ഇരുവരും കളിക്കുന്നതെന്നും, ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്നുമാണ് ആക്ഷേപം.
ഗുജറാത്തിന്റെ പ്രകടനം
ഗില്‍ നയിക്കുന്ന ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഏഴാമതാണ്. ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ചു. നാലു മത്സരങ്ങളില്‍ തോറ്റു. ഇതുവരെ സ്വന്തമാക്കിയത് ആറു പോയിന്റുകള്‍. നാളെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. ഉച്ചയ്ക്ക് 3.30-ന് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ചെന്നൈ-ഗുജറാത്ത് പോരാട്ടം.