ICC: ഐസിസി മത്സരങ്ങളുടെ സംപ്രേഷണത്തിൽ നിന്ന് ജിയോസ്റ്റാർ പിന്മാറിയോ?; ഔദ്യോഗിക പ്രതികരണം ഇങ്ങനെ
JioStar - ICC Broadcasting: ഐസിസി മത്സരങ്ങളുടെ സംപ്രേഷണത്തിൽ നിന്ന് ജിയോസ്റ്റാർ പിന്മാറിയെന്ന വാർത്തകളിൽ ഔദ്യോഗിക പ്രതികരണം. സംയുക്ത വാർത്താകുറിപ്പിലൂടെയാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്.
ഐസിസി ഇവൻ്റുകളുടെ സംപ്രേഷണത്തിൽ നിന്ന് ജിയോസ്റ്റാർ പിന്മാറിയെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്, ജിയോസ്റ്റാറിനുണ്ടായ കനത്ത സാമ്പത്തിക നഷ്ടം കാരണമാണ് ഇത്തരം ഒരു തീരുമാനമെടുത്തത് എന്നും അഭ്യൂഹങ്ങൾ പുറത്തുവന്നു. വിഷയത്തിൽ ഇരു കമ്പനികളും ചേർന്ന് ഇപ്പോൾ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടു.
അടുത്ത രണ്ട് വർഷത്തേക്ക് കൂടിയാണ് ജിയോസ്റ്റാറും ഐസിസിയും തമ്മിൽ കരാറുണ്ടായിരുന്നത്. 2026 ഐസിസി ടി20 ലോകകപ്പ് ഉൾപ്പെടെ ജിയോസ്റ്റാർ ആണ് സംപ്രേഷണം ചെയ്യേണ്ടിയിരുന്നത്. ഇതുൾപ്പെടെ ഇനി ജിയോസ്റ്റാർ സംപ്രേഷണം ചെയ്യില്ലെന്നായിരുന്നു സോഷ്യൽ മീഡിയയിലെ അവകാശവാദം. ഇക്കാര്യം ഐസിസിയെ ജിയോസ്റ്റാർ അറിയിച്ചു എന്നും അഭ്യൂഹങ്ങൾ പരന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ ഐസിസിയും ജിയോസ്റ്റാറും പ്രതികരിച്ചത്.
‘ഇന്ത്യയിൽ ഐസിസി മത്സരങ്ങളുടെ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഐസിസിയും ജിയോസ്റ്റാറും ശ്രദ്ധിച്ചു. ഈ റിപ്പോർട്ടുകൾക്ക് രണ്ട് സംഘടനകളുമായും ബന്ധമില്ല. ഐസിസിയും ജിയോസ്റ്റാറുമായുള്ള കരാർ ഇപ്പോഴും നിലവിലുണ്ട്. ഇന്ത്യയിൽ ജിയോസ്റ്റാർ തന്നെ ഐസിസിയുടെ മീഡിയ പാർട്ണർ ആയി തുടരും. കരാറിൽ നിന്ന് പിന്മാറിയെന്ന അഭ്യൂഹം തെറ്റാണ്. കരാർ പൂർത്തീകരിക്കുന്നതിൽ ജിയോസ്റ്റാർ പ്രതിജ്ഞാബദ്ധരാണ്. ടി20 ലോകകപ്പ് ഉൾപ്പെടെ ഐസിസി ഇവൻ്റുകൾ ഇന്ത്യയിൽ സംപ്രേഷനം ചെയ്യുന്നതിൽ ഇരു സംഘടനകളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.’- ഐസിസിയുടെയും ജിയോസ്റ്റാറിൻ്റെയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് ബില്ല്യൺ ഡോളറിൻ്റെ കരാറാണ് ഐസിസിയും ജിയോസ്റ്റാറും തമ്മിലുള്ളത്.
ഇക്കൊല്ലം നടന്ന വനിതാ ലോകകപ്പ് ആണ് ഐസിസി ഇവൻ്റായി അവസാനം നടന്നത്. ഇതിൽ ഇന്ത്യ ജേതാക്കളായിരുന്നു. അടുത്ത വർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് 2026 ഐസിസി ടി20 ലോകകപ്പ്. പാകിസ്താൻ, യുഎസ്എ, നമീബിയ, നെതർലൻഡ്സ് എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ.