IPL 2027: ചെന്നൈയല്ല; ഹാര്ദ്ദിക്കിനെ സ്വന്തമാക്കുന്നത് മറ്റൊരു ഫ്രാഞ്ചെസി? സാധ്യതകള് വ്യക്തമാക്കി മുന്താരം
IPL 2027 Trade: ഐപിഎല്ലിന് മുന്നോടിയായി ഒരു 'ട്രേഡ്' നടക്കുകയാണെങ്കിൽ, ഹാർദിക്കിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസിന് കൂടുതൽ സാധ്യതയുണ്ടെന്നും അശ്വിൻ സൂചിപ്പിച്ചു. അതേസമയം, ഐപിഎൽ 2027 മിനി ലേലം ഡിസംബർ 16-ന് ഗോവയിൽ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.

Hardik Pandya IPL Trade
അടുത്ത ഐപിഎല് സീസണില് ഹാര്ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്സ് വിട്ട് ചെന്നൈ സൂപ്പര് കിങ്സിലെത്താനുള്ള സാധ്യത കുറവാണെന്ന് മുന് താരം ആര് അശ്വിന്. എംഎസ് ധോണി മുൻകൈയെടുത്ത് ഹാർദിക്കിനെ ടീമിലെത്തിക്കുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കെയാണ് അശ്വിന്റെ ഈ നിരീക്ഷണം. 2027-ലെ ഐപിഎല്ലിന് മുന്നോടിയായി ഒരു ‘ട്രേഡ്’ നടക്കുകയാണെങ്കിൽ, ഹാർദിക്കിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസിന് കൂടുതൽ സാധ്യതയുണ്ടെന്നും അശ്വിൻ സൂചിപ്പിച്ചു. നവംബർ 15-നകം നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചെസികള്ക്ക് സമര്പ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് എന്തെങ്കിലും ട്രേഡുകള് നടക്കാന് സാധ്യതയുണ്ടെങ്കില്, അതുമായി ബന്ധപ്പെട്ടുള്ള സൂചനകള് വൈകാതെ പുറത്തുവന്നേക്കും.
“ഹാർദിക് പാണ്ഡ്യയെ സിഎസ്കെയിലെത്തിക്കാൻ ധോണി വ്യക്തിപരമായി ശ്രമിക്കുമെന്ന തരത്തിലുള്ള സംസാരങ്ങൾ നടക്കുന്നുണ്ട്. ഹാര്ദ്ദിക് വന്നാല് അത് സിഎസ്കെയ്ക്ക് മുതല്ക്കൂട്ടാകും. എന്നാൽ എന്റെ അഭിപ്രായത്തിൽ, അതൊരു വിദൂര സാധ്യത മാത്രമാണ്”- അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
രാജസ്ഥാൻ റോയൽസ് ഈ കാര്യത്തിൽ മുന്നിലുണ്ടാകാൻ സാധ്യതയുണ്ടെന്നും അശ്വിൻ സൂചിപ്പിച്ചു. താന് കേട്ടറിഞ്ഞതനുസരിച്ച്, ഹാര്ദ്ദിക്കിനെ ട്രേഡ് ചെയ്യുന്ന കാര്യത്തില് റോയല്സാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സഹീർ ഖാൻ ഹെഡ് കോച്ചായി നിയമിതനായതിനെത്തുടർന്ന് ഹാർദിക് സിഎസ്കെയിൽ ചേരാനുള്ള സാധ്യതകൾ മങ്ങിയതായി ‘ക്രിക്ക്ബസ്’ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിൽ സഹീർ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹവും ഹാർദിക്കും തമ്മില് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഹാർദിക്കിനായുള്ള ട്രേഡ് ചർച്ചകളിൽ മുംബൈ ഇന്ത്യൻസ് പല ഫ്രാഞ്ചൈസികളുമായും ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
ലേലം ഡിസംബർ 16-ന്
അതേസമയം, ഐപിഎൽ 2027 മിനി ലേലം ഡിസംബർ 16-ന് ഗോവയിൽ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇതാദ്യമായാണ് ലേലം ഇന്ത്യയിൽ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ദുബായ് (2023), ജിദ്ദ (2024), അബുദാബി (2025) എന്നിവിടങ്ങളിലായിരുന്നു ലേലം നടന്നിരുന്നത്.
നിലനിർത്തുന്നവരുടെയും ഒഴിവാക്കുന്നവരുടെയും അന്തിമ പട്ടിക നവംബർ 15-നകം സമർപ്പിക്കാൻ ഫ്രാഞ്ചെസികള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഐപിഎൽ 2027 സീസണിൽ ഓസ്ട്രേലിയൻ താരങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തത വരേണ്ടതുണ്ട്. അവരുടെ തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂൾ ആണ് ഇതിന് കാരണം.
English Summary
Ravichandran Ashwin has dismissed rumours of Hardik Pandya joining Chennai Super Kings. He suggested that Rajasthan Royals are leading the race to sign Hardik in a potential trade. The BCCI has officially confirmed that the IPL 2027 mini-auction will take place in Goa on December 16.