IPL 2026 Auction: നാല് മത്സരം കളിക്കുന്ന ഇംഗ്ലിസിന് 8.6 കോടി; ഡികോക്കിന് ഒരു കോടി: ലേല മണ്ടത്തരങ്ങൾ ഇവ
IPL 2026 Auction Blunders: ഇത്തവണ ഐപിഎൽ ലേലത്തിൽ പതിവുപോലെ ഫ്രാഞ്ചൈസികൾ ചില മണ്ടത്തരങ്ങൾ കാണിച്ചിട്ടുണ്ട്. അവ പരിശോധിക്കാം.
ഐപിഎൽ ലേലത്തിൽ പലപ്പോഴും ടാക്ടിക്കൽ വാർ എന്നതിനപ്പുറം ഇമോഷനും ഈഗോയുമൊക്കെ കയ്യേറുന്ന അവസ്ഥകളുണ്ടാവാറുണ്ട്. ഇത്തവണ ലേലത്തിലും ഫ്രാഞ്ചൈസികൾക്ക് ഇത്തരം ചില അബദ്ധങ്ങളുണ്ടായി. ഈ ലേലമണ്ടത്തരങ്ങളിൽ പ്രധാനപ്പെട്ട ചിലത് നമുക്ക് പരിശോധിക്കാം.
ജോഷ് ഇംഗ്ലിസിനെ 8.6 കോടി രൂപയ്ക്ക് ലഖ്നൗ എടുത്തതാണ് ഏറ്റവും വലിയ മണ്ടത്തരം. മോശം താരമായതുകൊണ്ടല്ല. ഇത്തവണ ഐപിഎലിൽ താൻ ആകെ നാല് മത്സരങ്ങൾ മാത്രമേ കളിക്കൂ എന്ന് നേരത്തെ പറഞ്ഞിട്ടും ഈ തുക നൽകിയതാണ് മണ്ടത്തരം. വിക്കറ്റ് കീപ്പർമാരും ഓപ്പണർമാരും ടീമിൽ ഇഷ്ടം പോലെ ഉണ്ട്. ഇംഗ്ലിസ് ഒരു കളി പോലും കളിച്ചേക്കില്ല. പണ്ടേ ഈഗോയുടെ ആശാനായ സഞ്ജീവ് ഗോയങ്ക ഹൈദരാബാദുമായി പോരടിച്ചാണ് ഇംഗ്ലിസിനെ സ്വന്തമാക്കിയത്.
Also Read: IPL 2026 Auction: കാമറൂൺ ഗ്രീൻ മുതൽ പ്രശാന്ത് വീർ വരെ; ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ
ക്വിൻ്റൺ ഡികോക്കിനെ ഒരു കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയത് മറ്റൊരു മണ്ടത്തരം. മുംബൈയുടെ മണ്ടത്തരമല്ല, മറ്റ് ടീമുകളുടെ മണ്ടത്തരം. മുംബൈ തന്നെ ആവശ്യപ്പെട്ടിട്ടാണ് ഡികോക്ക് ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത്. മുംബൈ പഴ്സിൽ ആകെയുള്ളത് മൂന്ന് കോടിയിൽ താഴെ. ഇതൊക്കെ മറ്റ് ഫ്രാഞ്ചൈസികൾക്ക് അറിയാം. എന്നിട്ടും അടിസ്ഥാന വിലയിൽ ഡികോക്ക് മുംബൈയിലെത്തി.
മതീഷ പതിരനയ്ക്ക് 18 കോടി നൽകിയ കൊൽക്കത്തയും ഈഗോയിൽ വീണതാണ്. ബൗളിംഗ് ആക്ഷനിൽ ചെറിയ മാറ്റം വരുത്തിയതിനാൽ കഴിഞ്ഞ സീസണിൽ ഓവറിൽ 10 റൺസിന് മുകളിൽ വഴങ്ങിയ താരമാണ് പതിരന. 13 വിക്കറ്റ് ഉണ്ടായിരുന്നെങ്കിലും പതിരനയുടെ പത വന്നു എന്ന് മനസ്സിലാക്കിയാണ് ചെന്നൈ റിലീസ് ചെയ്തത്. ഈ സീസണിൽ കണ്ടറിയണം.
കാർത്തിക് ശർമ്മയ്ക്ക് 14.20 കോടി രൂപ നൽകിയ ചെന്നൈയുടെ തന്ത്രവും മനസ്സിലാവുന്നില്ല. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ഉള്ളതിനാൽ ബാക്കപ്പാവും കാർത്തിക്. നാലാം നമ്പറിൽ കളിക്കുന്ന കാർത്തികിനെ ഉൾക്കൊള്ളിക്കാൻ ചെന്നൈയിൽ ഇടമില്ല. പിന്നെ എന്തിന് ഇത്ര ഉയർന്ന എന്ന ചോദ്യമാണ് ഉയരുന്നത്.