IPL Auction 2026: ചെന്നൈക്ക് വേണ്ടത് ഓൾറൗണ്ടർമാരെ; ഗ്രീൻ മഞ്ഞ ജഴ്സി അണിയുമോ?
CSK Need Allrounders: ചെന്നൈ സൂപ്പർ കിംഗ്സിന് ഇനി ആവശ്യം ഒരു വിദേശ ഓൾറൗണ്ടറാണ്. പഴ്സിൽ 43 കോടി രൂപ ബാക്കിയുണ്ട്. ഇതോടെ കാമറൂൺ ഗ്രീൻ ടീമിലെത്താനുള്ള സാധ്യതയാണ് തുറക്കുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സ്
ചെന്നൈ സൂപ്പർ കിംഗ്സ് ഒരു ഗംഭീര ടീമുമായാണ് ഐപിഎൽ മിനി ലേലത്തിനെത്തുന്നത്. സഞ്ജു സാംസൺ ടീമിലെത്തിയതോടെ ടീമിൻ്റെ കരുത്ത് ഇരട്ടിയായിട്ടുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ശക്തമായ സ്ക്വാഡിൽ ഇനി വേണ്ടത് ഒരു വിദേശ ഓൾറൗണ്ടറും ബാക്കപ്പ് പേസ് ഓപ്ഷനുമാണ്. പഴ്സിൽ 43 കോടി രൂപ ഉള്ളതിനാൽ കാമറൂൺ ഗ്രീൻ ചെന്നൈയിലെത്താനുള്ള സാധ്യത വളരെ അധികമാണ്.
നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ കുറവുള്ളത് ഒരു വിദേശ ഓൾറൗണ്ടറാണ്. സാം കറൻ ടീം വിട്ട സാഹചര്യത്തിൽ കാമറൂൺ ഗ്രീൻ, ലിയാം ലിവിങ്സ്റ്റൺ, ഡാരിൽ മിച്ചൽ, വിയാൻ മുൾഡർ തുടങ്ങിയ വിദേശതാരങ്ങൾക്കൊപ്പം വെങ്കടേഷ് അയ്യർ, ധർമേന്ദ്രസിംഗ് ജഡേജ, അഹമ്മദ് ഇമ്രാൻ തുടങ്ങി ഇന്ത്യൻ ഓപ്ഷനുകളുമുണ്ട്. പേസ് ബാക്കപ്പ് ഓപ്ഷനുകളായി ആഖിബ് നബി, മുസ്തഫിസുർ റഹ്മാൻ തുടങ്ങിയ താരങ്ങളും ലേലത്തിലെത്തും. മതീഷ പതിരനയ്ക്ക് പകരക്കാരനായാണ് ചെന്നൈ പേസ് ബാക്കപ്പ് താരത്തെ പരിഗണിക്കുന്നത്. ജഡേജയ്ക്ക് പകരം താരത്തെ ചെന്നൈ പരിഗണിച്ചേക്കില്ല.
Also Read: ICC: ഐസിസി മത്സരങ്ങളുടെ സംപ്രേഷണത്തിൽ നിന്ന് ജിയോസ്റ്റാർ പിന്മാറിയോ?; ഔദ്യോഗിക പ്രതികരണം ഇങ്ങനെ
തനിക്ക് മൂന്നാം നമ്പറിൽ കളിക്കണമെന്ന് ഋതുരാജ് ഗെയ്ക്വാദ് കഴിഞ്ഞ സീസണിൽ ആവശ്യപ്പെട്ടതോടെ ആയുഷ് മാത്രെയ്ക്കൊപ്പം സഞ്ജു തന്നെയാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. തുടർന്ന് ഋതുരാജ് ഗെയ്ക്വാദ്, ഡെവാൾഡ് ബ്രെവിസ്, ഉർവിൽ പട്ടേൽ, ശിവം ദുബെ, എംഎസ് ധോണി എന്നിവർ കളിക്കും. ഇതിനിടയിൽ വിദേശ ഓൾറൗണ്ടർ. നൂർ അഹ്മദ്, നഥാൻ എല്ലിസ്, ഖലീൽ അഹ്മദ്. ഇംപാക്ട് താരമായി അൻഷുൽ കംബോജിനെയും ശ്രേയാസ് ഗോപാലിനെയും പരിഗണിക്കാം. ഒരു സ്പിൻ ഓപ്ഷൻ കൂടി ആവശ്യമെങ്കിൽ ഉർവിൽ പട്ടേലിന് പകരം ശ്രേയാസ് എത്തും.
ഈ മാസം 16നാണ് ഐപിഎൽ മിനി ലേലം. അബുദാബിയിൽ നടക്കുന്ന ലേലത്തിൽ കാമറൂൺ ഗ്രീൻ വിലയേറിയ താരമാവുമെന്നാണ് കണക്കുകൂട്ടൽ.