Mumbai Indians: ‘ആരും ഹാർദിക്കിനൊപ്പം നിൽക്കുന്നില്ല, അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നില്ല’
Mumbai Indians Face Playoff Elimination: ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍ നിന്ന് നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി അഭിപ്രായപ്പെട്ടു. മുംബൈയുടെ കാര്യം നേരത്തെ തന്നെ കഴിഞ്ഞതാണ്. ആരും ഹാർദിക്കിനൊപ്പം നിൽക്കുന്നില്ലെന്നാണ് തോന്നുന്നതെന്ന് തിവാരി.

ഹാർദിക് പാണ്ഡ്യ
മുംബൈ, 4-5-2026: ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് എട്ട് വിക്കറ്റിന് തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം മാത്രമാണ് സ്വന്തമാക്കിയത്. നിലവില്‍ പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ് മുന്‍ ചാമ്പ്യന്‍മാര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മാത്രമാണ് പിന്നിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ടീമിനില്‍ ഒത്തൊരു കൊണ്ടുവരുന്നതിലും, മികച്ച ആസൂത്രണങ്ങള്‍ മെനഞ്ഞെടുക്കുന്നതിലും ഹാര്‍ദ്ദിക് പരാജയപ്പെട്ടെന്നാണ് ആക്ഷേപം. വമ്പന്‍ താരനിര ഉണ്ടെങ്കിലും ഈ സീസണിൽ മുംബൈ ഇന്ത്യന്‍സ് അക്ഷരാർത്ഥത്തിൽ പതറുകയാണ്.
പരിക്കേറ്റ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏതാനും മത്സരങ്ങളായി കളിക്കുന്നില്ല. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് പഴയ പ്രതാപമില്ല. ഐപിഎൽ 2026-ലെ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെയോ വിക്കറ്റ് വേട്ടക്കാരുടെയോ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മുംബൈയുടെ ഒരു താരം പോലും ഇടംപിടിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല
അതേസമയം, ഹാര്‍ദ്ദിക്കിന് ടീമില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി അഭിപ്രായപ്പെട്ടു. മുംബൈയുടെ കാര്യം നേരത്തെ തന്നെ കഴിഞ്ഞതാണ്. ഒരു ക്യാപ്റ്റൻ എല്ലാ കളിക്കാരുടെയും ആത്മവിശ്വാസം നേടിയെടുക്കണം. ക്യാപ്റ്റൻ ഒരു യഥാർത്ഥ നേതാവായിരിക്കണം. എന്നാൽ ആരും ഹാർദിക്കിനൊപ്പം നിൽക്കുന്നില്ലെന്നാണ് തോന്നുന്നത്. അദ്ദേഹത്തിന് ലഭിക്കേണ്ട പിന്തുണ അവിടെയില്ലെന്ന് മനോജ് തിവാരി ക്രിക്ബസിനോട് സംസാരിക്കവേ പറഞ്ഞു.
Also Read: Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിന് ഇനി പുതിയ ഉടമസ്ഥര്‍; 15,600 കോടിയുടെ ഇടപാട്
നായകൻ എന്ന നിലയിൽ ഹാർദിക്കിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം നന്നായി കളിക്കുന്നില്ലെന്നും മനോജ് തിവാരി വിമര്‍ശിച്ചു. മറ്റ് താരങ്ങളും ഉത്തരവാദിത്തം ഏറ്റെടുക്കണം. സൂര്യകുമാർ യാദവ് സ്ഥിരത പുലർത്തുന്നില്ലെന്നും തിലക് വർമ്മ ഒരു മത്സരത്തിൽ തിളങ്ങിയാൽ അടുത്ത കളിയിൽ പരാജയപ്പെടുകയാണെന്നും മനോജ് തിവാരി ചൂണ്ടിക്കാട്ടി. ടീമിലെ ഇത്തരത്തിലുള്ള അസ്ഥിരത വെച്ച് എങ്ങനെ മികച്ച ഫലം ഉണ്ടാക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
മുംബൈയുടെ കഥ കഴിഞ്ഞു?
മുംബൈയുടെ സീസൺ ഏകദേശം അവസാനിച്ചതായാണ് വിശ്വസിക്കുന്നതെന്ന് മുന്‍ താരം മുരളി കാര്‍ത്തിക്കും അഭിപ്രായപ്പെട്ടു. ഇനി അഞ്ച് മത്സരങ്ങളാണ് അവർക്ക് അവശേഷിക്കുന്നത്. ബാക്കിയുള്ള അഞ്ച് മത്സരങ്ങളും ജയിച്ചാൽ പോലും അവർക്ക് പരമാവധി 14 പോയിന്റ് മാത്രമേ ലഭിക്കൂവെന്ന് മുരളി കാര്‍ത്തിക്ക് പറഞ്ഞു. ഇത് തങ്ങളുടെ സീസണ്‍ അല്ലെന്നാണ് തോന്നുന്നതെന്ന് ചെന്നൈയ്‌ക്കെതിരായ മത്സരശേഷം ഹാര്‍ദ്ദിക് പാണ്ഡ്യയും പ്രതികരിച്ചിരുന്നു. അതേസമയം, ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ലഖ്‌നൗവിനെ നേരിടും. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള രണ്ട് ടീമുകളാണ് ഏറ്റുമുട്ടുന്നത്.
English Summary
Mumbai Indians are struggling in IPL 2026. They have won only two matches and are ninth in the points table. Manoj Tiwary believes the players are not supporting captain Hardik Pandya. It is now nearly impossible for the team to reach the playoffs.