Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിന് ഇനി പുതിയ ഉടമസ്ഥര്‍; 15,600 കോടിയുടെ ഇടപാട്
Rajasthan Royals New Owners: രാജസ്ഥാന്‍ റോയല്‍സിന്റെ ഭൂരിഭാഗം ഓഹരികളും ലക്ഷ്മി എന്‍ മിത്തലും, മകന്‍ ആദിത്യ മിത്തലും, അദാര്‍ പൂനവാലയുമായി ചേര്‍ന്ന് സ്വന്തമാക്കി. ലക്ഷ്മി എൻ. മിത്തൽ, ആദിത്യ മിത്തൽ, വാനിഷ മിത്തൽ-ഭട്ടിയ, ആദർ പൂനവല്ല, മനോജ് ബദാലെ എന്നിവരടങ്ങുന്നതായിരിക്കും പുതിയ ബോർഡ്.
ജയ്പുര്‍, 4-5-2026: രാജസ്ഥാന്‍ റോയല്‍സിന്റെ ഭൂരിഭാഗം ഓഹരികളും പ്രമുഖ വ്യവസായി ലക്ഷ്മി എന്‍ മിത്തലും, മകന്‍ ആദിത്യ മിത്തലും, അദാര്‍ പൂനവാലയുമായി ചേര്‍ന്ന് സ്വന്തമാക്കി. 1.65 ബില്യൺ യുഎസ് ഡോളറിനാണ് (ഏകദേശം 15,600 കോടി രൂപ) ഓഹരികള്‍ സ്വന്തമാക്കിയത്. കൽ സോമാനി-റോബ് വാൾട്ടൺ-ഷീല ഫോർഡ് ഹാംപ് കൺസോർഷ്യം മത്സരത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്നാണ് ലക്ഷ്മി എന്‍ മിത്തലും, ആദിത്യ മിത്തലും, അദാര്‍ പൂനവാലയുമായി ചേര്‍ന്ന് റോയല്‍സിനെ വാങ്ങിയത്. രാജസ്ഥാൻ റോയൽസിന്റെ മറ്റ് ഫ്രാഞ്ചെസികളായ പാർൾ റോയൽസ്, ബാർബഡോസ് റോയൽസ് എന്നിവയടക്കമാണ് സ്വന്തമാക്കിയത്.
മനോജ് ബദാലെയും കൺസോർഷ്യവും നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കുന്നതിനായി അദാർ പൂനവാലയുമായി പങ്കാളിത്തത്തിൽ കരാറിലെത്തിയതായി മിത്തൽ കുടുംബം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ബിസിസിഐ, സിസിഐ, ഐപിഎൽ ഗവേണിംഗ് കൗൺസിൽ, മറ്റ് പ്രസക്തമായ നിയന്ത്രണ അതോറിറ്റികൾ എന്നിവയുടെ അംഗീകാരത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കരാര്‍ പൂര്‍ത്തിയാകും.
1.63 ബില്യൺ ഡോളർ
സോമാനിയുടെ നേതൃത്വത്തിലുള്ള യുഎസ് ആസ്ഥാനമായുള്ള കൺസോർഷ്യം 1.63 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ നീക്കം വിവിധ പ്രശ്‌നങ്ങളാല്‍ പരാജയപ്പെട്ടു. രാജസ്ഥാൻ റോയൽസിന്റെ ഏകദേശം 75 ശതമാനം ഓഹരികൾ മിത്തൽ കുടുംബത്തിനായിരിക്കും. ബാക്കിയുള്ള ഏകദേശം 18 ശതമാനം ഓഹരികൾ അദാർ പൂനവല്ലയുടെ കൈവശമായിരിക്കും. ഏകദേശം 7 ശതമാനം മനോജ് ബദലെ ഉൾപ്പെടെയുള്ള നിലവിലുള്ള നിക്ഷേപകരുടെ കൈവശമായിരിക്കും.




Also Read: IPL Updates: സൺറൈസേഴ്സിൻ്റെ നീക്കം പാളി, കൊൽക്കത്തക്ക് ഏഴ് വിക്കറ്റ് ജയം
ലക്ഷ്മി എൻ. മിത്തൽ, ആദിത്യ മിത്തൽ, വാനിഷ മിത്തൽ-ഭട്ടിയ, ആദർ പൂനവല്ല, മനോജ് ബദാലെ എന്നിവരടങ്ങുന്നതായിരിക്കും പുനഃസംഘടിപ്പിച്ച പുതിയ ബോർഡ്. രാജസ്ഥാന്‍ റോയല്‍സിനെ തുടര്‍ന്നും മനോജ് ബദാലെ പിന്തുണയ്ക്കുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഫ്രാഞ്ചൈസിയുടെ ഭൂതകാലത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്ന പാലമായി അദ്ദേഹം തുടരും. തന്റെ ആഴത്തിലുള്ള അറിവും പരിചയസമ്പത്തും അദ്ദേഹം ടീമിന് നൽകുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
രാജസ്ഥാന്‍ ബന്ധം
രാജസ്ഥാന്‍ സ്വദേശിയാണ് ലക്ഷ്മി എന്‍ മിത്തല്‍. രാജസ്ഥാനിലെ സദുല്‍പൂരിലായിരുന്നു ജനനം. തനിക്ക് ക്രിക്കറ്റ് വളരെ ഇഷ്ടമാണെന്നും, തന്റെ കുടുംബം രാജസ്ഥാനില്‍ നിന്നാണെന്ന്, രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാകാനാണ് താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പ്രതിഭകളെ വളര്‍ത്തുന്നതില്‍ റോയല്‍സ് പ്രശസ്തമാണെന്നും, അത് തന്നെ സ്പര്‍ശിച്ചെന്നും ആദിത്യ മിത്തൽ പറഞ്ഞു. ലോകത്തെ മികച്ച പ്രതിഭകളെ ഉപയോഗപ്പെടുത്തി ഭാവിയിൽ മികച്ച വിജയങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. രാജസ്ഥാൻ റോയൽസിനെ വളർത്തിയെടുക്കാൻ സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ആദിത്യ മിത്തലുമായി ചേരുന്നതിൽ സന്തോഷമുണ്ടെന്നും രാജസ്ഥാൻ റോയൽസിന്റെ ദീർഘകാല വിജയത്തിനായി പ്രവർത്തിക്കുമെന്നും അദാർ പൂനവാല പറഞ്ഞു.
English Summary
The Mittal family and Adar Poonawalla have acquired a majority stake in the Rajasthan Royals for USD 1.65 billion. This major deal includes the IPL team along with its franchises in South Africa and the Caribbean. The Mittals will own 75% of the team, while existing owner Manoj Badale will remain on the board. The transaction is expected to officially close in the third quarter of 2026.