IPL 2026: അമരത്ത് പാറ്റ് കമ്മിന്‍സ് തന്നെ, നായകനെ മാറ്റാതെ ഓറഞ്ച് ആര്‍മി
Pat Cummins to lead SRH in IPL 2026: തുടര്‍ച്ചയായ മൂന്നാം സീസണിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഓസീസ് താരം പാറ്റ് കമ്മിന്‍സ് നയിക്കും. ട്വിറ്ററില്‍ കമ്മിന്‍സിന്റെ ചിത്രം പങ്കുവച്ചാണ് എസ്ആര്‍ച്ച് ഇക്കാര്യം സൂചിപ്പിച്ചത്

പാറ്റ് കമ്മിൻസ്
ഹൈദരാബാദ്: ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം സീസണിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഓസീസ് താരം പാറ്റ് കമ്മിന്‍സ് നയിക്കും. ട്വിറ്ററില്‍ കമ്മിന്‍സിന്റെ പങ്കുവച്ചാണ് എസ്ആര്‍ച്ച് ഇക്കാര്യം സൂചിപ്പിച്ചത്. 2024ലാണ് പാറ്റ് കമ്മിന്‍സ് ആദ്യമായി എസ്ആര്‍ച്ച് നായകനാകുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ഐഡന്‍ മര്‍ക്രമിന്റെ പിന്‍ഗാമിയായാണ് കമ്മിന്‍സ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. 2025ലും പാറ്റ് കമ്മിന്‍സ് ഓറഞ്ച് ആര്‍മിയെ നയിച്ചു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഡൽഹി ക്യാപിറ്റൽസിനും വേണ്ടി കമ്മിൻസ് നേരത്തെ കളിച്ചിട്ടുണ്ട്. 2024ല്‍ 20.5 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ എസ്ആര്‍ച്ച് സ്വന്തമാക്കിയത്. 2025ല്‍ 18 കോടിയായിരുന്നു തുക.
നിലവില്‍ ആഷസ് പരമ്പരയ്ക്കുള്ള തിരക്കിലാണ് പാറ്റ് കമ്മിന്‍സ്. പെർത്തിൽ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിൽ നിന്ന് പുറംവേദനയെത്തുടർന്ന് താരത്തെ ഒഴിവാക്കിയിട്ടുണ്ട്. ബ്രിസ്ബേനിൽ നടക്കുന്ന രണ്ടാം മത്സരത്തില്‍ പാറ്റ് കമ്മിന്‍സ് കളിക്കുമെന്നാണ് പ്രതീക്ഷ. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് ഓസീസിനെ നയിക്കും. നവംബര്‍ 21നാണ് മത്സരം ആരംഭിക്കുന്നത്. ബ്രിസ്‌ബേനിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ നാലിന് ആരംഭിക്കും.
അതേസമയം, ഇത്തവണ താരലേലത്തിന് സണ്‍റൈസേഴ്‌സിന് 25.50 കോടി രൂപ ചെലവഴിക്കാം. ആകെ തുകയില്‍ 99.50 കോടി രൂപയാണ് സണ്‍റൈസേഴ്‌സ് ഇതുവരെ ചെലവഴിച്ചത്. രണ്ട് വിദേശ താരങ്ങളെ ഉള്‍പ്പെടെ 10 പേരെ ലേലത്തിലൂടെ ടീമിലെത്തിക്കാനാകും. അഭിനവ് മനോഹര്‍, ആദം സാമ്പ, അതര്‍വ ടെയ്ഡ്, രാഹുല്‍ ചഹര്‍, സച്ചിന്‍ ബേബി, സിമര്‍ജിത് സിങ്, വിയാന്‍ മള്‍ഡര്‍ എന്നിവരെ ഒഴിവാക്കി.
അഭിഷേക് ശർമ്മ, അനികേത് വർമ, ബ്രൈഡൺ കാർസെ, ഇഷാൻ മലിംഗ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ഹെൻറിച്ച് ക്ലാസൻ, ഇഷാൻ കിഷൻ, ജയ്ദേവ് ഉനദ്കട്ട്, കമിന്ദു മെൻഡിസ്, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ്, സ്മരൺ രവിചന്ദരൻ, ട്രാവിസ് ഹെഡ്, സീഷൻ അൻസാരി എന്നിവരാണ് ടീമിലുള്ളത്.
സണ്‍റൈസേഴ്‌സിന്റെ ട്വീറ്റ്
P.S. 𝘞𝘦 𝘢𝘭𝘭 𝘨𝘰𝘯𝘯𝘢 𝘭𝘰𝘷𝘦 𝘵𝘩𝘪𝘴 😉🧡
Pat Cummins | #PlayWithFire pic.twitter.com/r4gtlypAY9
— SunRisers Hyderabad (@SunRisers) November 17, 2025