Sanju Samson: വൈസ് ക്യാപ്റ്റനാണെന്നൊന്നും നോക്കേണ്ട, ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കൂ ! ടീം മാനേജ്‌മെന്റിനോട് മുന്‍താരം
Sanju Samson hasn’t received enough chances: സഞ്ജു സാംസണ്‍ മികച്ച താരമാണെന്നും, അദ്ദേഹത്തിന് വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്നും മുഹമ്മദ് കൈഫ്. താരങ്ങളുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കരുതെന്നും കൈഫ്
സഞ്ജു സാംസണ്‍ മികച്ച താരമാണെന്നും, അദ്ദേഹത്തിന് വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്നും മുന്‍ താരം മുഹമ്മദ് കൈഫ്. താരങ്ങളുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കരുതെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന് വിശ്രമം നല്‍കണമെന്നും, വൈസ് ക്യാപ്റ്റന്‍മാരെ പുറത്താക്കിയ ചരിത്രം നേരത്തെയുമുണ്ടെന്നും കൈഫ് പറഞ്ഞു. അഭിഷേക് ശര്‍മയ്‌ക്കൊപ്പം അഗ്രസീവ് ബാറ്ററായ സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കൈഫ് ചൂണ്ടിക്കാട്ടി.
ഗില്‍ ഔട്ടാകുന്ന രീതികളെ കൈഫ് വിമര്‍ശിച്ചു. സ്ലിപ്പില്‍ ക്യാച്ച് നല്‍കിയും, സ്റ്റെപ്പ് ഔട്ട് ചെയ്യുമ്പോള്‍ ടൈമിങ് പിഴച്ചുമാണ് ഗില്‍ പുറത്താകുന്നത്. അഭിഷേക് ശര്‍മയെ പോലെ അഗ്രസീവ് സ്‌ട്രോക്കുകള്‍ക്ക് ശ്രമിക്കുമ്പോള്‍ ഗില്‍ ക്യാച്ച് നല്‍കി ഔട്ടാവുകയാണെന്നും കൈഫ് ചൂണ്ടിക്കാട്ടി.
അദ്ദേഹം എല്ലാം പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ഒരു ഇടവേള നൽകാനും കഴിവ് തെളിയിച്ച താരങ്ങള്‍ക്ക് അവസരം നല്‍കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. സഞ്ജുവിന് വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. ഇരട്ടത്താപ്പ് പാടില്ല. വൈസ് ക്യാപ്റ്റന്‍മാരെ നേരത്തെയും ഒഴിവാക്കിയിട്ടുണ്ടെന്നും മുന്‍താരം വ്യക്തമാക്കി.
ജയ്‌സ്വാളിനെപ്പോലുള്ള കളിക്കാരെ പുറത്താക്കി. സഞ്ജു സാംസൺ ഒരു ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സ്ഥിരമായി അവസരങ്ങൾ നൽകാതെ അദ്ദേഹത്തെ ബെഞ്ചിലിരുത്തി. അഞ്ച് ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ അദ്ദേഹം നേടി. ചരിത്രത്തിൽ ആരും ഇതുവരെ അങ്ങനെ നേടിയിട്ടില്ല. ചില കളിക്കാർക്ക് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ഇപ്പോള്‍ മാറ്റത്തിന് സമയമായെന്നും കൈഫ് വ്യക്തമാക്കി.
ശുഭ്മാൻ ഗില്ലിന് ഒരേസമയം ടെസ്റ്റ് നായകൻ, ഏകദിന നായകൻ, ടി20 വൈസ് നായകൻ എന്നിങ്ങനെ വളരെയധികം ഉത്തരവാദിത്തങ്ങൾ ലഭിച്ചു. ഒരു കളിക്കാരനും അത്രയും ഭാരം ഒരേസമയം വഹിക്കാൻ കഴിയില്ല. അത് സാധ്യമല്ല. ഉത്തരവാദിത്തങ്ങൾ ക്രമേണയാണ് നല്‍കേണ്ടതെന്നും മുഹമ്മദ് കൈഫ് വ്യക്തമാക്കി. ഐപിഎൽ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നിവയ്‌ക്കെതിരായ അന്താരാഷ്ട്ര ക്രിക്കറ്റ് തികച്ചും വ്യത്യസ്തമായ തലത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.